a

നമ്മുടെ ഭരണഘടനയിലെ ഓരോ വാക്കിനും വിശാലമായ അർത്ഥതലങ്ങളുണ്ട്. മുന്നോട്ടു പോകുന്തോറും അത് കൂടുതൽ വിപുലപ്പെടുകയും കൂടുതൽ അർത്ഥവ്യാപ്തി കൈവരിക്കുകയും ചെയ്യുന്നു. ചക്രവർത്തിയുടെ ബ്രിട്ടന് ലിഖിത ഭരണഘടന ഇല്ലാതിരിക്കുമ്പോൾ നമുക്കെന്തിന് എഴുതപ്പെട്ട ഭരണഘടന എന്ന ചോദ്യം അതിന്റെ രചനാഘട്ടത്തിൽത്തന്നെ ഉന്നയിക്കപ്പെട്ടെങ്കിലും,​ പി.സി. ജോഷി ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും കോൺഗ്രസിലെ ഉത്പതിഷ്ണുക്കളും ലിഖിത ഭരണഘടന അനിവാര്യമാണെന്ന വാദഗതിക്കാരായിരുന്നു. ജനങ്ങൾ, കൃത്യമായ ഭൂവിഭാഗം, സർക്കാരിന്റെ വിവിധ ഭാഗങ്ങൾ, പരമാധികാരം, ഉത്തരവാദിത്വങ്ങൾ, ചുമതലകൾ, ലക്ഷ്യങ്ങളും മാർഗങ്ങളും,​ തർക്കപരിഹാര മാർഗങ്ങൾ, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് മാറ്റംവരുത്താതെയുള്ള ഭേദഗതികൾക്കു വേണ്ട മാനദണ്ഡങ്ങൾ മുതലായവ ഭരണഘടനയിൽത്തന്നെ ഉൾകൊള്ളിച്ചിട്ടുണ്ട്.


1928- ൽ പണ്ഡിറ്റ്‌ മോത്തിലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് സ്വരാജ് ഭരണഘടന എഴുതിയുണ്ടാക്കാൻ നടത്തിയ ശ്രമങ്ങളാണ് ഭരണഘടനാ നിർമ്മിതിയിലെ ആദ്യചുവട്. പിൽക്കാലത്ത് അന്തർദേശീയ കോടതി ജഡ്ജി വരെയായ ബി.എൻ. റാവു 1946-48 കാലത്ത് ഇന്നത്തെ ഭരണഘടനയുടെ ഒരു ആദ്യരൂപം ഭരണഘടനാ അസംബ്ലി ഉപദേശകനെന്ന നിലയിൽ സമർപ്പിച്ചു. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെയും പിന്നീട് ബ്രിട്ടീഷ് സർക്കാരിന്റെയും കാലത്തെ നിരവധി നിയമങ്ങളിലും, ഇന്ത്യയ്ക്കു മുൻപേ സ്വതന്ത്രമായ നിരവധി രാഷ്ട്രങ്ങളുടെ ഭരണഘടനകളിലും വേരുകളാഴ്ത്തിയാണ് നമ്മുടെ ഭരണഘടന മഹാവൃക്ഷമായി പന്തലിച്ചത്. ഫെഡറൽ സംവിധാനം, ഗവർണർ പദവി, നീതി നിർവഹണ വ്യവസ്ഥ, പബ്ലിക് സർവീസ് കമ്മീഷനുകൾ, അടിയന്തരാവസ്ഥയിലെ അധികാരങ്ങൾ, ഭരണപരമായ ബന്ധങ്ങൾ മുതലായവയ്ക്ക് ഇന്ത്യൻ ഭരണഘടന 1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിനോട് കടപ്പെട്ടിരിക്കുന്നു.

