train

ട്രെയിനപകടങ്ങൾ അപ്രതീക്ഷിതമോ യാദൃശ്ചികമായോ ഉണ്ടാകുന്നതാണ്. എന്നാൽ ബോധപൂർവം ക്ഷണിച്ചുവരുത്തുന്ന അപകടങ്ങളോ? റെയിൽവെ ട്രാക്കിലൂടെ നടക്കുകയോ പാളം മുറിച്ചുകടക്കുകയോ ചെയ്യുന്നത് റെയിൽവെ നിയമ പ്രകാരം ശിക്ഷാർഹമാണ്. എന്നാൽ അശ്രദ്ധമായി പാളത്തലൂടെ നടക്കുകയും റീൽസ് ചിത്രീകരിക്കുന്നതും മദ്യലഹരിയിൽ ട്രാക്കിലൂടെ നടന്നുമൊക്കെ അപകടം ക്ഷണിച്ചു വരുത്തുന്നത് പതിവായിട്ടുണ്ട്. ട്രെയിനിൽ വാതിൽക്കലിരുന്ന് യാത്രചെയ്യുന്നതിനിടെയുണ്ടാകുന്ന അപകടങ്ങൾക്കും കുറവില്ല. ഇങ്ങനെ ജീവൻ പൊലിയുകയോ മാരകമായി പരിക്കേൽക്കുകയോ ചെയ്യുന്ന സംഭവങ്ങൾ കേരളത്തിൽ നിത്യസംഭവമായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസം കൊല്ലം മയ്യനാട് റെയിൽവെ സ്റ്റേഷനിൽ സഹപാഠികളിടെ കൺമുന്നിൽ വച്ച് പ്ളസ് ടു വിദ്യാർത്ഥിനി ട്രെയിനിടിച്ച് മരിച്ച സംഭവമാണ് ഈ ശ്രേണിയിലെ ഒടുവിലത്തേത്. അതിന് ഏതാനും ദിവസം മുമ്പാണ് തൃശൂർ റെയിൽവെ സ്റ്റേഷനിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വനിതാ കണ്ടക്ടർക്ക് ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ രണ്ട് കാലുകളും അപകടത്തിൽ നഷ്ടമായി.

നവംബർ 20 ന് വൈകിട്ട് 4.30 മണിയോടെ മയ്യനാട് റെയിൽവെ സ്റ്റേഷനിൽ വച്ചാണ് മയ്യനാട് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി ചാത്തന്നൂർ കോയിപ്പാട് വിളയിൽ വീട്ടിൽ അജി- ലീജ ദമ്പതികളുടെ മകൾ ദേവനന്ദ (17) യെ നേത്രാവതി എക്സ്പ്രസ് ഇടിച്ചു തെറിപ്പിച്ചത്. സ്കൂൾ വിട്ടശേഷം സഹപാഠികളുമൊത്ത് റെയിൽവെ സ്റ്റേഷനിലെത്തിയതായിരുന്നു ദേവനന്ദ. ഈ സമയം ഒരു ട്രാക്കിൽ കൊല്ലം- തിരുവനന്തപുരം പാസഞ്ചർ നിറുത്തിയിട്ടിരുന്നു. ദേവനന്ദയും കൂട്ടുകാരികളും ട്രെയിനു മുന്നിലൂടെ കടന്ന് രണ്ടാമത്തെ ട്രാക്കിലെത്തിയപ്പോൾ ദൂരെ നിന്ന് മറ്റൊരു ട്രെയിന്റെ ചൂളം വിളി കേട്ടു. ഇതുകണ്ട് മറ്റുള്ളവർ രണ്ടാം പ്ളാറ്റ്ഫോമിലേക്ക് ചാടിക്കയറി. പ്ളാറ്റ്ഫോമിന് ഉയരക്കൂടുതലുള്ളതിനാൽ ദേവനന്ദയ്ക്ക് എളുപ്പത്തിൽ ചാടിക്കയറാനായില്ല. ഇതിനിടെ കൂട്ടുകാരി ശ്രേയയെ സഹപാഠിയായ അഹമ്മദ് നിഹാൽ പ്ളാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റി. ദേവനന്ദയെ വലിച്ചുകയറ്റാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൺമുന്നിൽ ദേവനന്ദയുടെ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ കാഴ്ച സഹപാഠികൾക്ക് ഞെട്ടലോടെ കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു. കൈയ്യിൽ പിടുത്തം കിട്ടിയിട്ടും തന്റെ സഹപാഠിയെ ദാരുണമായ മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നതിന്റെ ഞെട്ടലിൽ നിന്ന് അഹമ്മദ് നിഹാൽ ഇനിയും മുക്തമായിട്ടില്ല.

