
ധർമ്മശാസ്താവായ അയ്യപ്പന്റെ ദർശനത്തിനായി കോടിക്കണക്കിനു ഭക്തജനങ്ങൾ ശബരിമലയിലെത്തുന്ന പുണ്യകാലമാണിത്. ശബരിമല തീർത്ഥാടനം ഒരു തപസും വ്രതനിഷ്ഠയുമാണ്. ആഹാരനിയന്ത്രണം, ബ്രഹ്മചര്യം, വാക്കിലും പെരുമാറ്റത്തിലും നിയന്ത്രണം, നിത്യേനയുളള അനുഷ്ഠാനം എന്നിവയെല്ലാം ഉൾപ്പെട്ടതാണ് മണ്ഡലവ്രതം. ഇക്കാലത്ത് പൊതുവെ ജനങ്ങൾക്കിടയിൽ ഭക്തിപൂർണ്ണമായ അനുഷ്ഠാനം കുറഞ്ഞു വരികയാണ്. ക്ഷേത്രത്തിൽ പോയാൽ ദേവനു മുമ്പിൽ ചെന്ന് ഒന്നു തൊഴുതു കാണിക്കും. ചിലപ്പോൾ ആഗ്രഹപൂരണത്തിനായി വഴിപാടു ശീട്ടാക്കും. ഉടൻ തിരിച്ചുപോരും. അതാണ് പതിവ്. ക്ഷേത്രത്തിലെത്തിയാൽ നമ്മൾ കുറച്ചു സമയമെങ്കിലും ആ പവിത്രമായ അന്തരീക്ഷത്തിൽ ഈശ്വരസ്മരണയോടെ ചെലവഴിക്കണം. ഈശ്വരനാമജപം, കീർത്തനം, അർച്ചന, ധ്യാനം ഇവയിലേതുമാകാം. ക്ഷേത്രത്തിൽ ദേവസാന്നിദ്ധ്യമുള്ളതിനാൽ ദിവ്യമായ തരംഗങ്ങളാണവിടെയുണ്ടാകുക. അതിനോട് പൊരുത്തപ്പെടുന്ന വിധത്തിലാകണം നമ്മുടെ ചിന്തകളും. എങ്കിലേ പ്രയോജനമുണ്ടാകൂ.
ഭക്തിയെന്നത് അന്ധവിശ്വാസമല്ല. അന്ധകാരത്തെ അകറ്റുന്ന വിശ്വാസമാണ്. ഭക്തിയും വിശ്വാസവുംകൊണ്ട് എത്രയോപേർ ഉദ്ധരിക്കപ്പെടുന്നുണ്ടെന്നുള്ളതിനു തെളിവാണ് ശബരിമല തീർത്ഥാടനം. ധർമബോധത്തോടെ 'സ്വാമിയേ ശരണ'മെന്ന ഏകമന്ത്രജപത്തോടെ ഒരു മണ്ഡലകാലം ജീവിക്കുമ്പോൾ അത്രയും നാൾ കുടുംബത്തിനും സമൂഹത്തിനും കള്ളിൽനിന്നും കഞ്ചാവിൽ നിന്നുംമോചനം ലഭിക്കും. ഇതുകാരണം കേരളത്തിൽ കുടുംബങ്ങളിലും സമൂഹത്തിലൊട്ടാകെയും ശാന്തിയും സമാധാനവും പുലരുന്ന കാലമാണിത്. എന്നാൽ തീർത്ഥാടന കാലത്ത് ദുശീലങ്ങളും ദുഃസ്വഭാവങ്ങളും ഒഴിവാക്കിയവർ അതിലേക്ക് പിന്നിട് തിരിച്ചുപോകുന്നവെന്നത് ഖേദകരമാണ്. സ്ഥായിയായ സ്വഭാവപരിവർത്തനത്തിന്വേണ്ടി ശബരിമല തീർത്ഥാടനത്തെ ഉപയോഗിക്കുകയാണ് ഭക്തജനങ്ങൾ ചെയ്യേണ്ടത്. പരിവർത്തനത്തിനായുള്ള ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും അത് സാധിക്കും. നിഷ്ഠയോടെയുള്ള ഭക്തി മനുഷ്യമനസിനെ ഉദ്ധരിക്കുമെന്നതിൽ സംശയമില്ല.
സമത്വചിന്തയും ഉച്ചനീചത്വത്തിന്റെ അഭാവവുമാണ് ശബരിമലയുടെ മറ്റൊരു പ്രത്യേകത. നാമെല്ലാം ഭഗവാന്റെ സന്താനങ്ങളെന്നു കരുതുമ്പോൾ അവിടെ സാഹോദര്യം വരുന്നു. ഏകത്വം വരുന്നു. അമ്മയുടെ ഗ്രാമത്തിലുള്ളവർ ശബരിമലയ്ക്കുപോകുമ്പോൾ കഞ്ഞിയും പുഴുക്കും വെച്ച് വരുന്നവർക്കെല്ലാം നല്കും. ഇരുമുടിക്കെട്ട് നിറയ്ക്കുമ്പോൾ കുട്ടികൾക്കെല്ലാം നാണയം വാരിക്കൊടുക്കും. മറ്റുള്ളവർക്ക് സന്തോഷം വരാനുള്ളതു ചെയ്യുമ്പോൾ അത് തൃപ്തിയായി, ഈശ്വരകൃപയായി നമുക്കു തിരികെ ലഭിക്കുന്നു. നാനാജാതിമതസ്ഥരും ഒരേ വസ്ത്രം ധരിച്ച് ഒരേ നാമം ചൊല്ലി ഒരുമിക്കുന്ന പുണ്യസ്ഥാനമാണ് ശബരിമല. എല്ലാവരും പരസ്പരം ബഹുമാനിക്കുന്നു, 'സ്വാമിയേ" എന്നു പരസ്പരം വിളിക്കുന്നു. അങ്ങനെ ഭക്തിയും ഐക്യവും സാഹോദര്യവും പുലരുന്നു. ഇതേഭാവം എല്ലാവരോടും എപ്പോഴുമുണ്ടായാൽ അതുതന്നെ ഈശ്വരസാക്ഷാത്കാരം. ആ വിശാലതയിലേക്കാണ് നമ്മൾ ഉയരേണ്ടത്.