surya

ബംഗളൂരു: ശ്രീമൂകാംബിക ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ സൂര്യയും ഭാര്യ ജ്യോതികയും. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ശ്രദ്ധനേടുകയാണ്. വളരെ ലളിതമായ വേഷത്തിൽ താരപ്രൗഡിയൊന്നുമില്ലാതെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്.

അതേസമയം, സൂര്യയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം 'കങ്കുവ' ഏറ്റവും വലിയ നഷ്ടം നേരിട്ട ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്താണ്. വലിയ വിമർശനമാണ് ആരാധകരിൽ നിന്ന് കങ്കുവ ഏറ്റുവാങ്ങിയത്. വലിയ പ്രൊമോഷനോടെ എത്തിയ ചിത്രം ബോക്‌സോഫീസിൽ തക‌ർന്നടിയുകയായിരുന്നു. 300 കോടിയോളം ബഡ്‌ജറ്റിൽ ഒരുക്കിയ സിനിമയ്ക്ക് പകുതി തുക പോലും നേടാനായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കങ്കുവ അധികം വൈകാതെ തന്നെ ഒടിടിയിൽ എത്തുമെന്ന പുതിയ വിവരവും പുറത്തുവരുന്നുണ്ട്. നേരത്തെയുള്ള ഒടിടി റിലീസിനായി ചിത്രത്തിന്റെ നിർമാതാക്കൾ ശ്രമിക്കുന്നുവെന്നാണ് വിവരം. ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം വലിയ തുകയ്ക്ക് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. മുൻ കരാ‌ർ പ്രകാരം റിലീസ് ചെയ്ത് എട്ടുമാസത്തിന് ശേഷമായിരിക്കും സിനിമ ഒടിടിയിൽ എത്തുകയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ചിത്രം വമ്പൻ പരാജയം ഏറ്റുവാങ്ങിയതോടെ നാല് ആഴ്‌ചയ്ക്കുള്ളിൽതന്നെ ആമസോൺ പ്രൈമിൽ എത്തിച്ചേരാനാണ് സാദ്ധ്യത.

ശിവ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം നവംബർ 14നാണ് റിലീസ് ചെയ്തത്. ബോളിവുഡ് താരം ബോബി ഡിയോളും കങ്കുവയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിഷ പട്ടാണിയാണ് നായിക. ആഗോളവ്യാപകമായി 38 ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം 1500 വർഷങ്ങൾക്ക് മുൻപുളള കഥയാണ് പറയുന്നത്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹരിഷ് ഉത്തമൻ, നടരാജൻ സുബ്രഹ്മണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.