
ഐ.പി.എൽ താരലേലത്തിൽ 30 ലക്ഷത്തിന് മുംബയ് ടീമിലെത്തി പെരിന്തൽമണ്ണയിലെ ഓട്ടോ ഡ്രൈവറുടെ മകൻ വിഘ്നേഷ് പുത്തൂർ
തിരുവനന്തപുരം : സൗദിയിലെ ജിദ്ദയിൽ നടന്ന ഐ.പി.എൽ താരലേലത്തിൽ തന്റെ പേര് വിളിക്കുമ്പോൾ മലപ്പുറം പെരിന്തൽമണ്ണ വളയംമൂച്ചി സ്വദേശിയായ വിഘ്നേഷ് പുത്തൂർ നല്ല ഉറക്കത്തിലായിരുന്നു. ലേലത്തിന്റെ അവസാന ഘട്ടത്തിലാണ് ഇടംകയ്യൻ ചൈനാമാൻ സ്പിന്നറായ വിഘ്നേഷിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് മുംബയ് ഇന്ത്യൻസ് സ്വന്തമാക്കുന്നത്. കഴിഞ്ഞ കേരള പ്രിമിയർ ലീഗിൽ ആലപ്പി റിപ്പിൾസ് ടീമിൽ വിഘ്നേഷിനൊപ്പം കളിച്ചിരുന്ന ആസിഫലി ഫോണിൽ വിളിച്ചുണർത്തി '' എടാ നിന്നെ എടുത്തെടാ..."" എന്നുപറഞ്ഞപ്പോൾ ഉറക്കച്ചടവിൽ വിഘ്നേഷിന് ഒന്നും മനസിലായില്ല. പിന്നീടാണ് തന്നെ തേടിയെത്തിയ ഭാഗ്യത്തെ തിരിച്ചറിഞ്ഞത്. അങ്ങനെ ആ ഉറക്കത്തിൽ നിന്ന് ലക്ഷാധിപതിയായാണ് ഓട്ടോ ഡ്രൈവറുടെ മകനായ വിഘ്നേഷ് ഉണർന്നത്.
പെരിന്തൽമണ്ണയിലെ ഓട്ടോഡ്രൈവറായ സുനിൽ കുമാറിന്റേയും വീട്ടമ്മയായ കെ.പി ബിന്ദുവിന്റേയും മകനാണ് വിഘ്‌നേഷ്. ക്രിക്കറ്റുമായി വലിയ ബന്ധങ്ങളൊന്നും കുടുംബത്തിലാർക്കുമില്ല. നാട്ടിലെ ക്രിക്കറ്റ് പരിശീലകനായ വിജയനാണ് ബാലപാഠങ്ങൾ പഠിപ്പിച്ചത്. കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിൽ കളിച്ചെങ്കിലും സീനിയർ ടീമിലേക്ക് വിളിയെത്തിയിട്ടില്ല . ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനായി കളിച്ചു. പെരിന്തൽമണ്ണ പി.ടി.എം ഗവൺമെന്റ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.
താൻ ബൗളിംഗിൽ കൂടുതൽ ശ്രദ്ധിച്ചതുകൊണ്ട് ക്രിക്കറ്റ് കിറ്റ് ഉൾപ്പടെയുള്ള വലിയ ചെലവുകൾ ഓട്ടോ ഡ്രൈവറായ അച്ഛന് വരുത്താതെ നോക്കാൻ കഴിഞ്ഞെന്ന് വിഘ്നേഷ് പറയുന്നു. അപ്രതീക്ഷിതമായി ലഭിച്ച അവസരം മികച്ച രീതിയിൽ പ്രയോജനപ്പെടുത്തണമെന്ന ആഗ്രഹത്തിലാണ് ഈ 23കാരൻ.
ഹാർദിക്കിന് ഇഷ്ടപ്പെട്ടു
നറുക്ക് വീണു
താര ലേലത്തിനുമുമ്പ് വിഘ്‌നേഷ് മുംബയ് ഇന്ത്യൻസിന്റെ ട്രയൽസിൽ പങ്കെടുത്തിരുന്നു. കെ.സി.എൽ മത്സരങ്ങൾ വീക്ഷിക്കാൻവന്ന മുംബയ് ഇന്ത്യൻസിന്റെ ടാലന്റ് സ്കൗട്ടിംഗ് കോച്ചാണ് ട്രയൽസിനെത്താൻ ആവശ്യപ്പെട്ടത്. അന്ന് ട്രയൽസിലെ ബൗളിംഗ് വളരെയേറെ ഇഷ്ടപ്പെട്ടതായി മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ പറഞ്ഞിരുന്നെങ്കിലും ടീമിലെടുക്കുമെന്ന് കരുതിയില്ലെന്ന് വിഘ്നേഷ് പറയുന്നു. ഇനി ഹാർദിക്, രോഹിത് ശർമ, ജസ്പ്രീത് ബുംറ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പമാകും വിഘ്‌നേഷ് കളിക്കുക.
മൂന്ന് മലയാളികൾ മാത്രം
ഇത്തവണ 12 മലയാളി താരങ്ങളാണ് ഐ.പി.എൽ ലേലത്തിൽപങ്കെടുത്തത്. അതിൽ മൂന്ന് പേർക്ക് മാത്രമാണ് സെലക്ഷൻ കിട്ടിയത്. വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് പഞ്ചാബ് കിംഗ്സും സച്ചിൻ ബേബിയെ 30 ലക്ഷത്തിന് സൺറൈസേഴ്‌സ് ഹൈദരാബാദും ടീമിലെടുത്തു.
രോഹൻ.എസ് കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, അബ്ദുൽ ബാസിത്. സൽമാൻ നിസാറിനേയും ആരും വിളിച്ചില്ല. തമിഴ്‌നാടിനുവേണ്ടി കളിക്കുന്ന മലയാളി താരം സന്ദീപ് വാര്യർ രണ്ട് വട്ടം ലേലത്തിൽ ഇടംലഭിച്ചില്ല. കർണാടകയുടെ മലയാളിതാരം ദേവ്ദത്ത് പടിക്കലിനെ രണ്ടു കോടി രൂപയ്ക്ക് ബെംഗളൂരു ടീമിലെടുത്തു.മറ്റൊരു മറുനാടൻ മലയാളി താരം കരുൺനായർക്കും ഇടം ലഭിച്ചു.
ട്രയൽസിന് ശേഷം ഹാർദിക് പാണ്ഡ്യ കൊളളാമെന്ന് പറഞ്ഞെങ്കിലും ട്രയൽസിൽ എടുക്കുമെന്ന് ഒരു പ്രതീക്ഷയുമുണ്ടായില്ല. അതുകൊണ്ടുതന്നെ ആസിഫലി ഉറക്കത്തിൽ നിന്നെണീപ്പിച്ച് വിവരം പറഞ്ഞപ്പോൾ ആദ്യം സ്വപ്നമാണോയെന്ന് തോന്നി. അച്ഛനും അമ്മയ്ക്കുമൊക്കെ ഒത്തിരി സന്തോഷമായി. ലോകോത്തരതാരങ്ങൾക്കൊപ്പം കളിക്കാൻ കിട്ടുന്ന ഈ അവസരം നന്നായി പ്രയോജനപ്പെടുത്തണമെന്നാണ് പ്രാർത്ഥന.
- വിഘ്നേഷ് പുത്തൂർ