ഗുരുവായൂർ ദർശനത്തിനെത്തി,

അപകടത്തിൽ പെട്ടു

കൊല്ലം തേവലക്കര പടിഞ്ഞാറ്റക്കര തെക്ക് ഒറ്റമാംവിളയിൽ ശുഭകുമാരിയമ്മ (45) ഗുരുവായൂർ ക്ഷേത്രദർശനത്തിനാണ് നവംബർ 13 ന് കൂട്ടുകാരിക്കൊപ്പം തൃശൂരിലെത്തിയത്. ഇരുവരും തൃശൂ‌‌‌‌ർ റെയിൽവെ സ്റ്റേഷനിലെ രണ്ടാം പ്ളാറ്റ്ഫോമിൽ ട്രെയിനിറങ്ങി ഒന്നാം പ്ളാറ്റ്ഫോമിലേക്ക് പോകാൻ മേൽപാലം ഉണ്ടെങ്കിലും അതുപയോഗിക്കാതെ ട്രാക്ക് മുറിച്ചു കടക്കുകയായിരുന്നു. ഉയരമുള്ള ഒന്നാം പ്ളാറ്റ്ഫോമിലേക്ക് കൂട്ടുകാരി ചാടിക്കയറിയെങ്കിലും ശുഭകുമാരിക്ക് കയറാനായില്ല. ഇതിനിടെയാണ് ഇൻഡോർ- കൊച്ചുവേളി എക്സ്പ്രസ് വേഗത്തിൽ പ്ളാറ്റ്ഫോമിലേക്കെത്തിയത്. മുകളിലേക്ക് കയറാനോ പിന്നോട്ട് മാറാനോ കഴിയാതെ ശുഭകുമാരരിയമ്മ ട്രാക്കിനും പ്ളാറ്റ്ഫോം ഭിത്തിക്കുമിടയിൽ പെട്ടുപോയി. മറ്റു യാത്രക്കാർ നിസഹായരായി നോക്കിനിൽക്കെ പാഞ്ഞെത്തിയ ട്രെയിനിടിച്ച് അരയ്ക്ക് താഴെ കാലുകൾ തകർന്ന നിലയിൽ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ രണ്ട് കാലുകളും മുറിച്ചു മാറ്റേണ്ടി വന്നു. കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വനിതാ കണ്ടക്ടറായ ശുഭകുമാരിയമ്മയുടെ ഭർത്താവ് രവീന്ദ്രൻ ഏതാനും വർഷം മുമ്പ് മരിച്ചിരുന്നു. രണ്ട് പെൺമക്കളുള്ള കുടുംബത്തിന്റെ ഏക അത്താണിയാണ് ശുഭകുമാരിയമ്മ. റെയിൽവെ സ്റ്റേഷനുകളിൽ യാത്രക്കാർ ട്രാക്ക് മുറിച്ച് കടക്കാതെ തന്നെ ഒരു പ്ളാറ്റ്ഫോമിൽ നിന്ന് മറ്റു പ്ളാറ്റ്ഫോമിലേക്കെത്താൻ മേൽപ്പാലമുണ്ട്. വലിയ സ്റ്റേഷനുകളിൽ എസ്ക്കലേറ്റർ, ലിഫ്റ്റ് സൗകര്യങ്ങൾ നിലവിലുണ്ടെങ്കിലും പല യാത്രക്കാരും അതൊന്നും ഉപയോഗിക്കാതെ അപകടം ക്ഷണിച്ചു വരുത്തുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ശുഭകുമാരിയമ്മയ്ക്കുണ്ടായ അപകടം. സ്റ്റേഷനിലേക്ക് ട്രെയിനുകൾ എത്തുന്നതിനു മുമ്പായി പലവട്ടം ഇക്കാര്യം അനൗൺസ് ചെയ്യാറുമുണ്ടെങ്കിലും ആൾക്കാർ എളുപ്പവഴി തേടി അപകടത്തിൽപ്പെടുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്.

