
അപകീർത്തി കേസുകൾ ഫയൽ ചെയ്യുന്നത് ഇപ്പോൾ സർവസാധാരണമായിട്ടുണ്ട്. തെറ്റായ വാർത്ത നൽകിയെന്ന പേരിൽ മാദ്ധ്യമ പ്രവർത്തകർക്ക് എതിരെയാണ് ഇത്തരം കേസുകൾ ഏറെയും കോടതികളിൽ ഫയൽ ചെയ്യുന്നത്. മറ്റു മേഖലകളിലും ഇല്ലാതില്ല. ഏറ്റവും കൂടുതൽ വിവാദമായതും ചർച്ചയായതുമായ അപകീർത്തി കേസ്, മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് രജിസ്റ്റർ ചെയ്തതാണ്. പ്രഥമ വിവര റിപ്പോർട്ട് പരിശോധിച്ച ഹൈക്കോടതി സിംഗിൽ ബെഞ്ച്, ഈ കേസുകൾ നിലനിൽക്കുന്നതല്ലെന്നു നിരീക്ഷിച്ച് റദ്ദാക്കിയിരുന്നു. പഴയ സി.ആർ.പി.സി 482, പുതിയ ബി.എൻ.എസ്.എസ്- 528 (വിവേചനാധികാരം) എന്നീ വകുപ്പുകൾ പ്രകാരമാണ് ഹൈക്കോടതി കേസ് ക്വാഷ് ചെയ്തത്. അപകീർത്തി അഥവാ ഡിഫെമേഷൻ കേസുകൾ ആർക്കെതിരെ, എങ്ങനെയൊക്കെയാണ് നൽകേണ്ടത് എന്ന് നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനെക്കുറിച്ച് അറിയാതെ കേസുമായി കോടതികളിൽ ചെല്ലുന്നവർക്കാണ് ഇത്തരം തിരിച്ചടികൾ സംഭവിക്കുന്നത്.
അപകീർത്തി
എന്താണ്?
വാക്ക്,പ്രവൃത്തി, ആംഗ്യം, പരസ്യ പ്രസ്താവന തുടങ്ങിയ മർഗങ്ങളിലൂടെ ദുഷ്ടലാക്കോടെ ഒരു വ്യക്തിയെ മന:പൂർവം അപമാനിക്കാൻ ഉദ്ദേശിച്ചുള്ള പ്രവൃത്തിയെയും സമീപനത്തെയും, അയാളെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ശ്രമമായി വിലയിരുത്താം. അപകീർത്തി കേസ് എപ്പോഴും ഒരു സ്വകാര്യ അന്യായമായിരിക്കും.
സി.ആർ.പി.സി- 199 പറയുന്നത്, ആരാണോ ഇര, ആ വ്യക്തി പരാതി കൊടുക്കണമെന്നാണ്. എന്നാൽ പതിനെട്ടു വയസിന് താഴെയുള്ള മൈനർ കേസുകളിലും ശാരീരിക വൈകല്യമുള്ളവർക്കും ഇത് ബാധകമല്ല. ഇത്തരം സംഭവങ്ങളിൽ ഇരയ്ക്കു വേണ്ടി രക്ഷിതാക്കൾക്ക് പരാതി കൊടുക്കാവുന്നതാണ്. അതേസമയം, ഉന്നതാധികാര സ്ഥാനങ്ങൾ വഹിക്കുന്നവരുടെ കാര്യത്തിൽ ഇത് വ്യത്യസ്തമാണ്. രാജ്യത്തെ പ്രസിഡന്റ്, പ്രധാനമന്ത്രി, ഗവർണർമാർ, ക്യാബിനറ്റ് മന്ത്രിമാർ എന്നിങ്ങനെ സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ വളരെ ഉന്നത സ്ഥാനങ്ങളിലുള്ള വി.പി.ഐ.പികളായ പൊതുസേവകരെ അപകീർത്തിപ്പെടുത്തിയാൽ അവർ നേരിട്ട് അപകീർത്തി കേസ് കൊടുക്കേണ്ടതില്ല. ഇവർ നേരിട്ടല്ലാതെ, ഒരു പബ്ലിക് പ്രോസിക്യൂട്ടർക്ക് ജില്ലാ സെഷൻസ് കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്യാൻ അധികാരമുണ്ട്.
എപ്പോൾ കേസ്
ക്കെടുക്കണം?
പഴയ സി.ആർ.പി.സി- 199, പുതിയ ബി.എൻ. എസ്.എസ് സെക്ഷൻ 222 എന്നിവ പറയുന്നത് അപകീർത്തിക്ക് ആധാരമായ സംഭവം നടന്ന് ആറു മാസത്തിനുള്ളിൽ കേസ് കൊടുക്കണമെന്നാണ്. പൊതു പ്രവർത്തകരായ ഉന്നത വ്യക്തികൾക്കെതിരെയാണ് കേസെങ്കിൽ അതിന് സർക്കാർ അനുമതിയും ആവശ്യമാണ്.
