
ലോകമാകെ ആരാധകരെ സമ്പാദിക്കാൻ സാധിക്കുന്നവയാണ് കലാകായികരംഗങ്ങൾ. ഇതിൽത്തന്നെ ശതകോടികൾ വരുമാനം ലഭിക്കുന്ന മേഖലയാണ് കായികരംഗം. കഴിഞ്ഞദിവസം ഇന്ത്യയിലെ ക്രിക്കറ്റ് മാമാങ്കം ഐപിഎല്ലിന്റെ 2025 സീസണിലെ താരലേലത്തിന്റെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ഇതുവരെ ഐപിഎൽ ലേലത്തിൽ ഏറ്റവും വലിയ ലേലത്തുക ലഭിച്ച താരം. 27 കോടി രൂപയ്‌ക്കാണ് പന്തിനെ ലക്‌നൗ സൂപ്പർ ജയന്റ്‌സ് സ്വന്തമാക്കിയത്. സൺറൈസേഴ്‌സ് ഹൈദരാബാദുമായി നടത്തിയ ശക്തമായ ലേലം വഴി 20.75 കോടിക്കാണ് ലക്‌നൗ ആദ്യം പന്തിനെ നേടിയത്. എന്നാൽ ഡൽഹി ക്യാപിറ്റൽസ് റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ചതോടെ ലക്‌നൗ 27 കോടി രൂപയ്‌ക്ക് കൂടുതൽ തുക വിളിച്ച് പന്തിനെ സ്വന്തമാക്കി.
ഐപിഎൽ 2024 സീസണിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്ന ശ്രേയസ് അയ്യരെ 26.75 കോടിക്ക് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കി. ആദ്യഘട്ടത്തിൽ ഏറ്റവും വലിയ പണംവാരി താരം ശ്രേയസ് ആയിരുന്നു. എങ്ങനെയാണ് ഓരോ താരങ്ങൾക്കും ഇത്രയധികം കോടികൾ വിവിധ ഫ്രാഞ്ചൈസികൾക്ക് ചെലവാക്കാൻ കഴിയുക? ഐപിഎല്ലിന്റെ സംപ്രേഷണം വഴി ലഭിക്കുന്ന കോടികൾ തന്നെയാണ് താരങ്ങളെ ഇങ്ങനെ വിലയേറിയവരാക്കി മാറ്റുന്നത്. എന്നാൽ ലോകത്തിൽ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന സംപ്രേഷണാവകാശമുള്ള കായിക ഇനം ഐപിഎൽ അല്ല.
കോടിക്കണക്കിന് ജനങ്ങൾ കാണുന്നതിലൂടെയും പ്രൈം ടൈമിൽ തന്നെ ഇവ സംപ്രേഷണം ചെയ്യും എന്നതിനാലും കോടികളുടെ വരുമാനം വിവിധ കായികലീഗുകൾക്ക് ലഭിക്കുന്നു. ലോകത്തിൽ ഇത്തരത്തിലുള്ള കായിക പരിപാടികളിൽ മൂന്നാമതാണ് ഐപിഎൽ. ഒന്നാം സ്ഥാനത്തുള്ളത് അമേരിക്കയുടെ നാഷണൽ ഫുട്‌ബോൾ ലീഗ് ആണ്.

നാഷണൽ ഫുട്‌ബോൾ ലീഗ്: ലോകത്തിലേറ്റവും വലിയ സംപ്രേഷണ അവകാശമുള്ള കായിക ലീഗ് ആണ് നാഷണൽ ഫുട്‌ബോൾ ലീഗ്. അമേരിക്കയിൽ മാത്രമല്ല ലോകമാകെ എൻഎഫ്‌എല്ലിന് വലിയ ആരാധക വൃന്ദമുണ്ട്. 2023 മുതൽ 2033 വരെ 100 ബില്യൺ ഡോളറിലധികം വരുന്ന കരാറാണ് നിലവിലുള്ളത്. സിബിഎസ്, ഫോക്‌സ്, എൻബിസി, ഇഎസ്‌പിഎൻ തുടങ്ങി വിവിധ സ്‌പോർട്‌സ് നെറ്റ്‌വർക്കുകളിൽ നിന്നായി ശതകോടികളുടെ ഡീലുകളാണ് എൻഎഫ്എല്ലിന് ലഭിച്ചിട്ടുള്ളത്.
ലോകമാകെ 180ലധികം രാജ്യങ്ങളിൽ മത്സരങ്ങൾ കാണിക്കുന്നുണ്ട്. ആമസോൺ പ്രൈം പോലെയുള്ള ഡിജിറ്റൽ പ്ളാറ്റ്ഫോമുകളും പലരാജ്യങ്ങളിലും എൻഎഫ്‌എല്ലുമായി സംപ്രേഷണ കരാറുണ്ട്. എൻഎഫ്എല്ലിലെ സൂപ്പർബൗൾ നിരവധിപേരെയാണ് ആകർഷിക്കുക. രാത്രി 8 മുതൽ 11 വരെയുള്ള പ്രൈംടൈമിലാണ് ഇവയിൽ മിക്ക മത്സരവും എന്നതിനാൽ ഇത് മികച്ച ജനപിന്തുണ നേടുന്നു. 32 ടീമുകൾ പരസ്‌പരം മാറ്റുരയ്‌ക്കുന്ന എൻഎഫ്എൽ ആരംഭിച്ചത് 1920ലാണ്.

