
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭ അദ്ധ്യക്ഷ പ്രമീള ശശിധരൻ. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാർത്ഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള കുറ്റപ്പെടുത്തി. പ്രചാരണത്തിന് പോയപ്പോൾ സ്ഥിരം സ്ഥാനാർത്ഥി നിർത്തിയതിലുള്ള അതൃപ്തി പലരും അറിയിച്ചിരുന്നു. ഈ അതൃപ്തി മറികടന്നാണ് തങ്ങൾ പ്രചാരണത്തിന് പോയതെന്നും പ്രമീള വ്യക്തമാക്കി.
ബിജെപിയുടെ പരാജയത്തിന് പിന്നിൽ നഗരസഭയുടെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായിട്ടില്ലെന്നും പാർട്ടി പ്രവർത്തകർ സി കൃഷ്ണകുമാറിനൊപ്പം നിന്നെന്നും പ്രമീള പറയുന്നു. ജനങ്ങളിൽ നിന്നുയർന്ന എതിർപ്പ് സുരേന്ദ്രനെ അറിയിച്ചെന്നും അവർ വ്യക്തമാക്കുന്നു.
'പാലക്കാട് നഗരസഭയിലെ മുഴുവൻ ബിജെപി കൗൺസിലർമാരും പ്രചാരണത്തിന് മുന്നിലുണ്ടായിരുന്നു. നഗരസഭയിൽ വോട്ടുകൾ കുറഞ്ഞെന്ന് പറയാൻ സാധിക്കില്ല. സ്ഥാനാർത്ഥി ചർച്ചകൾ വരുമ്പോൾ തന്നെ ഒരേ സ്ഥാനാർത്ഥി വേണ്ടെന്ന കാര്യം നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ ആവശ്യം പാർട്ടി അംഗീകരിച്ചില്ല. വേറൊരു സ്ഥാനാർത്ഥിയായിരുന്നെങ്കിൽ ജയ സാദ്ധ്യത കൂടിയേനെ, ഇപ്പോഴത്തെ തോൽവിയിൽ നഗരസഭയെ പഴിക്കുന്നതിൽ യുക്തിയില്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നിലപാട് ശരിയല്ല. 1500 വോട്ടുകൾ മാത്രമാണ് കുറഞ്ഞത്. ഇതിൽ നോട്ടയുമുണ്ട്. ജനവിധിയെ ബഹുമാനിക്കുന്നു. കൃഷ്ണകുമാറിന് വോട്ട് കുറഞ്ഞതിനെക്കുറിച്ച് പാർട്ടി അന്വേഷിക്കട്ടെ'- പ്രമീള വ്യക്തമാക്കി.
ശോഭ സുരേന്ദ്രൻ, വോട്ട് ചോദിക്കാൻ രംഗത്തിറങ്ങിയെന്നും ശോഭയെ വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെന്നും പ്രമീള കുറ്റപ്പെടുത്തി. ശോഭ സുരേന്ദ്രനെതിരെയുള്ള ആരോപണങ്ങളും അവർ തള്ളി.