മരണപ്പെട്ട വ്യക്തി ജീവിച്ചിരുന്നിരുന്നുവെങ്കിൽ ആ വ്യക്തിയുടെ പ്രശസ്തിക്ക് ഹാനികരമാകുകയും, ആ വ്യക്തിയുടെ കുടുംബാംഗങ്ങളുടെയോ മറ്റ് അടുത്ത ബന്ധുക്കളുടെയോ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാവുകയും ചെയ്യുന്ന കാര്യങ്ങളോ സംഭവങ്ങളോ അപകീർത്തിപ്പെടുത്തലിന് തുല്യമായേക്കാം.
ഒരു കമ്പനിയെയോ ഒരു അസോസിയേഷനെയോ അല്ലെങ്കിൽ അത്തരം വ്യക്തികളുടെ കൂട്ടത്തെയോ സംബന്ധിച്ച് ഒരു ആരോപണം ഉന്നയിക്കുന്നത് അപകീർത്തികരമായി കണക്കാക്കാവുന്നതാണ്.
കുത്തുവാക്കു പറഞ്ഞ് മോശപ്പെടുത്തിയാലും അപകീർത്തികരമാണ്; കേസ് കൊടുക്കാം.
ജാതി, തൊഴിൽ എന്നിവയെ സൂചിപ്പിച്ച് പരാമർശമുണ്ടായാലും അപകീർത്തി കേസ് നിലനിൽക്കും.
അപകീർത്തി
അല്ലാത്തവ
ഒരു വ്യക്തിയെക്കുറിച്ച് അയാളെ സംബന്ധിക്കുന്ന വസ്തുതാപരമായ കാര്യങ്ങൾ സൂചിപ്പിക്കുക, സദുദ്ദേശ്യത്തോടെയുള്ള പരാമർശങ്ങൾ നടത്തുക, പൊതുവേദിയിൽ ഒരാളെക്കുറിച്ച് അയാളുടെ നല്ല വശങ്ങളെക്കുറിച്ച് പറയുക, മജിസ്‌ട്രേറ്റ്, ഓഫീസർമാർ തുടങ്ങിയവർ അന്വേഷണത്തിന്റെ വെളിച്ചത്തിൽ തുറന്ന കോടതികളിൽ നടത്തുന്ന പരാമർശങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട്... തുടങ്ങിയവ അപകീർത്തിയുടെ പരിധിയിൽ വരികയില്ല.
കൂടാതെ സിവിൽ, ക്രിമിനൽ പരാതികളിന്മേൽ, കോടതി വിധിന്യായങ്ങളിലെ വ്യക്തി, കക്ഷി, സാക്ഷി, ഏജന്റ് എന്നീ വ്യക്തികളെ പ്രതിനിധീകരിക്കുമ്പോൾ രേഖപ്പെടുത്തുന്ന കോടതി വിലയിരുത്തലുകളും നിരീക്ഷണങ്ങളും അപകീർത്തി പരാമർശങ്ങളുടെ ഗണത്തിൽപ്പെടില്ല. എഴുത്തുകാരുടെ കഥാപാത്രങ്ങളെ സംബന്ധിച്ച സദുദ്ദേശ്യപരമായ സ്വഭാവ നിരീക്ഷണങ്ങൾ അപകീർത്തിയിൽ വരുന്നതല്ല. മേലുദ്യേഗസ്ഥൻ, ജഡ്ജി, അദ്ധ്യാപകൻ എന്നിവർ നൽകുന്ന മുന്നറിയിപ്പെന്നോണമുള്ള ശാസനനകളും (censure) അപകീർത്തിയുടെ പരിധിക്കു പുറത്താണ്.
പഴയ ഐ.പി.സി 499, 500 എന്നീ രണ്ടു വകുപ്പുകളെ ഏകോപിപ്പിച്ച് ബി.എൻ.എസ്- 356 എന്ന ഒറ്റ വകുപ്പാക്കി ചുരുക്കിയിട്ടുണ്ട്. രണ്ടു വർഷം വരെ തടവ്, പിഴ എന്നിവയോ രണ്ടും കൂടിയോ വിധിച്ച് ശിക്ഷിക്കപ്പെടാം. ശിക്ഷയോടൊപ്പം സാമൂഹ്യസേവനം എന്ന പുതിയൊരു ശിക്ഷ കൂടി ഭാരതീയ ന്യായ സംഹിതയിൽ ചേർത്തിട്ടുണ്ട്.