asa-zahara

കോഴിക്കോട്: അടുക്കളയിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ രണ്ടര വയസുകാരിയുടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി. കോഴിക്കോട് താമരശേരി അടിവാരം സ്വദേശി കൂളമടത്ത് പുളിക്കൽ ജംഷീദിന്റെ മകൾ അസാ സഹറയുടെ തലയിലാണ് സ്റ്റീൽ പാത്രം കുടുങ്ങിയത്.

ഇന്ന് രാവിലെ 9.30ഓടെ ആയിരുന്നു സംഭവം. വീട്ടുകാരും മറ്റുള്ളവരും ഏറെനേരം ശ്രമിച്ചിട്ടും പുറത്തെടുക്കാൻ സാധിച്ചില്ല. ഇതോടെ വീട്ടുകാർ ഫയർ ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. തലയിൽ സ്റ്റീൽ പാത്രം കുടുങ്ങിയ കുഞ്ഞിനെയും കൊണ്ട് ഉടൻതന്നെ ജംഷീദ് മുക്കം ഫയർഫോഴ്‌സ് സ്റ്റേഷനിലെത്തി.

ഒട്ടും വൈകാതെ തന്നെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ കത്രിക, കട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പാത്രം മുറിച്ചാണ് തലയില്‍ നിന്ന് വേര്‍പെടുത്തിയത്. സീനിയര്‍ ഫയര്‍ ഓഫീസര്‍ എന്‍ രാജേഷ്, സേനാംഗങ്ങളായ പിടി ശ്രീജേഷ്, എംസി സജിത്ത് ലാല്‍, എഎസ് പ്രദീപ്, വി സലീം, പി നിയാസ്, വൈപി ഷറഫുദ്ധീന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.