pic

ബെർലിൻ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അദ്ദേഹത്തിന്റെ 'പവർ ഗെയിമുകളുടെ" ഭാഗമായി നായകളോടുള്ള തന്റെ ഭയത്തെ മുതലെടുത്തെന്ന് മുൻ ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ. ആംഗലയുടെ 'ഫ്രീഹെയ്റ്റ് (ഫ്രീഡം)" എന്ന പുതിയ ഓർമ്മക്കുറിപ്പിലാണ് ഈ പരാമർശം. 2007ൽ റഷ്യയിലെ സോചിയിൽ വച്ച് നടന്ന കൂടിക്കാഴ്ചയെ പറ്റിയാണ് ആംഗല ഓർക്കുന്നത്.

കറുത്ത ലാബ്രഡോർ റിട്രീവറായ കോന്നി എന്ന വളർത്തുനായയേയും പുട്ടിൻ ഒപ്പം കൂട്ടിയിരുന്നു. ആംഗലയ്ക്ക് നായകളോട് ഭയമാണെന്ന് അറിഞ്ഞിട്ടും പുട്ടിൻ മനഃപൂർവം കോന്നിയെ കൊണ്ടുവന്നതാണെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. കൂടിക്കാഴ്ചയിലുടനീളം കോന്നി അടുത്തുവരുമ്പോൾ ആംഗല ഭയന്നിരുന്നു. ഇതിന്റെ ചിത്രങ്ങൾ ലോകപ്രശസ്തമാണ്.

നായകളെ ആംഗലയ്ക്ക് ഭയമാണെന്ന് അറിഞ്ഞതിന് പിന്നാലെ താൻ അവരോട് മാപ്പ് പറഞ്ഞെന്നായിരുന്നു സംഭവത്തിന് പിന്നാലെ പുട്ടിന്റെ പ്രതികരണം. ആംഗലയ്ക്ക് ഇഷ്ടപ്പെടുമെന്ന് കരുതിയാണ് കോന്നിയെ ഒപ്പം കൂട്ടിയതെന്നും പ്രതികരിച്ചിരുന്നു.

1995ൽ ഒരു നായയുടെ കടിയേറ്റ ശേഷമാണ് ആംഗലയ്ക്ക് നായകളോട് ഭയമായത്. മറ്റുള്ളവരെ കാത്തിരിപ്പിക്കുന്നതും പുട്ടിന്റെ പവർ ഗെയിമിന്റെ ഭാഗമാണത്രെ. മോശം പെരുമാറ്റങ്ങൾ നേരിടുന്നത് ഒഴിവാക്കാൻ വേണ്ടിയാണത്രെ പുട്ടിൻ ശ്രമിക്കുന്നത്.

പുട്ടിന് വളർത്തുനായകളോടുള്ള സ്നേഹം ഏറെ പ്രശസ്തമാണ്. പുട്ടിന്റെ ഏറ്റവും പ്രിയപ്പെട്ട നായയായിരുന്നു കോന്നി. കോന്നിയെ ഒരു വയസുള്ളപ്പോൾ മുൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗുവാണ് പുട്ടിന് സമ്മാനമായി നൽകിയത്. എപ്പോഴും പുട്ടിനൊപ്പമുണ്ടായിരുന്ന കോന്നിയ്ക്ക് ലോക നേതാക്കളുമൊത്തുള്ള ഔദ്യോഗിക ചർച്ചകളിൽ പോലും അനുവാദം കൂടാതെ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. കോന്നി 2014ൽ ചത്തുപോയിരുന്നു.