gurusagaram

ശ്രീനാരായണ ഗുരുദേവൻ ആലുവയിൽ സംഘടിപ്പിച്ച സർവമത മഹാസമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് വത്തിക്കാനിൽ ഈ 29, 30,​ ഡിസംബർ ഒന്ന് തീയതികളിലായി ലോക മത പാർലമെന്റ് സംഘടിപ്പിക്കുകയാണ്. ക്രിസ്തുദേവന്റെ ചൈതന്യം നിറഞ്ഞുനിൽക്കുന്ന വത്തിക്കാനിൽ വച്ച്,​ സർവാദരണീയനായ മാർപാപ്പ പങ്കെടുത്ത് അനുഗ്രഹിക്കുന്ന മഹാസമ്മേളനം രാജ്യചരിത്രത്തിൽ ഒരു നവീനാദ്ധ്യായം കുറിക്കുമെന്ന് നിശ്ചയം. സ്‌നേഹത്തിന്റെ അവതാരമൂർത്തിയായ ക്രിസ്തുദേവന്റെ ആദ്ധ്യാത്മിക ചൈതന്യത്തിൽ പരിഭൂഷിതമായ അന്തരീക്ഷത്തിൽ ലോകമതങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത് ഗുരുദേവ ദർശനത്തിന്റെ വെളിച്ചത്തിൽ മതത്തിന്റെ ഏകതയും സൗഹാർദ്ദവും സമന്വയവും വിളംബരം ചെയ്യും.

ഇറ്റലി, ബഹ്റിൻ, ഇൻഡോനേഷ്യ, അയർലന്റ്, ദുബായ്, അബുദാബി, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങി പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കർദ്ദിനാൾ മിഖായേൽ ആംഗൽ അയുസോ ക്വിസോട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. മാർപ്പാപ്പയുടെ ആശീർവാദ പ്രസംഗം 30-നാണ്. ദൈവദശകത്തിന്റെ ഇറ്റാലിയൻ ഭാഷയിലെ ആലാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. ഗുരുദർശനത്തിന്റെ അന്തർധാര ലോകസമാധാനമാണ്. ഗുരുവിന്റെ പേരിൽ വത്തിക്കാനിൽ നടക്കുന്ന ലോക മതപാർലമെന്റ് ലോകസമാധാനത്തിന് പ്രകാശമേകുമെന്നാണ് പ്രത്യാശ.

ബുദ്ധന്റെ കാലത്ത് ഹിംസ കലശലായിരുന്നു. അതിനാൽ ബുദ്ധൻ അഹിംസാ ധർമ്മത്തിന് മുഖ്യത കല്പിച്ചു. ക്രിസ്തുവിന്റെ കാലത്ത് സ്‌നേഹത്തിന്റെ അഭാവമായിരുന്നു. അതിനാൽ ക്രിസ്തു സ്‌നേഹത്തിന് പ്രാധാന്യം നൽകി. നബിയുടെ കാലത്ത് സാഹോദര്യത്തിന് മുഖ്യത കല്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം. അതിനാൽ അദ്ദേഹത്തിന്റെ മതത്തിൽ സാഹോദര്യത്തിന് മുഖ്യത കാണുന്നു. ജാതികൾ തമ്മിലും മതങ്ങൾ തമ്മിലുമുള്ള മത്സരത്തിൽ നിന്നുള്ള മോചനമാണ് ഇന്ന് ആവശ്യം. ജാതി,​ മത ഭേദചിന്തകൾക്ക് അതീതമായി ജനതയെ മോചിപ്പിക്കുവാൻ ബുദ്ധൻ, ക്രിസ്തു, നബി എന്നീ ജഗദ് ഗുരുക്കന്മാരുടെ പരമ്പരയിൽ വന്നുദിച്ച മഹാത്മാവാണ് ഗുരുദേവൻ.

