
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഒരു വര്‍ഷത്തിനിടെ 1000 കോടി രൂപയുടെ കരാറുമായി മികച്ച മുന്നേറ്റം നടത്തുന്നു. പ്രമുഖ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട മത്സരാധിഷ്ഠിത ടെണ്ടറുകളില്‍ പങ്കെടുത്താണ് കെല്‍ട്രോണ്‍ നേട്ടമുണ്ടാക്കിയതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. 2025ല്‍ ആയിരം കോടി രൂപയുടെ വിറ്റുവരവും 2030ല്‍ 2000 കോടിയുടെ വിറ്റുവരവുമാണ് കെല്‍ട്രോണ്‍ ലക്ഷ്യമിടുന്നത്. ഇതിനായി മുന്നൊരുക്കം തുടങ്ങി.ഓരോ മാസത്തിലും അഭിമാനകരമായ നേട്ടങ്ങളാണ് കെല്‍ട്രോണ്‍ കൈവരിക്കുന്നത്.
നവംബറില്‍ എഫ്.സി.ഐ ഉടമസ്ഥതയിലുള്ള 561 ഡിപ്പോകളിലും സി.സി.ടി.വി ക്യാമറകളുടെ സപ്ലൈ, ഇന്‍സ്റ്റലേഷന്‍, ടെസ്റ്റിംഗ്, കമ്മീഷനിംഗ് ആന്‍ഡ് ഓപ്പറേഷന്‍സ് എന്നിവയ്ക്കായി 168 കോടി രൂപയുടെ കരാര്‍ ലഭിച്ചു. ഒക്ടോബറില്‍ നാഗ്പൂര്‍ കോര്‍പ്പറേഷന്റെ 197 കോടിയുടെ ഓര്‍ഡറും കിട്ടി. നോര്‍വെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ മേഖലയിലെ പ്രമുഖ സ്ഥാപനമായ എല്‍ടോര്‍ക്കുമായി നേരത്തെ കെല്‍ട്രോണ്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു.
ഇന്ത്യയിലെ തന്നെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ കേന്ദ്രം നടപ്പു വര്‍ഷം കണ്ണൂരില്‍ ആരംഭിച്ചു. ഇന്ത്യയുടെ പ്രധാനപ്പെട്ട ബഹിരാകാര ദൗത്യങ്ങളിലെല്ലാം പങ്കാളികളാകുന്ന കെല്‍ട്രോണ്‍ കേരളത്തെ ഇലക്ട്രോണിക്സ് വ്യവസായത്തിന്റെ ഹബായി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് പി. രാജീവ് പറഞ്ഞു.