തൃശൂർ ഡിവൈൻ നഗർ റെയിൽവെ സ്‌റ്റേഷനിൽ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്കേറ്റ രണ്ട് സത്രീകളിൽ ഒരാൾ മരിച്ചതും കഴിഞ്ഞ ദിവസമാണ്. മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ വന്ന് മടങ്ങുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശിനി റോസമ്മ ജെയിംസ് (75) ആണ് മരിച്ചത്. വടക്കൻ പറവൂർ സ്വദേശി ഉഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടശേഷം അരമണിക്കൂറോളം ട്രാക്കിൽ കിടന്ന ഇവരെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. എഗ്മോർ - ഗുരുവായൂർ ട്രെയിനാണ് ഇവരെ ഇടിച്ചത്.

ഷൊർണൂരിൽ

മരിച്ചത് 4 പേർ

റെയിൽവെ ട്രാക്കിലെ മാലിന്യം നീക്കുന്നതിനിടെയാണ് കഴിഞ്ഞമാസം ഷൊർണൂരിൽ ട്രെയിനിടിച്ച് തമിഴ്നാട്ടുകാരായ 4 തൊഴിലാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഭാരതപ്പുഴ മുറിച്ചുകടക്കുന്ന 'കൊച്ചിൻ' പാലത്തിനു മുകളിൽവച്ച് ഡൽഹി- തിരുവനന്തപുരം കേരള എക്‌സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. മൂന്ന് പേർ സംഭവസ്ഥലത്ത് മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. പിറ്റേന്ന് നടത്തിയ തിരച്ചിലിൽ ഭാരതപ്പുഴയിൽ നിന്നാണ് നാലാമത്തെ ആളിന്റെ മൃതദേഹം കണ്ടെടുത്തത്. ഷൊർണൂർ ട്രെയിൻ അപകടത്തിൽ റെയിൽവേയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പാലക്കാട് റെയിൽവെ ഡിവിഷൻ അധികൃതർ പറഞ്ഞത്. ശുചീകരണ തൊഴിലാളികൾ ട്രാക്കിലൂടെ നടന്നത് പിഴവാണെന്നും ട്രാക്കിന് തൊട്ടടുത്തുള്ള റോഡ് ഉപയോഗിച്ചില്ലെന്നുമാണ് റെയിൽവെ കുറ്റപ്പെടുത്തിയത്. റീൽസ് ചിത്രീകരിക്കാൻ ട്രാക്കിലൂടെ നടന്നും ജീപ്പ് ഓടിച്ചു കയറ്റിയും അപകടങ്ങൾ ഉണ്ടാകുന്ന സംഭവങ്ങൾ ഇപ്പോൾ കൂടുകയാണ്. മൊബൈൽ ഫോണിൽ സംസാരിച്ചും പാട്ടുകേട്ടും അശ്രദ്ധമായി ട്രാക്കിലൂടെ നടക്കുന്നതും പാളം മുറിച്ചു കടക്കുന്നതും മദ്യപിച്ച് ട്രാക്കിൽ ഇറങ്ങുന്നതും കൂടുതൽ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ട്രെയിൻ യാത്രക്കിടെ അപകടം സംഭവിച്ചാൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെങ്കിലും റോഡപകടങ്ങൾ പോലെ ട്രെയിനപകടത്തിനിരയാകുന്നവർക്ക് യാതൊരു നഷ്ടപരിഹാരവും ലഭിക്കില്ലെന്നതാണ് ശ്രദ്ധേയമായ വസ്തുത. കാരണം റെയിൽവെയുടെ അധീനതയിലുള്ള സ്ഥലത്തു വച്ചുണ്ടാകുന്ന അപകടങ്ങൾ നിരോധനം ലംഘിച്ചും അതിക്രമിച്ചും കയറുന്നതിനാലുണ്ടാകുന്നതെന്നാണ് റെയിൽവെയുടെ നിയമം.

