
രാജ്യത്തെ ഏറ്റവും വിലപ്പിടിപ്പുള്ള എസ്‌യുവിയായ റോൾസ് റോയ്‌സ് കള്ളിനാൻ ബ്ളാക്ക് ബാഡ്‌ജിൽ കറക്കം. 116 കോടി രൂപയുടെ അപ്പാർട്ട്‌മെന്റിൽ താമസം. അംബാനി കുടുംബത്തിലെയോ അദാനി കുടുംബത്തിലെയോ അംഗമല്ല ഈ യുവതി. ഫാഷൻ ഡിസൈനർ വ്രാതിക ഗുപ്‌ത ആണ് ഇന്ത്യയിൽ ഷാരൂഖ് ഖാൻ അടക്കം വളരെ കുറച്ചുപേർക്ക് മാത്രം സ്വന്തമായുള്ള രാജ്യത്തെ ഏറ്റവും വിലപ്പിടിപ്പുള്ള വാഹനത്തിൽ സഞ്ചരിക്കുന്നത്.
12.25 കോടിയാണ് റോൾസ് റോയ്‌സ് കള്ളിനാൻ ബ്ളാക്ക് ബാഡ്‌ജിന്റെ അടിസ്ഥാന വില. ഓരോ കസ്റ്റമൈസേഷനും വില കൂടും. ഇതുകൂടാതെ മുംബയിലെ ലോവർ പരേലിലെ ആഡംബര കെട്ടിടത്തിലെ 49ാം നിലയിലുള്ള അപ്പാർട്ട്‌മെന്റാണ് വ്രാതിക അടുത്തിടെ സ്വന്തമാക്കിയത്. 116 കോടിയുടെ ഈ അപ്പാർട്ട്‌മെന്റിന്റെ സ്റ്റാമ്പ് ഡ്യൂട്ടിക്ക് മാത്രം 5.82 രൂപയാണ് ചെലവ്.
തന്റെ ലിങ്ക്‌ഡ്‌ഇൻ പ്രൊഫൈലിൽ ഇന്റീരിയർ ഡിസൈനർ, ഫാഷൻ ഡിസൈനർ എന്നാണ് വ്രാതിക സ്വയം പരിചയപ്പെടുത്തുന്നത്. നാഷണൽ ഇൻസ്റ്റിട്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജി, പേൾ അക്കാഡമി ഒഫ് ഫാഷൻ എന്നിവിടങ്ങളിലാണ് വ്രാതിക പഠിച്ചത്. അഞ്ജുമാൻ ഫാഷൻസ് ലിമിറ്റഡിൽ ഡിസൈനറായാണ് വ്രാതിക തന്റെ കരിയർ ആരംഭിച്ചത്. തുടർന്ന് 2009 മുതൽ 2011വരെ പ്രശസ്ത ബ്രാൻഡായ അഞ്ജു മോദിക്കൊപ്പം പ്രവർത്തിച്ചു. 2017ൽ ഭർത്താവ് നകുൽ അഗർവാളുമായി ചേർന്ന് വ്രാതിക ആന്റ് നകുൽ എന്ന കമ്പനി സ്ഥാപിച്ചു. 2022ൽ ആഡംബര ഹോം ഡെക്കർ സ്ഥാപനമായ മെയ്‌സൺ സിയയും ആരംഭിച്ചു.