crime

കൊച്ചി: പെരുമ്പാവൂരിലെ അനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരനായ ബിഒസി റോഡ്, പുത്തുക്കാടന്‍ വീട്ടില്‍ പരീത് (69 വയസ്സ്) ഇയാളുടെ സഹായികളായ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഇമ്രാന്‍ സേഖ്, ബിലാസ്പൂര്‍ സ്വദേശി ഇനാമുള്‍ സേഖ് എന്നീ യുവാക്കളുമാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാള്‍ സ്വദേശികളായ യുവതികളെ ഉപയോഗിച്ചാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്.

ബിഒസി റസിഡന്‍ഷ്യല്‍ മേഖലയിലെ ഒരു വീട്ടില്‍ പരീത് അനാശാസ്യ കേന്ദ്രം നടത്തിവരികയായിരുന്നു. ഇതേക്കുറിച്ച് നാട്ടുകാര്‍ക്ക് ആദ്യം സംശയം തോന്നുകയും പിന്നീട് പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ മാസം മറ്റൊരു കേസില്‍ പെരുമ്പാവൂരില്‍ തന്നെ കാളച്ചന്ത ഭാഗത്ത് അനാശാസ്യ കേന്ദ്രം നടത്തിവരികയായിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് വര്‍ദ്ധിച്ച് വരികയാണെന്ന പരാതി വ്യാപകമാണ്.

അനാശാസ്യ കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്. കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ബിഒസി റോഡിലെ പരീത് നടത്തിയിരുന്ന അനാശാസ്യ കേന്ദ്രത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ടി.എം സൂഫിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളെ ലക്ഷ്യമിട്ടാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് എറണാകുളത്തെ പെരുമ്പാവൂര്‍. ഇവിടെ താമസിക്കുന്ന തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ എന്ന വ്യാജേനയാണ് ബംഗാളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലൈംഗിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ഇത്തരം സംഘങ്ങളെ ആരംഭത്തില്‍ തന്നെ ഇല്ലാതാക്കാനാണ് പൊലീസിന്റേയും നീക്കം.