
കൊച്ചി: പ്രമുഖ റേറ്റിംഗ് ഏജൻസിയായ മൂഡീസ് അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളുടെ റേറ്റിംഗ് കുറച്ചു. അമേരിക്കയിൽ ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കുമെതിരെ കൈക്കൂലി കേസിൽ കുറ്റപത്രം സമർപ്പിച്ചത് കണക്കിലെടുത്താണ് റേറ്റിംഗ് സ്റ്റേബിളിൽ നിന്ന് നെഗറ്റീവായി കുറച്ചത്. പുതിയ സാഹചര്യത്തിൽ അദാനി കമ്പനികൾക്ക് ആഗോള വിപണിയിൽ നിന്ന് പണം സമാഹരിക്കുന്നതിന് വെല്ലുവിളിയുണ്ടെന്ന് മൂഡീസ് പറയുന്നു.
അമേരിക്കയ്ക്ക് പിന്നാലെ ശ്രീലങ്കയിലെ ധന, വിദേശ മന്ത്രാലയങ്ങളും അദാനി ഗ്രൂപ്പിനെതിരെ നടപടിക്കൊരുങ്ങുകയാണ്. മറ്റൊരു പ്രമുഖ ഏജൻസിയായ ഫിച്ച് അദാനി ഗ്രൂപ്പിന്റെ കടപ്പത്രങ്ങളുടെ റേറ്റിംഗ് കുറയ്ക്കാൻ തയ്യാറെടുക്കുകയാണ്. കൊളംബോയിലെ പുതിയ കണ്ടെയ്നർ ടെർമിനലിൽ അദാനി പോർട്ട്സിന് 50 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അമേരിക്കയിൽ അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവത്തോടെ പരിശോധിക്കുകയാണെന്ന് ശ്രീലങ്കൻ മന്ത്രിസഭ വക്താവ് നളിന്ദ ജയതീസ പറഞ്ഞു.
അദാനിയുമായുള്ള കരാറുകൾ പരിശോധിക്കാൻ ആന്ധ്രയും
അദാനി ഗ്രൂപ്പുമായി ജഗൻമോഹൻ റെഡ്ഡി സർക്കാർ ഒപ്പുവച്ച കരാറുകൾ വൈദ്യുതി കരാറുകൾ പുനപരിശോധിക്കാൻ ആന്ധ്ര പ്രദേശ് സർക്കാർ ഒരുങ്ങുന്നു. കരാറിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്ര സർക്കാരിനോടും സോളാർ എനർജി കോർപ്പറേഷനോടും ആവശ്യപ്പെടും.