a

 സംഭാൽ എം.പിക്കെതിരെ കേസ്

 25 പേർ അറസ്റ്റിൽ

സംഭാൽ: ഉത്തർപ്രദേശിലെ സംഭാൽ ഷാഹി മസ്ജിദ് വിവാദ സർവെയെത്തുടർന്നുള്ള സംഘർഷത്തിനിടെ വെടിവയ്പിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ആശുപത്രിയിൽ ഇന്നലെ മരിച്ച രണ്ടു പേരുടെ പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. മൂന്നുപേർ ഞായറാഴ്ച മരിച്ചിരുന്നു. സംഭവത്തിൽ 25 പേർ അറസ്റ്റിലായി. പ്രദേശം കനത്ത പൊലീസ് കാവലിലാണ്. അതിനിടെ, മതസ്പർദ്ധയുണ്ടാക്കാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചെന്ന് ആരോപിച്ച് സംഭാൽ എം.പിയും സമാജ്‌വാദി പാർട്ടി നേതാവുമായ സിയാവുർ റഹ്മാൻ ബർഖിനെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 400 പേർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രദേശത്തെ ഇന്റർനെറ്റ് സംവിധാനം പുനഃസ്ഥാപിച്ചില്ല. നിരോധനാജ്ഞ തുടരുകയാണ്. പുറത്തു നിന്നുള്ളവർക്ക് 30 വരെ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. നഈം,ബിലാൽ,നുഅ്മാൻ എന്നിവരാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. കല്ലേറിൽ 30 പൊലീസുകാർക്കും പരിക്കേറ്റിരുന്നു. ജനക്കൂട്ടത്തിന്റെ വെടിവയ്പിലാണ് മരണങ്ങൾ സംഭവിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസാണ് കൊലയാളികൾ എന്നാണ് ബന്ധുക്കളുടെ ആരോപണം. പൊലീസുകാർ പ്രതിഷേധക്കാർക്ക് നേരെ തോക്കു ചൂണ്ടിനിൽക്കുന്ന ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സർവേയെ എതിർത്തും അനുകൂലിച്ചും ഒത്തുകൂടിയവർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന ഇവരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നു. ഇതോടെ ജനങ്ങൾ പൊലീസുകാർക്ക് നേരെ കല്ലെറിയുകയും പൊലീസ് വാഹനങ്ങൾക്ക് തീയിട്ടുകയും ചെയ്തു. ഇതിനിടെയാണ് വെടിവയ്പുണ്ടായത്.

സർവേ റിപ്പോർട്ട്

29ന് കോടതിയിൽ

മുഗൾ ചക്രവർത്തി ബാബർ 1526ൽ ശ്രീഹരിഹർ ക്ഷേത്രം ഇടിച്ചുനിരത്തിയാണ് മസ്ജിദ് പണിഞ്ഞതെന്നാണ് കേസ്. ജില്ലാ കോടതി ഉത്തരവ് പ്രകാരം അഭിഭാഷക കമ്മിഷന്റെ രണ്ടാം സർവേയാണ് ഞായറാഴ്ച വെടിവയ്പിൽ കലാശിച്ചത്. കമ്മിഷൻ തർക്ക പ്രദേശത്തെ സർവേ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. റിപ്പോർട്ട് വെള്ളിയാഴ്ച കോടതിയിൽ സമർപ്പിക്കും.

സംഭവസമയത്ത് ഞാൻ സംഭാലിൽ പോലുമില്ലായിരുന്നു. ഒരു സമുദായത്തിലെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. പൊലീസിനെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്നിക്കെതിരായ കേസ്

- സിയാവുർ റഹ്മാൻ ബർഖ്,​

സംഭാൽ എം.പി

സിയാവുർ റഹ്മാൻ നേരത്തേ മസ്ജിദ് സർവേയ്ക്കെതിരെ നടത്തിയ പ്രകോപന പ്രസംഗമാണ് അക്രമത്തിന് പ്രേരണ നൽകുന്നതാണ്. ഇതാണ് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കാൻ കാരണം

കൃഷൻകുമാർ,​

സംഭാൽ പൊലീസ് സൂപ്രണ്ട്