
മലപ്പുറം: സി.പി.എം ഇറക്കുന്ന വിഭാഗീയതയുടെ കാർഡ് അവർക്ക് തിരിച്ചടിയാകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സർക്കാരിന്റെ നേട്ടവും പുരോഗമന രാഷ്ട്രീയവും പറയുന്നതിന് പകരം എസ്.ഡി.പി.ഐ,ജമാഅത്തെ ഇസ്‌ലാമി എന്നിങ്ങനെ ചേരിതിരിവിന് കാരണമാകുന്ന വിഷയങ്ങൾ പ്രചാരണമാക്കുമ്പോൾ സ്വന്തം സ്ഥിതി എന്താകുമെന്ന് സി.പി.എം ആലോചിക്കണം. എൽ.ഡി.എഫിന്റെ വോട്ടിലാണ് ചോർച്ചയുണ്ടായത്. വയനാട്ടിൽ മന്ത്രിയുടെ മണ്ഡലത്തിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. പാലക്കാട്ടെ പല ബൂത്തിലും ബി.ജെ.പിക്ക് പിന്നിലാണ് സി.പി.എം. രാഷ്ട്രീയമായ വിമർശനവുമായി പോകുന്നതല്ലാതെ വിഭാഗീയത ഉണ്ടാക്കാനുള്ള കളി സി.പി.എമ്മിനെ തന്നെ ബാധിക്കും. യു.ഡി.എഫിന്റെ വിജയത്തിന് പിന്നിലെ സാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ലീഗിന്റെ പങ്ക് സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ട്. വർഗീയതയോട് ഒരിക്കലും ലീഗ് സന്ധി ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.