d

ഉദയ്പൂർ: മഹാറാണാ പ്രതാപിന്റെ പിൻഗാമികൾ തമ്മിലുള്ള സ്വത്ത് തർക്കം രണ്ട് വിഭാഗങ്ങളുടെ അനുയായികൾ തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായതിനെത്തുടർന്ന് ഇന്നലെ ഉദയ്പൂരിലെ ജില്ലാ ഭരണകൂടം സിറ്റി പാലസിന്റെ ഒരു ഭാഗത്തേക്ക് റിസീവറെ നിയമിച്ചു. കഴിഞ്ഞ ദിവസമാണ് രാജപദവിയായ മഹാറാണാ മേവറായി ബി.ജെ.പി എം.എൽ.എ വിശ്വരാജ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഉദയ്പൂർ കൊട്ടാരത്തിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയോടെയാണ് ഉദയ്പൂർ രാജകുടുംബത്തിൽ ആഭ്യന്തര കലഹം രൂക്ഷമായത്. അധികാര തർക്കമാണ് രാജകുടുംബത്തിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. വിശ്വരാജ് സിംഗിന്റെ അമ്മാവനായ ശ്രീജി അരവിന്ദ് സിംഗ് മേവാറിന്റെ നിയന്ത്രണത്തിലാണ് ട്രസ്റ്റിന്റെ കീഴിലുള്ള കൊട്ടാരം. കിരീട ധാരണത്തിനുശേഷം കൊട്ടാരത്തിലേക്കു പ്രവേശിക്കാൻ എത്തിയ വിശ്വരാജ് സിംഗിന് അനുമതി നിഷേധിച്ചതോടെ ആഭ്യന്തരകലഹം തെരുവുയുദ്ധത്തിലേക്കു നീങ്ങി.

രാത്രി 10 മണിയോടെ വിശ്വരാജ് സിംഗ് എം.എൽ.എയുടെ നേതൃത്വത്തിൽ എത്തിയ അനുയായികൾ കൊട്ടാരത്തിനുനേർക്കു കല്ലെറിയുകയും കവാടങ്ങൾ തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെയാണു രാജകുടുംബത്തിലെ കലഹം സംഘർഷത്തിൽ കലാശിച്ചത്. എതിർ വിഭാഗത്തിൽപ്പെട്ടവർ കൊട്ടാരത്തിനുള്ളിൽനിന്നു മറുവിഭാഗത്തെയും ആക്രമിച്ചു. കല്ലേറിൽ മൂന്നു പേർക്കു പരുക്കേറ്റിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിചാർജ് നടത്തി.

വിശ്വരാജ് സിംഗിന്റെ പിതാവ് മഹേന്ദ്ര സിംഗ് മരിച്ചതിനു പിന്നാലെയാണു പുതിയ അവകാശിയെ പ്രഖ്യാപിച്ചത്. ചരിത്രപ്രസിദ്ധമായ ചിത്തോർഗഡ് കോട്ടയിൽ നടന്ന പരമ്പരാഗത കിരീടധാരണ ചടങ്ങിൽ,വിശ്വരാജിന്റെ ഭാര്യയും രാജ്സമന്ദിൽനിന്നുള്ള ബി.ജെ.പി എം.പിയുമായ മഹിമ കുമാരിയാണു വിശ്വരാജിനെ രാജവംശത്തിന്റെ അടുത്ത അവകാശിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കിരീടധാരണത്തിനുശേഷം, ഉദയ്പൂരിലെ മേവാർ കൊട്ടാരത്തിനുള്ളിലെ ധൂനി മാതാ ക്ഷേത്രത്തിലും നഗരത്തിനു പുറത്തുള്ള എക്ലിംഗ് ശിവക്ഷേത്രത്തിലും ദർശനം നടത്താൻ വിശ്വരാജ് സിംഗ് തീരുമാനിച്ചിരുന്നു. എന്നാൽ രണ്ടു ക്ഷേത്രങ്ങളും ട്രസ്റ്റിന്റെ കീഴിലുള്ളതിനാൽ അദ്ദേഹത്തിന് ഉദയ്പുർ കൊട്ടാരത്തിലേക്കു പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രോഷാകുലരായ അദ്ദേഹത്തിന്റെ അനുയായികൾ ബാരിക്കേഡുകളും കൊട്ടാരത്തിന്റെ ഗേറ്റും തകർത്ത് അകത്തുകടക്കാൻ ശ്രമിച്ചത്.

അതേസമയം, ട്രസ്റ്റിന്റെ കീഴിലുള്ള കൊട്ടാരത്തിലേക്ക് അതിക്രമിച്ചു കടക്കുന്നതും ട്രസ്റ്റ് സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും ആരെയും ട്രസ്റ്റിന്റെ കീഴിലുള്ള കൊട്ടാരത്തിലേക്ക് അനുമതിയില്ലാതെ പ്രവേശിപ്പിക്കില്ലെന്നും മഹാറാണ മേവാർ ചാരിറ്റബിൾ ട്രസ്റ്റ് അറിയിച്ചു.