divya-prabha-

77ാം കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രം ഇന്ത്യൻ സിനിമയുടെ യശസ് ഉയർത്തിയ ഒന്നായിരുന്നു. ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് സൗഹൃദം, സ്വത്വം, പ്രതിരോധശേഷി, മാനുഷിക ബന്ധങ്ങളുടെ സങ്കീർണതകൾ എന്നീ പ്രമേയങ്ങൾ ആകർഷകമായി അവതരിപ്പിച്ച ചിത്രമായിരുന്നു. പായൽ കപാഡിയയുടെ സംവിധാനത്തിൽ പിറന്ന ചിത്രത്തിൽ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ എന്നിവരാണ് സുപ്രധാന വേഷങ്ങളിൽ എത്തിയത്.

ചിത്രം കഴിഞ്ഞ ആഴ്ച തീയേറ്റുകളിൽ എത്തിയോടെ ഏറെ പ്രശംസയും നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ച മലയാളികളെയും കേരളത്തെയും നാണംകെടുത്തുന്നതാണ്. ചിത്രത്തിൽ ദിവ്യ പ്രഭയുടെ കഥാപാത്രം അർദ്ധ നഗ്നയായി അഭിനയിക്കുന്നുണ്ട്. ഇതിനെ മറ്റൊരു തലത്തിൽ ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ. ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ചിത്രത്തെ ബി ഗ്രേഡ് സിനിമയുടെ ലെവലിൽ ചർച്ച ചെയ്യുന്നത് നാണക്കേടുണ്ടാക്കുന്ന ഏർപ്പാടാണെന്ന് പലരും അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിവ്യ പ്രഭ.

ദിവ്യ പ്രഭയുടെ വാക്കുകളിലേക്ക്...
'സിനിമയുടെ പ്രേക്ഷകർ എത്രമാത്രം പുരോഗമിച്ചെന്ന് പറഞ്ഞാലും ഇത്തരം വിഷയത്തിലേക്ക് എത്താൻ സമയമെടുക്കും. സിനിമ മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങൾ കാണാതെ ഇതുമാത്രം എടുത്ത് ചർച്ച ചെയ്യുന്നത് കഷ്ടമാണ്. സെൻസിബിളായ പല പ്രേക്ഷകരും സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞു. അത് സന്തോഷം നൽകുന്ന കാര്യമാണ്.

കാൻ ചലച്ചിത്ര മേളയിൽ പുരസ്‌കാരം ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ല. എന്നാൽ ഈയൊരു കാര്യം ആദ്യമേ വിചാരിച്ചു. ഇവിടെയുള്ള ആളുകൾക്ക് അഭിനേതാവ്, സിനിമ തുടങ്ങിയ കാര്യങ്ങളിലെ കാഴ്ചപ്പാട് മനസിലാക്കാൻ കുറച്ച് സമയമെടുക്കും. പ്രതീക്ഷിച്ചിരുന്ന കാര്യമായത് കൊണ്ട് നിരാശയില്ല. ഒരു പുതിയ കാര്യമായിട്ട് തോന്നുന്നുമില്ല. പ്രത്യേകിച്ച് മലയാളികളുടെ ഇടയിൽ നിന്ന്.

പൈറസിക്കെതിരെ ശക്തമായ നിയമം ഇവിടെയുണ്ടോ എന്ന കാര്യം സംശയമാണ്. ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെയാണ് ഇതുള്ളത്. സിനിമ പറയുന്ന മറ്റ് വിഷയങ്ങൾ ശ്രദ്ധിക്കാതെ ഈയൊരു കാര്യം മാത്രം ചർച്ച ചെയ്യുന്നത് കഷ്ടമാണ്. എന്നാൽ ഇതിനെല്ലാം എന്തിനാണ് മറുപടി കൊടുക്കുന്നത് എന്ന മനോഭാവമാണ് എനിക്ക്. ശരിക്കും ഇന്ത്യയിൽ നിന്നും അതിനും പുറത്ത് നിന്നുമെല്ലാം എനിക്ക് വ്യക്തിപരമായ സന്ദേശങ്ങളും ഫോൺ കോളുകളും വരുന്നുണ്ട്'


'ഈ ചർച്ചകൾ എന്നെ ഒരു ശതമാനം പോലും ബാധിച്ചിട്ടില്ല. വെറുതെ പറയുന്നതല്ല, ആ രംഗങ്ങൾ ചിത്രീകരിക്കുമ്പോഴെ ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു. കാനിൽ ചിത്രം എത്തുമെന്നൊന്നും പ്രതീക്ഷിച്ചില്ല. എന്നാൽ ഈ ചർച്ച പ്രതീക്ഷിച്ചതാണ്. ഷൂട്ടിംഗ് കാണാൻ പോകേണ്ടതായിരുന്നു എന്നാണ് ചിലർ കമന്റിട്ടത്. ഇത്തരം മനുഷ്യരോട് എന്ത് മറുപടി പറയാൻ. സഹിക്കുകയല്ലാതെ'- ദിവ്യ പ്രഭ വ്യക്തമാക്കി.