
സിംഗപ്പൂർ : വിമാനയാത്രയ്ക്കിടെ നാല് സ്ത്രീകൾക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയിൽ ഇന്ത്യക്കാരനായ 73കാരൻ കുറ്റക്കാരനെന്ന് വിധിച്ച് സിംഗപ്പൂർ കോടതി. സിംഗപ്പൂർ എയർലൈൻസിന്റെ (എസ്.ഐ.എ) വിമാനത്തിൽ യു.എസിൽ നിന്ന് സീംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്ത്രീകളെ ഇയാൾ ഉപദ്രവിച്ചതായി പരാതി ഉയർന്നത്. ഇതിൽ ഒരാളെ നാലു തവണ ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു. ബാലസുബ്രഹ്മണ്യൻ രമേഷ് എന്നയാൾക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
നവംബർ 18ന് വിമാനത്തിൽ വച്ച് മൂന്നുപേരെ ഇയാൾ ഓരോതവണ വീതം ഉപദ്രവിച്ചു. അതിക്രമത്തിന് ഇരയായ സ്ത്രീകൾ വിമാനത്തിലെ യാത്രക്കാരോ ജോലിക്കാരോ ആയിരുന്നോ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. പുലർച്ചെ 3.14ഓടെ ഇയാൾ ഒരു സ്ത്രീയെ ഉപദ്രവിച്ചു. അഞ്ച് മിനിട്ടിന് ശേഷം രണ്ടാമത്തെ സ്ത്രീയ്ക്ക് നേരെയും അതിക്രമം നടത്തി. പുലർച്ചെ 3.30നും 6നും ഇടയിൽ രണ്ടാമത്തെ സ്ത്രീയെ ഇയാൾ മൂന്നുതവണ കൂടി ഉപദ്രവിച്ചതായാണ് പരാതി. രാവിലെ 9.30ഓടെ മൂന്നാമതൊരു സ്ത്രീയെയും വൈകിട്ട് 5.30 ഓടെ നാലാമത്തെ സ്ത്രീയെയുംഉപദ്രവിച്ചു. ഡിസംബർ 13നാണ് കേസിഷൽ വിധി പ്രഖ്യാപിക്കുക. നിയമപ്രകാരം പ്രതിക്ക് മൂന്നുവർഷം വരെ തടവോ പിഴയോ ചൂരൽ പ്രയോഗമോ അല്ലെങ്കിൽ ഇവ മൂന്നും ഒരുമിച്ചോ ശിക്ഷ അനുഭവിക്കേണ്ടി വരും. എന്നാൽ പ്രതിക്ക് 50ന് മുകളിൽ പ്രായമുള്ളതിനാൽ ചൂരൽ പ്രയോഗം ഒഴിവാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്.