crime

മലപ്പുറം: പെരിന്തല്‍മണ്ണയിലെ കെഎം ജൂവലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ച് മൂന്ന് കിലോ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഒമ്പത് പേര്‍ കൂടി അറസ്റ്റില്‍. കേസിലെ മുഖ്യ ആസൂത്രകന്‍ അടക്കമുള്ളവരെയാണ് പിടികൂടിയത്. പിടിയിലായ പ്രതികളില്‍ കൊലപാതക കേസ് പ്രതിയും ഉള്‍പ്പെട്ടിട്ടുണ്ട്. കേസില്‍ ഇതുവരെ 13 പേരെ പിടികൂടിയിട്ടുണ്ട്. ഇനിയും അഞ്ച് പ്രതികളെ കൂടി കിട്ടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ഉള്‍പ്പെട്ട പ്രതികളില്‍ രണ്ട് പേര്‍ ഒമാനില്‍ നിന്നാണ് നാട്ടിലേക്ക് എത്തിയത്.

ജൂവലറി ഉടമ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ പ്രതികളുടെ സംഘം പിന്തുടരുകയും സ്‌കൂട്ടര്‍ ഇടിച്ച് വീഴ്ത്തിയ ശേഷം സ്വര്‍ണം കവരുകയുമായിരുന്നു. ജൂവലറി ഉടമ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയും ആക്രമിച്ചാണ് സംഘം സ്വര്‍ണം കവര്‍ന്നത്. കാറില്‍ എത്തിയ സംഘം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ഇവരെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് സ്വര്‍ണം കവര്‍ന്ന് മുങ്ങിയത്. നാല് പ്രതികളെയാണ് പൊലീസ് ആദ്യം പിടികൂടിയത്. ഇവര്‍ തൃശൂരിലേക്ക് കടന്നപ്പോഴാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്.1.7 കിലോ സ്വര്‍ണവും, 500 ഗ്രാം സ്വര്‍ണവും വിറ്റതിന്റെ 35 ലക്ഷം രൂപയും ഒളിപ്പിച്ച സ്ഥലം പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

പെരിന്തല്‍മണ്ണ - പട്ടാമ്പി റൂട്ടില്‍ സഹോദരന്‍മാര്‍ സഞ്ചരിക്കുമ്പോള്‍ നവംബര്‍ 21ന് രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണം നടന്നത്. അലങ്കാര്‍ തീയേറ്ററിന് സമീപത്ത് വെച്ചാണ് സംഭവം. ജൂവലറി അടച്ചതിന് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു സഹോദരന്‍മാര്‍. മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ചെര്‍പ്പുളശ്ശേരി ഭാഗത്തേക്കുവന്ന കാറില്‍ത്തന്നെ കടന്നു.

ജൂവലറി മുതല്‍ കാറില്‍ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് വ്യക്തമാകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജൂവലറി ഓടിട്ട കെട്ടിടത്തിലായതിനാല്‍ ആഭരണണങ്ങള്‍ കടയില്‍ സൂക്ഷിക്കാതെ രാത്രി ഉടമയുടെ വീട്ടിലേക്ക് ബാഗിലാക്കി കൊണ്ടുപോകുകയാണ് പതിവ്. മൊത്തം രണ്ടേകാല്‍ കോടി രൂപയുടെ സ്വര്‍ണം പ്രതികള്‍ കൈക്കലാക്കിയെന്നാണ് ജൂവലറി ഉടമകളും പൊലീസും പറയുന്നത്.

കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയും ചെയ്യുന്ന വിപിന്‍ (36), താമരശ്ശേരി അടിവാരം ആലംപടി ഷിഹാബുദീന്‍ (28), താമരശ്ശേരി അടിവാരം പുത്തന്‍വീട്ടില്‍ അനസ് (27), പിണറായി എരുവെട്ടി സ്വദേശി കിഴക്കേപറമ്പത്ത് അനന്തു (28), തൃശ്ശൂര്‍ മണ്ണൂത്തി കോട്ടിയാട്ടില്‍ സലീഷ് (35), തൃശ്ശൂര്‍ കിഴക്കേകോട്ട കിഴക്കുംപാട്ടുകര സ്വദേശി പട്ടത്ത് മിഥുന്‍രാജ് എന്ന അപ്പു (37), തൃശൂര്‍ പാട്ടുരായ്ക്കല്‍ പറക്കോട്ടില്‍ ലൈനില്‍ കുറിയേടത്തു മന അര്‍ജുന്‍ (28), പീച്ചി കണ്ണാറ പായ്യാംകോട്ടില്‍ സതീഷ് (46), തൃശ്ശൂര്‍ കണ്ണാറ കഞ്ഞിക്കാവില്‍ ലിസണ്‍ (31) എന്നിവരെയാണ് കണ്ണൂര്‍, തൃശ്ശൂര്‍, താമരശ്ശേരി ഭാഗങ്ങളില്‍നിന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഞായറാഴ്ച പിടികൂടിയത്.

