
മുംബയ്: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ നടത്തുന്ന ദേശീയതല ക്വിസ് മത്സരമായ 'യു-ജീനിയസ് 3.0' യുടെ ഫൈനലിൽ ബംഗ്ളൂരു സെന്റ് പോൾസ് ഇംഗ്ലീഷ് സ്‌കൂളിലെ ആദിത്യ ഗിരിയും നമൻ ഭോട്ടികയും വിജയികളായി. ഭോപ്പാൽ ജവഹർലാൽ നെഹ്‌റു പബ്ലിക് സ്‌കൂളിലെ കബീർ ദുബെയും ഹർഷ് ഖണ്ഡേക്കറും ഫസ്റ്റ് റണ്ണറപ്പായി. ജയ്‌പൂർ ജയശ്രീ പെരിവാൾ ഹൈസ്‌കൂളിലെ ആദിത്യ ഗുപ്തയും യുവരാജ് നവലാഖയുമാണ് രണ്ടാം റണ്ണറപ്പർമാർ.
8 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കായി ഇന്ത്യയിലെ 48 നഗരങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ 3,700 ലധികം സ്‌കൂളുകളിൽ നിന്നായി 12,500 ടീമുകൾ പങ്കെടുത്തു.
വിദ്യാർത്ഥികളിൽ മത്സര മനോഭാവം വളർത്തുന്നതിനും ബൗദ്ധിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമാണ് യു ജീനിയസ് ക്വിസ് മത്സരം ആരംഭിച്ചതെന്ന് യൂണിയൻ ബാങ്ക് എംഡിയും സി.ഇ.ഒയുമായ എ.മണിമേഖല പറഞ്ഞു.
വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും സഹിതം രണ്ട് ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. ഫസ്റ്റ് റണ്ണർഅപ്പ് ടീമിന് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും സെക്കൻഡ് റണ്ണർ അപ്പ് ടീമിന് 50,000 രൂപ യും സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനിച്ചു.