ഇംഗ്ളീഷ് പ്രീമിയർ ലീഗ്: ഇംഗ്ളണ്ടിലെ പ്രൊഫഷണൽ ഫുട്‌ബോൾ ലീഗായ ഇംഗ്ളീഷ് പ്രീമിയർ ലീഗിന് നമ്മുടെ മലയാളക്കരയിലും ആരാധകർ ഏറെയാണ്. മാഞ്ചസ്‌റ്റർ സിറ്റിയും , യുണൈറ്റഡും, ലിവർപൂളും അങ്ങനെ ലീഗിലെ ടീമുകൾ തങ്ങളുടെ സ്വന്തം ടീം പോലെയാണ് മിക്ക മലയാളികൾക്കും. അഞ്ച് ബില്യൺ യൂറോയുടെ പ്രാദേശിക സംപ്രേഷണ അവകാശ കരാറാണ് പ്രീമിയർ ലീഗിനുണ്ടായത്. അന്താരാഷ്‌ട്ര കരാറുകൾ വഴി പിന്നെയും കോടിക്കണക്കിന് വരുമാനം ലീഗിന് ലഭിച്ചു.
സ്‌കൈ സ്‌പോർട്‌സ്, ബിടി സ്‌പോർട്‌സ്, ആമസോൺ പ്രൈം ഇവയാണ് യുകെയിൽ സംപ്രേഷണ അവകാശം നേടിയവ. മത്സരങ്ങളിലെ ക്വാളിറ്റിയും മികച്ച ദൃശ്യപൊലിമയും പരസ്യത്തിനായി അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ നിരയും പ്രീമിയർ ലീഗിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു. മിക്ക രാജ്യങ്ങളിലും പ്രീമിയർ ലീഗിന് വലിയ ആരാധക കൂട്ടായ്‌മ ഉണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ): ലോകത്തെ ക്രിക്കറ്റ് ലീഗുകളിൽ ഏറ്റവും ശ്രദ്ധേയമായതാണ് ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐപിഎൽ. ഇന്ത്യയിലടക്കം ക്രിക്കറ്റ് പ്രേമികളായ കോടിക്കണക്കിന് ആളുകൾ ഐപിഎല്ലിന്റെ സ്ഥിരം കാഴ്‌ചക്കാരാണ്. 2017ൽ അഞ്ച് വർഷത്തേക്ക് 16347.5 കോടി രൂപയ്‌ക്ക് (ഏകദേശം 2.55 ബില്യൺ ഡോളർ) സ്റ്റാർ ഇന്ത്യ ഐപിഎല്ലിന്റെ ആഗോള മീഡിയ റൈറ്റ് സ്വന്തമാക്കി. 2022ൽ ഐപിഎല്ലിന്റെ 2023-27 ആഗോള മീഡിയ റൈറ്റ് വിറ്റുപോയത് 48,390 കോടി രൂപയ്‌ക്കാണ്. 120ലധികം രാജ്യങ്ങളിൽ ഐപിഎൽ പ്രക്ഷേപണം ചെയ്യുന്നുണ്ട്. പരസ്യത്തിലും മികച്ച വരുമാനമാണ് ഐപിഎൽ നേടുന്നത്.
നാഷണൽ ബാസ്‌കറ്റ്ബോൾ അസോസിയേഷൻ: ലോകമാകെയുള്ള ബാസ്‌കറ്റ്‌ബോൾ പ്രേമികൾക്ക് മികച്ച അനുഭവമാണ് എൻബിഎ വഴി ലഭിക്കുന്നത്. ലോകമാകെ പ്രത്യേകിച്ച് നോർത്ത് അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ വൻകരകളിൽ എൻബിഎ ആരാധകർ നിരവധിയുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ബാസ്‌കറ്റ്‌ബോൾ കളിക്കാരെല്ലാം എൻബിഎയിലുണ്ട്. അതിവേഗവും ആവേശകരവുമായ മത്സരങ്ങൾ കാണികൾക്ക് വളരെയധികം ഇഷ്‌ടമാണ്.
2014ൽ 24 ബില്യൺ ഡോളറിന്റെ ഒൻപത് വർഷം നീളുന്ന ഡീലുകൾ ഇഎസ്‌പിഎന്നും ടിഎൻടിയും സ്വന്തമാക്കി. ഈ കരാറാണ് ഇന്നും നിലവിലുള്ളത്. വിവിധ ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകളിലും മത്സരങ്ങൾ കാണുന്നത് കോടിക്കണക്കിന് ജനങ്ങളാണ്. ശക്തമായ പരസ്യവരുമാനവും എൻബിഎയെ ജനശ്രദ്ധ ആകർഷിക്കുന്ന കായികഇനമായി നിലനിർത്തുന്നു.