railway

ന്യൂഡല്‍ഹി: നിശ്ചിത വിലയില്‍ കൂടുതല്‍ പണം ഈടാക്കി സാധനങ്ങള്‍ വില്‍ക്കുന്നത് കുറ്റകരമാണ്. എന്നാല്‍ ഈ നിയമം പലപ്പോഴും ലംഘിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ യാത്രക്കാരനില്‍ നിന്ന് കുപ്പിവെള്ളത്തിന് അഞ്ച് രൂപ കൂടുതല്‍ ഈടാക്കിയ കാറ്ററിംഗ് സര്‍വീസുകാര്‍ക്ക് ഒരു ലക്ഷം രൂപ പിഴയിട്ടിരിക്കുകയാണ് റെയില്‍വേ. റെയില്‍ നീര്‍ ബ്രാന്‍ഡ് കുപ്പിവെള്ളത്തിന് 15 രൂപ വിലയുള്ളിടത്ത് 20 രൂപയാണ് ഈടാക്കിയത്.

നിശ്ചിത വിലയായ 15 രൂപക്കു പകരം 20 രൂപ ചോദിച്ചു വാങ്ങുന്നതിന്റെ വീഡിയോ പൂജ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലെ ഒരു യാത്രക്കാരന്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നല്‍കിയത് വൈറലായിരുന്നു. ഈ യാത്രക്കാരന്‍ ട്രെയിനില്‍ നിന്നു തന്നെ റെയില്‍വേയുടെ 139 എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കാറ്ററിംഗ് കമ്പനിക്ക് പിഴ ഇട്ടത്. പരാതി നല്‍കിയതിനു തൊട്ടു പിന്നാലെ കാറ്ററിംഗ് സര്‍വീസ് പ്രതിനിധി എത്തുകയും, അധികമായി വാങ്ങിയ അഞ്ചു രൂപ തിരിച്ചു കൊടുക്കുകയും ചെയ്തിരുന്നു.

ഇത്തരത്തില്‍ അനുവദിനീയമായതില്‍ കൂടുതല്‍ വില വാങ്ങിയാല്‍ അത് അപ്പോള്‍ തന്നെ ചോദ്യം ചെയ്യാന്‍ മടിക്കരുതെന്നാണ് റെയില്‍വേ തന്നെ വ്യക്തമാക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നാല്‍ പരാതി നല്‍കാന്‍ മടിക്കരുതെന്നും റെയില്‍വേ നിര്‍ദേശിക്കുന്നുണ്ട്. ഹെല്‍പ് ലൈന്‍ നമ്പറിലോ അല്ലെങ്കില്‍ റെയില്‍വേയുടെ വെബ്‌സൈറ്റിലോ പരാതി നല്‍കുവാനുള്ള സൗകര്യമുണ്ട്. പരാതി നല്‍കാനുള്ള നിശ്ചിത ഫോറമായ റെയില്‍മദദില്‍ പരാതി എഴുതി നല്‍കുകകയോ അല്ലെങ്കില്‍ 9717680982 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കുകയോ ചെയ്യാനും സൗകര്യം റെയില്‍വേ ഒരുക്കിയിട്ടുണ്ട്.