uefa

ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രാഥമിക റൗണ്ടിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും മുൻ ചാമ്പ്യന്മാരായ ലിവർപൂളും തമ്മിലുള്ള തകർപ്പൻ പോരാട്ടം. ഇന്ത്യൻ സമയം വെളുപ്പിന് 1.30ന് ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ് മത്സരത്തിന്റെ കിക്കോഫ്.

ഈ സീസണിലെ നാലുമത്സരങ്ങളിലും വിജയം നേടി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ലിവർപൂൾ. 12 പോയിന്റാണ് ലിവർപൂളിനുള്ളത്. ഇംഗ്ളീഷ് പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിലും ഒന്നാം സ്ഥാനത്താണ് ലിവർപൂൾ. ഈ സീസൺ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ എ.സി മിലാനെ 3-1ന് തോൽപ്പിച്ചാണ് ലിവർപൂൾ തുടങ്ങിയത്. തുടർന്ന് മറ്റൊരു ഇറ്റാലിയൻ ക്ളബ് ബൊളോന്യയെ 2-0ത്തിന് കീഴടക്കി. ജർമ്മൻ ക്ളബ് ആർ.ബി ലെയ്പ്സിഗിനെതിരെ 1-0ത്തിനും ബയേർ ലെവർകൂസനെതിരെ 4-0ത്തിനുമായിരുന്നു മറ്റുജയങ്ങൾ. ഈ സീസണിൽ ഇതുവരെ നടന്ന നാലു മത്സരങ്ങളും ജയിച്ച ഏകടീമാണ് ലിവർപൂൾ.

സൂപ്പർ താരം മൊഹമ്മദ് സലാ,ഡാർവിൻ ന്യൂനസ്,ഡച്ച് താരങ്ങളായ കോഡി ഗാപ്കോ,വിർജിൽ വാൻഡിക്ക് തുടങ്ങിയവരാണ് ലിവർപൂളിന്റെ കരുത്ത്.കഴിഞ്ഞ ദിവസം പ്രിമിയർ ലീഗിൽ സതാംപ്ടണിനെതിരെ സലാ ഇരട്ടഗോളുകൾ നേടിയിരുന്നു. പരിക്കുകഴിഞ്ഞ് അലക്സാണ്ടർ അർനോൾഡ് തിരിച്ചെത്തുന്നത് ലിവർപൂളിന് കരുത്തേകും. ആർനെ സ്ളോട്ടാണ് ലിവർപൂളിന്റെ പരിശീലകൻ.

സീസണിലെ ലിവർപൂളിന്റെ അപരാജിതക്കുതിപ്പിന് തടയിടാൻ എത്തുന്ന റയലിന് കാര്യങ്ങൾ അത്ര പന്തിയല്ല. നാലുകളികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ഇതുവരെ ജയിക്കാനായത്.കഴിഞ്ഞ മത്സരത്തിൽ എ.സിമിലാൻ 3-1ന് റയലിനെ തോൽപ്പിച്ചിരുന്നു. അതിന് മുമ്പ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ 5-2ന് തോൽപ്പിക്കാനായി. ആദ്യ മത്സരത്തിൽ സ്റ്റുട്ട്ഗർട്ടിനെ 3-1ന് തോൽപ്പിച്ച് തുടങ്ങിയ റയലിനെ രണ്ടാം മത്സരത്തിൽ ലിലി ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. നാലുമത്സരങ്ങളിൽ നിന്ന് ആറുപോയിന്റ് മാത്രമുള്ള റയൽ പട്ടികയിൽ 18-ാം സ്ഥാനത്താണ്.

ലിവർപൂളിന്റെ തട്ടകയിലേക്ക് എത്തുന്ന റയലിന് കരുത്തുപകരാൻ വിനീഷ്യസ് ജൂനിയർ,കിലിയൻ എംബാപ്പെ,ജൂഡ് ബെല്ലിംഗ്ഹാം, കാമാവിംഗ,അസൻഷ്യോ തുടങ്ങിയവരുണ്ടാകും. കാർലോ ആഞ്ചലോട്ടിയാണ് റയലിന്റെ പരിശീലകൻ.

ഇന്നത്തെ മത്സരങ്ങൾ

ലിവർപൂൾ Vs റയൽ മാഡ്രിഡ്

ജിറോണ Vs സ്റ്റേൺ ഗ്രാസ്

പി.എസ്.വി Vs ഷാക്തർ

ആസ്റ്റൺ വില്ല Vs യുവന്റസ്

ബൊളോന്യ Vs ലിലെ

ഡൈനമോ Vs ഡോർട്ട്മുണ്ട്

1.30 am മുതൽ സോണി ടെൻ ചാനൽ ശൃംഖലയിൽ.