prem-bihari

പ്രേം ബിഹാരി നരയ്ൻ റയ്‌സാദ. ഇന്ത്യൻ ഭരണഘടനയിലെ അക്ഷരങ്ങൾക്ക് ജീവൻ ലഭിച്ചത് ഇദ്ദേഹത്തിന്റെ മനോഹരമായ കൈപ്പടയിൽ! ഇംഗ്ലീഷിലുള്ള ഭരണഘടനയിലെ വാചകങ്ങൾ കടലാസിലേക്കു പകർത്തിയത് ബിഹാരി ഒറ്റയ്ക്കായിരുന്നു; ഇറ്റാലിക് ശൈലിയിൽ ചിത്രരചന പോലൊരു കൈയെഴുത്ത്. രാജ്യത്തിന്റെ ചരിത്രത്തിന്റെയും നേതാക്കളുടെ കാഴ്ചപ്പാടിന്റെയും ജനങ്ങളുടെ അഭിലാഷത്തിന്റെയും പ്രതിഫലനമാണ് ഭരണഘടന. അതുകൊണ്ടുതന്നെ,​ ഭരണഘടന കൈകൊണ്ടു തന്നെ എഴുതണമെന്നത് ജവഹർലാൽ നെഹ്റുവിന്റെ ആശയമായിരുന്നു. കയ്യെയെഴുത്തു പ്രതിയിലെ അക്ഷരങ്ങൾ ഭരണഘടനയുടെ ആത്മാവിനെ പ്രതിനിധീകരിക്കുമെന്ന് നെഹ്റു വിശ്വസിച്ചു. ബിഹാരിയെ ആണ് നെഹ്‌റു ഇതിനു തിരഞ്ഞെടുത്തത്.


അതിവിദഗ്ദ്ധനായ കലിഗ്രഫർ ആയിരുന്നു അദ്ദേഹം. 1901 ഡിസംബർ 16ന് കയ്യെഴുത്ത് കലാകാരന്മാരുടെ കുടുംബത്തിലാണ് ബിഹാരിയുടെ ജനനം. ഇംഗ്ലീഷ്, പേർഷ്യൻ ഭാഷാ പണ്ഡിതനും കയ്യക്ഷര ഗവേഷകനുമായ മുത്തച്ഛനായിരുന്നു ഗുരു. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദം നേടിയതിനു പിന്നാലെ ബിഹാരി കലിഗ്രഫി രംഗത്തേക്കിറങ്ങി. മനോഹരമായ കയ്യക്ഷരത്തിന്റെ പേരിൽ അദ്ദേഹം അതിവേഗം പ്രശസ്തനായി. ബിഹാരിയുടെ കഴിവ് കേട്ടറിഞ്ഞ നെഹ്‌റു ചരിത്രദൗത്യത്തിന് അദ്ദേഹത്തെ സമീപിക്കുകയായിരുന്നു.

ഭരണഘടന മുഴുവനും എഴുതി തയ്യാറാക്കിയ ബിഹാരി പ്രതിഫലമൊന്നും സ്വീകരിച്ചില്ല. പകരം,​ എല്ലാ പേജിനും താഴെ തന്റെ പേര് ചേർക്കണമെന്നും അവസാന പേജിൽ മുത്തച്ഛൻ റാം പ്രസാദ് സക്സേനയുടെ പേരു കൂടി എഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. അത് അംഗീകരിക്കപ്പെടുകയും ചെയ്തു. കോൺസ്റ്റിറ്റ്യൂഷൻ ഹാളിലെ ഒരു മുറിയിലിരുന്ന് ആറു മാസംകൊണ്ട് ബിഹാരി ജോലി പൂർത്തിയാക്കി. ഇംഗ്ലണ്ടിൽ നിന്നും ചെക്കോസ്ലോവാക്യയിൽ നിന്നും എത്തിച്ച 432 പെൻ- ഹോൾഡർ നിബ്ബുകൾ ഇതിന് ഉപയോഗിച്ചു. അക്ഷരത്തെറ്റില്ലാതെയും മഷി പടരാതെയും 251 പേജുകൾ ഭംഗിയായി പൂർത്തിയാക്കി. അതേസമയം, വസന്ത് കൃഷൻ വൈദ്യ ആണ് ഭരണഘടനയുടെ ഹിന്ദി പതിപ്പ് കയ്യക്ഷരത്തിൽ എഴുതിയത്.


 ഭരണഘടനയുടെ ഇംഗ്ലീഷിലെയും ഹിന്ദിയിലെയും യഥാർത്ഥ കയ്യെയെഴുത്തു പ്രതികൾ നിലവിൽ പാർലമെന്റ് ലൈബ്രറിയിൽ. ഹീലിയം നിറച്ച കെയ്സിൽ പ്രത്യേക നിലവറ പോലുള്ള മുറിയിൽ സൂക്ഷിച്ചിരിക്കുന്നു

 251 പേജുകളുള്ള ഇംഗ്ലീഷ് കയ്യെഴുത്തുപ്രതിയ്ക്ക് 3.75 കിലോഗ്രാം ഭാരം

 ഓരോ പേജിന്റെ അരികുകളിലും നന്ദലാൽ ബോസും ശാന്തിനികേതനിലെ അദ്ദേഹത്തിന്റെ ശിഷ്യരും തയ്യാറാക്കിയ മനോഹരമായ വരകളും ചിത്രങ്ങളും

 കയ്യെഴുത്തുപ്രതി തയ്യാറാക്കിയിട്ടുള്ളത് ആയിരം വർഷത്തോളം അതിജീവിക്കുന്ന പ്രത്യേക തോൽക്കടലാസിൽ

 ഭരണഘടനയുടെ അവസാന പേജുകളിൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലെ 284 അംഗങ്ങളുടെ കയ്യൊപ്പ്

 ലോകത്തെ,​ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന. ഇംഗ്ലീഷ് പതിപ്പിൽ 1,46,385 വാക്കുകൾ (ഏറ്റവും ചെറുത് മൊണാകോയ്ക്ക്- 3,814 വാക്കുകൾ)​.