
ന്യൂഡൽഹി: മാസങ്ങളായുള്ള കാത്തിരിപ്പിനുശേഷം ആദ്യ മൂന്ന് എഎച്ച്-64ഇ അപ്പാച്ചെ അറ്റാക്ക് ഹെലികോപ്‌ടറുകൾ സ്വന്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ ആർമി. ബോയിംഗിൽ നിന്നുള്ള ഹെലികോപ്‌ടറുകൾ ഡിസംബറിലെത്തും. വ്യോമ മേഖലിൽ സേനയ്ക്ക് വലിയ കരുത്ത് നൽകുന്നതാവും ഈ ആക്രമണ ഹെലികോപ്‌ടറുകൾ.
ഹെലികോപ്‌ടറിലെ പ്രധാന ഘടകങ്ങൾ ലഭിക്കാ കാലതാമസം മൂലം ഫെബ്രുവരിയിൽ നടക്കേണ്ട ഡെലിവറി ഡിസംബറിലേയ്ക്ക് മാറ്റുകയായിരുന്നു. അടുത്തമാസം തന്നെ ഡെലിവറിയുണ്ടാകുമെന്ന് ബോയിംഗും സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീടുള്ള മാസങ്ങളിൽ കൂടുൽ ഹെലികോപ്‌ടറുകളെത്തും.
പടിഞ്ഞാറൻ അതിർത്തികളിലും വിജനമായ പ്രദേശങ്ങളിലുമായിരിക്കും ഈ ഹെലികോപ്‌ടറുകൾ സ്റ്റേഷൻ ചെയ്യുകയെന്നാണ് വിവരം. തുറന്ന പ്രദേശങ്ങളിലുള്ള പ്രവർത്തനത്തിനായാണ് അപ്പാച്ചെ ഹെലികോപ്‌ടറുകൾ കൂടുതലായും ഉപയോഗിക്കുന്നത്. കരയിൽ പ്രവർത്തിക്കുന്ന സൈനികർക്ക് വ്യോമ പിന്തുണ നൽകും. ശത്രുക്കളുടെമേൽ കൃത്യമായ ആക്രമണം നടത്തുകയും രഹസ്യാന്വേഷണ ദൗത്യങ്ങൾ നടത്തുകയും ചെയ്യുന്നതിലൂടെ അപ്പാച്ചെകൾ ഇന്ത്യയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും.
ഇന്ത്യൻ വ്യോമസേനയുടെ പക്കൽ 22 അപ്പാച്ചെകളുണ്ട്. 2022ലാണ് അപ്പാച്ചെകൾക്കുള്ള കരാറിൽ ഇന്ത്യൻ ആർമി ഒപ്പുവയ്ക്കുന്നത്. പുതിയ ഹെലികോപ്‌ടറുകൾ എത്തുന്നതോടെ ആർമിയും വ്യോമസേനയും സംയുക്തമായി പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
സവിശേഷതകൾ
ബോയിംഗ് എഎച്ച്-64ഇ അപ്പാച്ചെ ശക്തമായ അമേരിക്കൻ നിർമിത ആക്രമണ ഹെലികോപ്‌ടറാണ്. ഇരട്ട ടർബോ ഷാഫ്റ്റ് എഞ്ചിൻ, ടെയിൽ വീൽ ലാൻഡിംഗ് ഗിയർ, രണ്ട് ക്രൂ അംഗങ്ങൾക്കായി ടാൻഡം കോക്‌പിറ്റ്, അത്യാധുനിക സെൻസറുകൾ, നൈറ്റ് വിഷൻ എന്നിവയാണ് ഇതിന്റെ പ്രധാന പ്രത്യേകതകൾ.
എയർക്രാഫ്റ്റിന്റെ പ്രധാന ബോഡിയായ അപ്പാച്ചെയുടെ ഫ്രണ്ട് ഫ്യൂസ്‌ലേജിന് കീഴിൽ 30 എംഎം എം230 ചെയിൻ ഗൺ ഘടിപ്പിച്ചിരിക്കുന്നു. എജിഎം-114 ഹെൽഫയർ മിസൈലുകൾ, ഹൈഡ്ര 70 റോക്കറ്റ് പോഡുകൾ തുടങ്ങിയ ആയുധങ്ങൾ വഹിക്കാൻ സ്റ്റബ് ചിറകുകളിൽ നാല് ഹാർഡ് പോയിന്റുകൾ ഉണ്ട്. യുദ്ധസമയത്തെ കേടുപാടുകൾ നേരിടാൻ കഴിയുന്ന രീതിയിലാണ് രൂപകൽപ്പന.
ലോകത്തെ ഏറ്റവും അത്യാധുനിക മൾട്ടിമിഷൻ അറ്റാക്ക് ഹെലികോപ്‌ടറായാണ് എഎച്ച്-64ഇ അപ്പാച്ചെയെ ബോയിംഗ് വിശേഷിപ്പിക്കുന്നത്. ഡിജിറ്റൽ ആശയവിനിമയത്തിനുള്ള സൗകര്യം, മികച്ച അതിജീവന ശേഷി, പൈലറ്റുമാർക്ക് തീരുമാനമെടുക്കാനുള്ള പിന്തുണ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.