pic

ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പുമായി വെടിനിറുത്തൽ കരാറിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തത്വത്തിൽ അംഗീകാരം നൽകിയെന്ന് റിപ്പോർട്ട്. സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു അമേരിക്കൻ മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്. അതേ സമയം, കരാറിലെ ചില കാര്യങ്ങളിൽ ഇസ്രയേൽ ലെബനീസ് സർക്കാരുമായി ചർച്ച നടത്തും. ഇവ പരിഹരിച്ച ശേഷമേ കരാറിന് അന്തിമ അംഗീകാരം നൽകൂ.

നിലവിൽ ചർച്ചകൾ ശുഭകരമായ ദിശയിലാണെന്നാണ് റിപ്പോർട്ട്. 60 ദിവസത്തെ വെടിനിറുത്തൽ നിർദ്ദേശിക്കുന്ന കരാർ യു.എസാണ് മുന്നോട്ടുവച്ചത്. അതേ സമയം, ഇരുകൂട്ടരും തമ്മിലെ ആക്രമണങ്ങൾക്ക് ശമനമില്ല. ഇന്നലെ തെക്കൻ ലെബനനിലെ ടയറിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഇതിനിടെ, ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44,230 കടന്നു.

# തുടരുന്ന ആക്രമണം

 2023 ഒക്‌ടോബറിൽ ഗാസ യുദ്ധം തുടങ്ങിയത് മുതൽ ഹിസ്ബുള്ളയും ഇസ്രയേലും സമാന്തര ആക്രമണം നടത്തുന്നു

 കഴിഞ്ഞ മാസം ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ കരയാക്രമണം തുടങ്ങി

മേധാവി ഹസൻ നസ്രള്ള അടക്കം ഹിസ്ബുള്ളയുടെ ഉന്നതരെ ഇസ്രയേൽ വധിച്ചു

 ഒരു വർഷത്തിനിടെ ഇസ്രയേൽ ആക്രമണങ്ങളിൽ ലെബനനിൽ കൊല്ലപ്പെട്ടത് 3,750 പേർ. ഇതേ കാലയളവിൽ വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ള റോക്കറ്റാക്രമണങ്ങളിൽ നൂറിലേറെ പേരും കൊല്ലപ്പെട്ടു