moneycontrol

ഓഹരി, രൂപ മുന്നേറ്റ പാതയിൽ

നിക്ഷേപകരുടെ നേട്ടം 9 ലക്ഷം കോടി രൂപ

കൊച്ചി: മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ ത്രസിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ജയവും വിദേശ നിക്ഷേപകരുടെ മടങ്ങിവരവും ഇന്ത്യൻ ഓഹരി വിപണിയെ ആവേശ കൊടുമുടിയിലേക്ക് ഉയർത്തി. പ്രധാന മേഖലകളിലെ ഓഹരികളെല്ലാം ഇന്നലെ നേട്ടമുണ്ടാക്കി. ബി.എസ്.ഇ സെൻസെക്സ് 992.74 പോയിന്റ് കുതിച്ച് 80,109.85ൽ അവസാനിച്ചു. ദേശീയ സൂചിക 314.60 നേട്ടത്തോടെ 24,221.90ൽ എത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സെൻസെക്‌സ് 3,000 പോയിന്റ് നേട്ടമാണുണ്ടാക്കിയത്. ആഗോള വിപണികളിലെ ഉണർവും ഇന്ത്യൻ നിക്ഷേപകർക്ക് ആവേശം പകർന്നു. ബി.ജെ.പിയുടെ ആധികാരിക വിജയം ഇന്ത്യയുടെ ഭരണ സ്ഥിരതയ്‌ക്ക് അടിവരയിടുന്നതാണെന്ന വിലയിരുത്തലാണ് ഗുണമായത്.

കേന്ദ്ര പൊതുമേഖല കമ്പനികളായ പവർ ഫിനാൻസ് കോർപ്പറേഷൻ, ഐ.ആർ.എഫ്.സി, ബി.ഇ.എൽ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ആർ.വി.എൻ.എൽ, ഗെയിൽ, സെയിൽ എന്നിവയാണ് ഇന്നലത്തെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി വില അഞ്ച് ശതമാനം വർദ്ധനയോടെ അപ്പർ സർക്യൂട്ടിലെത്തി.

മുംബയ് ആസ്ഥാനമായ റിയൽ എസ്‌റ്റേറ്റ് സ്ഥാപനങ്ങളായ ഗോദ്‌റേജ് പ്രോപ്പർട്ടീസ്, ഡി.എൽ.എഫ്, മഹീന്ദ്ര ലൈഫ്, പ്രസ്‌റ്റീജ് എസ്‌റ്റേറ്റ്സ് എന്നിവയുടെ ഓഹരി വിലയിൽ അഞ്ച് മുതൽ ഏഴ് ശതമാനം വരെ വർദ്ധനയുണ്ടായി.

ശക്തമായി തിരിച്ചുകയറി രൂപ

അഞ്ച് മാസത്തിനിടെയിലെ ഏറ്റവും മികച്ച പ്രതിദിന നേട്ടവുമായി രൂപ നില ശക്തിപ്പെടുത്തി. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ദുർബലമായതും ഓഹരി വിപണിയിലേക്ക് വിദേശ ഫണ്ടുകളുടെ പണമൊഴുക്ക് കൂടിയതും രൂപയ്ക്ക് കരുത്തായി. ഇന്നലെ ഡോളറിനെതിരെ രൂപ 0.2 ശതമാനം നേട്ടവുമായി 84.28ൽ വ്യാപാരം അവസാനിപ്പിച്ചു.

ജി.ഡി.പി വളർച്ച 6.7 ശതമാനമാകുമെന്ന് എസ്. ആൻഡ് പി

നടപ്പു സാമ്പത്തിക വർഷം ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ച 6.7 ശതമാനമായി താഴുമെന്ന് പ്രമുഖ രാജ്യാന്തര റേറ്റിംഗ് ഏജൻസിയായ എസ്. ആൻഡ് പി വ്യക്തമാക്കി. ഉയർന്ന പലിശ നിരക്കും സർക്കാരിന്റെ ധന പ്രതിസന്ധിയും ഉപഭോഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത സാമ്പത്തിക വർഷത്തിലെ വളർച്ച 6.8 ശതമാനമാകുമെന്നും അവർ പറയുന്നു.

വിലക്കയറ്റത്തിന് ശമനമാകുമെന്ന് ധന മന്ത്രാലയം

ഖാരിഫ് സീസണിൽ റെക്കാഡ് വിളവിന്റെ ബലത്തിൽ ഇന്ത്യയിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില രണ്ട് മാസത്തിനുള്ളിൽ ഗണ്യമായി കുറയുമെന്ന് ധന മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യാന്തര മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങൾ കണക്കിലെടുത്ത് കരുതലോടെ നീങ്ങാനാണ് തീരുമാനം. എണ്ണവിലയിലെ കുതിപ്പ് നാണയപ്പെരുപ്പ ഭീഷണി വർദ്ധിപ്പിക്കാൻ ഇടയുണ്ട്.