അപകടങ്ങൾ

തുടർക്കഥ

ദക്ഷിണ റെയിൽവെ ചെന്നൈ ഡിവിഷനിൽ ട്രാക്കുകളിലുണ്ടാകുന്ന അപകടങ്ങളിൽ കഴിഞ്ഞ ജൂലായ് വരെ 720 പേർ മരിച്ചതായാണ് കണക്ക്. പ്രതിദിനം ശരാശരി മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെടുന്നുവെന്ന് സാരം. 2022 ൽ 984 മരണങ്ങളും 2023 ൽ 1077 മരണങ്ങളുമുണ്ടായി. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം ഇതിലും ഏറെയാണ്. 75 ശതമാനം അപകടങ്ങളും ഒഴിവാക്കാമായിരുന്നതാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മേൽപ്പാലമുള്ള സ്റ്റേഷനുകളിൽ പോലും അതുപയോഗിക്കാതെ എളുപ്പത്തിൽ അപ്പുറം കടക്കാൻ ട്രാക്ക് മുറിച്ച് യാത്രക്കാർ പോകുന്ന കാഴ്ച മിക്ക റെയിൽവെ സ്റ്റേഷനുകളിലും പതിവ് കാഴ്ചയാണ്. ലവൽക്രോസിംഗുകളിൽ ട്രെയിൻ പോകാനായി ഗേറ്റ് അടഞ്ഞുകിടക്കുന്ന സമയത്തും ട്രാക്ക് മുറിച്ചു കടക്കുന്നവർ അപകടത്തിൽ പെടുന്ന സംഭവങ്ങളുണ്ട്. രണ്ട് ട്രാക്കുള്ളതിനാൽ ഒരു ട്രാക്കിലൂടെ ട്രെയിൻ കടന്നു പോയാലുടൻ മറ്റേ ട്രാക്കിൽ ശ്രദ്ധിക്കാതെ ട്രാക്ക് മുറിച്ചുകടക്കുമ്പോഴാകും അപകടത്തിൽപ്പെടുക. ഒരു ട്രെയിൻ കടന്നു പോകുന്ന സമയത്ത് രണ്ടാം ട്രാക്കിലൂടെ ട്രെയിൻ എത്തുമ്പോൾ അതിന്റെ ശബ്ദം കേൾക്കാൻ കഴിയില്ല. ഇതും അപകടത്തിന് കാരണമാകും. റെയിൽവെ സ്റ്റേഷനുകളിലും പുറത്തും പാളങ്ങൾ മുറിച്ചു കടക്കുമ്പോൾ അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം സുനിശ്ചിതമാണ്. യാത്രാവണ്ടികളും ചരക്ക് വണ്ടികളുമായി ഒരു ദിവസം 150 ലേറെ ട്രെയിനുകളാണ് നമ്മുടെ ട്രാക്കുകളിലൂടെ കൂകിപ്പായുന്നത്. അല്പം ശ്രദ്ധയുണ്ടായാൽ മാത്രം മതിയാകും ജീവൻ നിലനിറുത്താൻ.