
കാഞ്ഞിരപ്പള്ളി: സൈക്കിൾ ചവിട്ടാൻ മനസുണ്ടോ? എങ്കിൽ പ്രമേഹമടക്കമുള്ള ജീവിതശൈലീ രോഗങ്ങളെ വ്യായാമം കൊണ്ട് നിയന്ത്രണത്തിലാക്കാമെന്ന് കാട്ടിത്തരികയാണ് കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ.മനോജ് മാത്യുവും സംഘവും.ആറു മണിക്കൂർ കൊണ്ട് നൂറു കിലോമീറ്റർ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്ര അഞ്ച് മണിക്കൂർ 19 മിനിറ്റിൽ ലക്ഷ്യം പൂർത്തിയാക്കി.
ജോലിത്തിരക്കുകൾക്കിടയിൽ വ്യായാമത്തിന് സമയമില്ലെന്ന് പരിതപിക്കുന്നവർക്കായി തങ്ങളുടെ ഡ്യൂട്ടി സമയത്തിന് ശേഷമായിരുന്നു മനോജിന്റെയും സംഘത്തിന്റെയും യാത്ര.കാഞ്ഞിരപ്പള്ളിയിലെ സൈക്കിളിംഗ് ക്ലബായ ടീം ബോയ്സിന്റെ സഹകരണവുമുണ്ടായിരുന്നു. പ്രമുഖ ഡോക്ടർമാരായ ഡോ. ജോബിൻ മടുക്കക്കുഴി, ഡോ. റോബിൻ മടുക്കക്കുഴി (ആയുർവേദം), ഡോ. ചാക്കോ (ഡെന്റൽ), സംരഭകനായ പ്രവീൺ കൊട്ടാരം എന്നിവർ പങ്കാളികളായി. മേരീക്വീൻസ് ആശുപത്രി ഫിനാൻഷ്യൽ അഡ്മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽയാത്ര ഫ്ളാഗ്ഓഫ് ചെയ്തു. ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ, ഫിസിഷ്യൻ ഡോ. ബോബി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി മുതൽ ഇടക്കൊച്ചി വരെ
കാഞ്ഞിരപ്പള്ളി മേരീക്വീൻസ് അങ്കണത്തിൽ നിന്നും ആരംഭിച്ച സൈക്കിൾ യാത്ര, കാഞ്ഞിരപ്പള്ളി, പാലാ, ഏറ്റുമാനൂർ, നീണ്ടൂർ, കല്ലറ, തണ്ണീർമുക്കം,ചേർത്തല, അരൂർ വഴി എറണാകുളം ജില്ലയിലെ ഇടക്കൊച്ചിയിൽ അവസാനിച്ചു.