test-cricket

പെർത്ത്: ഓസീസിനെ 295 റൺസിന് തകർത്ത് പെർത്തിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ. ബോർഡർ- ഗാവസ്‌‌കർ ട്രോഫിക്കുവേണ്ടിയുള്ള ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ കൂറ്റൻ വിജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്. 534 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്‌സിൽ 238 റൺസിന് പുറത്താവുകയായിരുന്നു. സ്‌കോർ: ഇന്ത്യ-150, 487-6, ഓസ്ട്രേലിയ-104, 238.

യശ്വസി ജയ്‌സ്വാൾ, വിരാട് കൊഹ്‌ലി എന്നിവരുടെ സെഞ്ച്വറികളും ജസ്‌‌പ്രീത് ബുംറയുടെ ഗംഭീര ബൗളിംഗുമാണ് ഇന്ത്യയുടെ വിജയം കുറിച്ചത്. 534 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ഓരോ ഇടവേളകളിലും വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് സിറാജ്, ജസ്‌പ്രീത് ബുംറ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദറും ഹർഷിത് റാണയും രണ്ട് വിക്കറ്റ് വീഴ്ത്തി. 89 റൺസെടുത്ത ട്രാവിസ് ഹെഡ് ആണ് ഓസ്‌ട്രേലിയക്കായി പൊരുതിയത്. ഓസ്‌ട്രേലിയൻ താരങ്ങളായ മിച്ചൽ മാർഷിന് 47 റൺസും അലക്സ് കാരിക്ക് 36 റൺസെടും മാത്രമാണ് നേടാനായത്.

രോഹിത് ശർമ്മയുടെയും ശുഭ്മാൻ ഗില്ലിന്റെയും അഭാവത്തിൽ, ഓസ്‌ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീം വിയർക്കേണ്ടി വരുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ പേസർ ബുംറ ദൃഢനിശ്ചയത്തോടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യയെ 295 റൺസിന്റെ അത്ഭുതകരമായ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. വിരാട് കൊഹ്‌‌ലിയുടെ 30ാം ടെസ്റ്റ് സെഞ്ച്വറിക്ക് കൂടിയാണ് പെർത്ത് സാക്ഷ്യം വഹിച്ചത്.