students

നോർവേയിൽ ഉന്നത വിദ്യാഭ്യാസ - തൊഴിൽ മേഖലകളിൽ മികച്ച അവസരങ്ങൾ. ബോൾഗോന ഉടമ്പടിയിൽ ഉൾപ്പെട്ട യൂറോപ്യൻ രാജ്യമായതിനാൽ യൂറോപ്യൻ ക്രെഡിറ്റ് ട്രാൻസ്ഫർ രീതിയുണ്ട്. ആർക്കിടെക്ചർ, മാനേജ്‌മെന്റ്, എൻജിനിയറിംഗ്, നിയമം, സയൻസ്, മെഡിസിൻ, അദ്ധ്യാപന കോഴ്‌സുകൾക്ക് സാദ്ധ്യതയുണ്ട്. മൂന്നു വർഷ ബിരുദപ്രോഗ്രാം, 1- 2 വർഷ ബിരുദാനന്തര പ്രോഗ്രാം, മൂന്നു വർഷ ഡോക്ടറൽ പ്രോഗ്രാം എന്നിവയുണ്ട്.

ദേശീയ തലത്തിൽ 8 വീതം സർവ്വകലാശാലകളും സ്‌പെഷ്യലിസ്റ്റ് യൂണിവേഴ്‌സിറ്റികളും നോർവേയിലുണ്ട്. 18 സ്റ്റേറ്റ് യൂണിവേഴ്‌സിറ്റികളുമുണ്ട്. ഫിഷറീസ്, നഴ്‌സിംഗ്, ഫാർമസി, മെക്കാനിക്കൽ എൻജിനിയറിംഗ്, HVAC, ബയോടെക്‌നോളജി, ഐ.ടി മേഖലകളിൽ തൊഴിലവസരങ്ങളുണ്ട്. മോളിക്യൂലാർ ബയോളജി, ബയോമെഡിക്കൽ സയൻസ്, ഫിഷറീസ് സയൻസ് എന്നിവയിൽ ഗവേഷണ സാധ്യതകളുണ്ട്. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ IELTS സ്കോർ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആവശ്യമാണ്. www.nav.no.


ജർമനിയിൽ ഉപരിപഠന സ്‌കോളർഷിപ്പുകൾ

എൻജിനിയറിംഗ്, ടെക്‌നോളജി കോഴ്‌സുകൾ പൂർത്തിയാക്കിയവർ ഇന്ത്യയിൽ നിന്ന് ജർമനിയിൽ ഉപരിപഠനത്തിനു പോകുന്ന പ്രവണത വർദ്ധിച്ചു വരുന്നു. നഴ്‌സിംഗിനും ജർമനിയിൽ സാദ്ധ്യതകളുണ്ട്. എല്ലാറ്റിനും ജർമൻ ഭാഷാ പ്രാവീണ്യം അത്യന്താപേക്ഷിതമാണ്.

ജർമനിയിൽ ഉപരിപഠനത്തിന് നിരവധി സ്‌കോളർഷിപ്പുകളുണ്ട്. DAAD ജർമനി വഴിയാണ് ജർമൻ ഉപരിപഠന മേഖല കണ്ടെത്തേണ്ടത്. സ്‌കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ എന്നിവയെക്കുറിച്ചും ജർമൻ വിദ്യാഭ്യാസ വിജ്ഞാന വ്യാപന വിഭാഗമായ DAAD ജർമനിയിൽ നിന്ന് അറിയാൻ സാധിക്കും. ജർമനിയിൽ സർക്കാർ സ്‌കോളർഷിപ്പും അല്ലാത്തവയുമുണ്ട്. ചില സ്‌കോളർഷിപ്പുകൾ നേരിട്ട് സർവകലാശാലകളാണ് നൽകുന്നത്.

എറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്, DAAD സ്‌കോളർഷിപ് എന്നിവ സർക്കാർ സ്‌കോളർഷിപ്പുകളാണ്. ബെയർ ഫൗണ്ടേഷൻ സ്‌കോളർഷിപ്, ഗോത്ഗോസ് ഗ്ലോബൽ സ്‌കോളർഷിപ്, ഇ.എസ്.എം.ടി വിമൻസ് അക്കാഡമിക് സ്‌കോളർഷിപ്, ജേക്കബ്‌സ് യൂണിവേഴ്‌സിറ്റി സ്‌കോളർഷിപ്, ഇ.എം.എസ്. യു.ജി സ്‌കോളർഷിപ്, DLD സ്‌കോളർഷിപ്, ഹെന്റ്രിച്ച് സ്‌കോളർഷിപ് എന്നിവ പ്രധാനപ്പെട്ടവയാണ്. www.daad.de.


ഇർമ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാം

ഗുജറാത്തിൽ ആനന്ദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ മാനേജ്‌മെന്റിൽ -IRMA ബിരുദാനന്തര ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. കോഴ്‌സിൽ Economics, Finance and Accounting, Strategic Management, Marketing, Production and Operations Management, Organizational Behavior and Human Resource Management, Social Sciences, Information Technology and Systems എന്നിവയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. ബിരുദധാരികൾക്ക് CAT സ്‌കോറിന്റെ അടിസ്ഥാനത്തിൽ അഡ്മിഷന് ശ്രമിക്കാം. www.irma.ac.in.