1789- ലെ ഫ്രഞ്ച് വിപ്ലവത്തിലെ സമത്വം,​ സ്വാതന്ത്ര്യം,​ സാഹോദര്യം എന്നീ ആശയങ്ങളിൽ സഹോദര്യമെന്ന വാക്ക് ഇന്ത്യൻ ഭരണഘടനയിൽ ഒരിടത്തു മാത്രമാണ് പരാമർശിച്ചിട്ടുള്ളതെങ്കിലും എത്ര ചെറിയ ന്യൂനപക്ഷത്തിന്റെയും ഭരണഘടനാനുസൃതമായ എത്ര ചെറിയ വിയോജിപ്പിന്റെയും സംരക്ഷണം ഉറപ്പു നൽകുന്ന മാതാവാണ് നമ്മുടെ ഭരണഘടനയെന്ന് സ്പഷ്ടം. കൺകറന്റ് ലിസ്റ്റ്, വ്യാപാര വാണിജ്യ സ്വാതന്ത്ര്യം, പാർലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത സീറ്റിംഗ് മുതലായവയ്ക്ക് നാം ആട്രേലിയയോട് കടപ്പെട്ടിരിക്കുന്നു.

പാർലമെന്ററി ജനാധിപധ്യം, ക്യാബിനറ്റ് ഭരണ സമ്പ്രദായം, നിർവചിക്കപ്പെട്ട അധികാരങ്ങളുള്ള രാഷ്ട്രപതി, ഇരുസഭകളിൽ ജനസഭയ്ക്ക് (ലോക്‌സഭ)​ കൂടുതൽ അധികാരങ്ങൾ, സ്പീക്കറുടെയും പാർലമെന്റിന്റെയും അധികാരാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ബ്രിട്ടീഷ് വ്യവസ്ഥയെയും അവരുടെ എഴുതപ്പെടാത്ത ഭരണഘടനയേയും ആശ്രയിക്കുന്നു. 'ശക്തമായ സംസ്ഥാനങ്ങളും സുശക്തമായ കേന്ദ്രവും" എന്ന തത്വം കാനഡയുടെ ഭരണഘടനയിൽ നിന്നും,​ ഭരണഘടനാ ഭേദഗതി വ്യവസ്ഥകൾ ദക്ഷിണാഫ്രിക്കയിൽ നിന്നും ഉൾക്കൊണ്ടവയാണ്.

1946 ലെ ക്യാബിനറ്റ് മിഷൻ പദ്ധതി പ്രകാരം രൂപീകരിച്ച കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ ആദ്യം 385 അംഗങ്ങളാണ് ഉണ്ടായിരുന്നത്. 292 പേർ പ്രാദേശിക നിയമ നിർമാണ സഭകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും 93 പേർ നാട്ടുരാജ്യങ്ങളിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ടവരും. 15 വനിതകളിൽ ദാക്ഷായണി വേലായുധൻ,​ ആനി മസ്‌ക്രീൻ,​ അമ്മു സ്വാമിനാഥൻ എന്നിവരായിരുന്നു മലയാളികൾ. ബി.എൻ റാവു ആയിരുന്നു ഈ അസംബ്ലിയുടെ ഭരണഘടനാ ഉപദേഷ്ടാവ്.

1946 ഡിസംബർ 11 ന്‌ ഡോ. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1947 ഓഗസ്റ്റ് 29 ന് ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി നിലവിൽ വന്നു. ഭരണഘടനാ രചനയ്ക്ക് ആകെ വേണ്ടിവന്നത് രണ്ടു വർഷവും 11 മാസവും 17 ദിവസവും! അന്നത്തെ 64 ലക്ഷം രൂപയായിരുന്നു ഭരണഘടനാ നിർമ്മാണത്തിനുള്ള ചെലവ്. 1950 ജനുവരി 24- ന് ഭരണഘടനാ നിർമ്മാണസഭയുടെ അവസാനത്തെ സെഷനിൽ അംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവച്ചു. ആദ്യത്തെ ഒപ്പ്‌ ഡോ.രാജേന്ദ്രപ്രസാദിന്റേതും അവസാനത്തെ ഒപ്പ് ഫിറോസ് ഗാന്ധിയുടേതും.