pic

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അനുകൂലികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ജയിലിൽ കഴിയുന്ന ഇമ്രാന്റെ മോചനത്തിനായി അദ്ദേഹത്തിന്റെ പി.ടി.ഐ (തെഹ്‌രീക് - ഇ - ഇൻസാഫ് ) പാർട്ടി ആഹ്വാനം ചെയ്ത പ്രധാന റാലി തലസ്ഥാനമായ ഇസ്ലാമാബാദിനടുത്തെത്തി. പാർലമെന്റും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന ഇസ്ലാമാബാദിലെ റെഡ് സോണിലേക്ക് കടക്കുകയാണ് ലക്ഷ്യം. ഇത് തടയാൻ ഇസ്ലാമാബാദ് ഞായറാഴ്ച മുതൽ ലോക്ക്‌ഡൗണിലാണ്. ഇമ്രാന്റെ ഭാര്യ ബുഷ്‌റ ബീബിയുടെ നേതൃത്വത്തിലാണ് റാലി. ഇന്നലെ ലാഹോർ അടക്കമുള്ള നഗരങ്ങളിൽ ഇമ്രാൻ അനുകൂലികളും പൊലീസും ഏറ്റുമുട്ടി. പഞ്ചാബിൽ പൊതുഗതാഗതം തടസപ്പെട്ടു. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ഇസ്ലാമാബാദിലെത്തിയതിനാൽ കനത്ത സുരക്ഷാ വലയത്തിലാണ് നഗരം.