
പെർത്ത്: അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല, പെർത്ത് വേദിയായ ബോർഡർ - ഗാവസ്കർ ട്രോഫിടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന്റെ നാലാം ദിനം ഓസ്ട്രേലിയയെ ഓൾഔട്ടാക്കി 295 റൺസിന്റെ ചരിത്രജയം നേടി ഇന്ത്യ.  534 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് നാലാം ദിനമായ ഇന്നലെ 12/3 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഓസ്ട്രേലിയയെ, മൂന്നാം സെക്ഷനിൽ 238 റൺസിന് ഓൾഔട്ടാക്കിയാണ് ഇന്ത്യ ജയമുറപ്പിച്ചത്. പെർത്തിലെ ഓപ്റ്റസ് സ്റ്റേഡിയത്തിൽ ടെസ്റ്റ് വിജയം നേടുന്ന ആദ്യ സന്ദർശക ടീമാണ് ഇന്ത്യ.ഒരു ദിവസം കൂടി മത്സരത്തിന് ബാക്കിയിരിക്കെയാണ് ഇന്ത്യയുടെ ജയം.
ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച നായകൻ പേസ് ഇ തിഹാസം ജസ്പ്രീത് ബുംറയാണ് കളിയിലെ താരം. ഓസ്ട്രേലിയൻ മണ്ണിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ജയം കൂടിയാണിത്. ഇതോടെ 5 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ന്യൂസിലാൻഡിനെതിരെ സ്വന്തം നാട്ടിൽ നടന്നപരമ്പരയിൽ 3-0ത്തിന്റെ സമ്പൂർണ തോൽവി വഴങ്ങിയെത്തിയ ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തുന്നതും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ സജീവമാക്കുന്നതുമായി പെർത്തിലെ ജയം. സ്കോർ: ഇന്ത്യ150/10, 487/6 ഡിക്ലയേർഡ്,ഓസ്ട്രേലിയ 104/10, 238/10.
 
ഇനി അഡെലെയ്ഡ്
ബോർഡർ - ഗാവസ്കർ ട്രോഫിയിലെ രണ്ടാം മത്സരം ഡിംസബർ 6ന് അഡെലെയ്ഡിൽ തുടങ്ങും. ആദ്യ മത്സരത്തിൽ ഇല്ലായിരുന്ന ഇന്ത്യയുടെ സ്ഥിരം ടെസ്റ്റ് ക്യാപ്ടൻ രോഹിത് ശർമ്മ രണ്ടാം മത്സരത്തിൽ തിരിച്ചെത്തും.
തലയെടുത്ത് ബുംറ
ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ ബൗൾ ചെയ്ത ഇന്ത്യൻ ബൗളർമാരെല്ലാം വിക്കറ്റ് നേടി. ക്യാപ്ടൻ ബുംറയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദർ 2 വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റക്കാരായ നിതീഷ് റെഡ്ഡിയും ഹർഷിത് റാണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ട്രാവിസ് ഹെഡാണ് (89) ഓസ്ട്രേലിയയുടെ ടോപ്സ്കോററായി ഇന്ത്യൻ വിജയം വൈകിപ്പിച്ചത്.
ഇന്നലെ തുടക്കത്തിലേ ഉസ്മാൻ ഖ്വാജയെ (4) വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ കൈയിൽ എത്തിച്ച് സിറാജ് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. തുടർന്ന് കുറച്ച് നേരം പിടിച്ച് നിന്ന സ്റ്റീവൻ സ്മിത്തിനെയും (17) പന്തിന്റെ കൈയിൽ എത്തിച്ച് സിറാജ് മടക്കിയെങ്കിലും മറുവശത്തുണ്ടായിരുന്ന ട്രാവീസ് ഹെഡ് (89) ഇന്ത്യയ്ക്ക് ശരിക്കും തലവേദനയായി. മിച്ചൽ മാർഷിനൊപ്പം (47) ആറാം വിക്കറ്റിൽ 87 പന്തിൽ 82 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഹെഡിനെ ഓസീസ് സ്കോർ 161ൽ വച്ച് പന്തിന്റെ കൈയിൽ എത്തിച്ച് ബുംറയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകിയത്. 101 പന്ത് നേരിട്ട ഹെഡ് 8 ഫോറും നേട ി. അധികം വൈകാതെ മാർഷിനെ നിതീഷ് ക്ലീൻബൗൾഡാക്കി. മിച്ചൽ സ്റ്റാർക്കിനെയും (12), നാഥൻ ലയണിനെയും (0) സുന്ദർ മടക്കി. അലക്സ് കാരെയെ (36) ക്ലീൻബൗൾഡാക്കി ഹർഷിത് റാണയാണ് ഓസീസിന്റെ ചെറുത്ത് നില്പിന് തിരശീലയിട്ടത്.