ജാതി- മതാദി ഭേദചിന്തകളില്ലാത്ത ഒരു സമൂഹത്തിന്റെ സൃഷ്ടി ഗുരുദേവന്റെ പ്രവർത്തനങ്ങളുടെയെല്ലാം പരമലക്ഷ്യമായിരുന്നു. അതിനാൽ 'പലമതസാരവുമേകം" എന്ന സിദ്ധാന്തം വെളിപ്പെടുത്തുവാൻ ഒരു സർവമതസമ്മേളനം സംഘടിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് ഗുരുദേവൻ കണ്ടു. അത് ആലുവ അദ്വൈതാശ്രമത്തിൽ വച്ചാകാമെന്ന് ഗുരു നിശ്ചയിച്ചതിനും കാരണമുണ്ട്. രണ്ടില്ലാത്ത ഒന്നിനെ ( അദ്വൈതബോധത്തെ)​ സാക്ഷാത്കരിക്കുവാൻ ഉള്ളതാണല്ലോ അദ്വൈതാശ്രമം. ആശ്രമത്തിന്റെ ഭരണകർത്താവായി,​ മുക്ത്യാർ നാമാവായി പ്രിയശിഷ്യൻ സത്യവ്രത സ്വാമികൾ അവിടെയുണ്ട്. 1924 മാർച്ച് 3, 4, 5 തീയതികളിലായിരുന്നു ആലുവയിലെ സമ്മേളനങ്ങൾ.


ലോകചരിത്രത്തിൽ ഒന്നാമത്തേത് എന്നു വിശേഷിപ്പിക്കാവുന്ന സർവമത മഹാസമ്മേളനമാണ് ആലുവയിൽ നടന്നത്. 'മതമല്ല വലുത്; മനുഷ്യനാണ്" എന്ന താത്വിക ദർശനത്തിന്റെ വെളിച്ചത്തിലാണ് അതു നടന്നത്. 'മാനവരൊക്കെയും ഒന്ന്; അതാണ് നമ്മുടെ മതം" എന്ന് ഗുരുദേവൻ അരുളി ചെയ്തിട്ടുണ്ട്. 'സാഹോദര്യം സർവത്ര" എന്നതായിരുന്നു ഗുരുദേവന്റെ ദർശനം. സർവമത സമ്മേളനത്തിന്റെ അടിസ്ഥാന തത്വവും അതുതന്നെ. ലോകചരിത്രത്തിൽത്തന്നെ ശ്രദ്ധേയമാണ് അമേരിക്കയിലെ ചിക്കാഗോ സമ്മേളനം. വിവേകാനന്ദസ്വാമികളുടെ പങ്കാളിത്തത്തോടെ അത് അവിസ്മരണീയമായി. സ്വാമിജി,​ 'അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ" എന്ന് സംബോധന ചെയ്യുന്നതിനും അഞ്ചു വർഷം മുമ്പ്,​ 1888- ൽ 'ജാതിഭേദം മതദ്വേഷം/ ഏതുമില്ലാതെ സർവരും/ സോദരത്വേന വാഴുന്ന/ മാതൃകാ സ്ഥാന"ത്തെ; ഏകലോകത്തെ ഗുരുദേവൻ വിഭാവനം ചെയ്തു കഴിഞ്ഞിരുന്നു!

വത്തിക്കാനിൽ 29-ന് ആരംഭിക്കുന്ന ലോക മത പാർലമെന്റിൽ വത്തിക്കാനിലെ വിവിധ മഠങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. ഗുരുദേവ കൃതികളുടെയും ജീവിതചരിത്രത്തിന്റെയും ഇംഗ്ലീഷ്,​ ഇറ്റാലിയൻ പരിഭാഷാ ഗ്രന്ഥങ്ങൾ സമ്മേളന പ്രതിനിധികൾക്ക് വിതരണം ചെയ്യും. വത്തിക്കാൻ സമ്മേളനത്തിന്റെ തുടർച്ചയായി ബ്രിട്ടൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലും,​ ഇന്ത്യയിൽ ഡൽഹി,​ ചെന്നൈ നഗരങ്ങളിലും ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ സർവമത സമ്മേളനങ്ങൾ സംഘടിപ്പിക്കുവാൻ നിശ്ചയിച്ചിട്ടുണ്ട്.