ആസൂത്രണം കൂള്‍ബാറിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും


ഒന്നരവര്‍ഷം മുമ്പ് പെരിന്തല്‍മണ്ണയിലെ കൂള്‍ബാറില്‍ കയറിയ കോഴിക്കോട് താമരശ്ശേരി അടിവാരം സ്വദേശികളായ ഷിഹാബുദ്ദീനും അനസുമാണ് ജൂവലറിയില്‍ കവര്‍ച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന കണ്ടെത്തല്‍ നടത്തിയത്. കെ.എം. ജൂവലറി ഉടമകള്‍ സ്വര്‍ണവും പണവും എടുത്തുവെക്കുന്നതും പിന്നീട് രണ്ടു ബാഗുകളിലുമായി ഒരു സ്‌കൂട്ടറില്‍ക്കയറി വീട്ടിലേക്ക് പോകുന്നതും അന്ന് ഇവര്‍ കണ്ടിരുന്നു. അന്നുതന്നെ ഉടമകളെ ആക്രമിച്ച് ബാഗുകള്‍ തട്ടിയെടുക്കുന്ന കാര്യം അവര്‍ ചര്‍ച്ചചെയ്യുകയും ചെയ്തു.

എന്നാല്‍ നല്ല തിരക്കുള്ള സ്ഥലമായതിനാലും ബാഗുമായി എവിടേക്കാണ് പോകുന്നത് എന്ന് കൃത്യമായി അറിയാത്തത് കൊണ്ടും വിശദമായ പ്ലാനിംഗില്‍ പിന്നീട് നോക്കാമെന്ന് തീരുമാനിച്ച് മടങ്ങുകയായിരുന്നു. പിന്നീട് ഷിഹാബുദ്ദീനെ ഒരു മോഷണക്കേസില്‍ വേങ്ങര പൊലീസ് അറസ്റ്റുചെയ്തു. അങ്ങനെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയ ഷിഹാബുദ്ദീന്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ക്കഴിയുന്ന കൂത്തുപറമ്പ് സ്വദേശി വിപിനെ പരിചയപ്പെടുന്നത്.

രണ്ട് മാസം മുമ്പ് ജയിലില്‍നിന്നറങ്ങിയ ഷിഹാബുദ്ദീന്‍ അനസിനൊപ്പം വീണ്ടും പെരിന്തല്‍മണ്ണയിലെത്തി കെ.എം. ജൂവലറി ഉടമകള്‍ വീട്ടിലേക്ക് സ്വര്‍ണം ഇപ്പോഴും കൊണ്ടുപോകാറുണ്ടെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് ജയിലിലുള്ള വിപിനെ വിളിച്ച് കവര്‍ച്ച നടത്താന്‍ സഹായം തേടുകയായിരുന്നു. ജയിലില്‍വെച്ച് ഫോണ്‍ ഉപയോഗിക്കുന്ന വിപിനാണ് കൂത്തുപറമ്പിലുള്ള അനന്തുവിനെ ഫോണില്‍ വിളിച്ച് അവരുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ ആവശ്യപ്പെടുന്നത്. കുഴല്‍പ്പണം തട്ടിപ്പറിക്കല്‍ കേസില്‍ പ്രതിയാണ് അനന്തു.

അനന്തു തന്റെ സുഹൃത്തും സമാന കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ശരത്തുമായി ചേര്‍ന്ന് കണ്ണൂരുള്ള അജിത്തിനെയും കൂട്ടി പദ്ധതി തയ്യാറാക്കുകയായിരുന്നു. അജിത് ഒമാനില്‍ ജോലി ചെയ്തിരുന്ന തന്റെ സുഹൃത്തുക്കളായ നിജില്‍ രാജ്, പ്രഭിന്‍ലാല്‍ എന്നിവരെ ബന്ധപ്പെടുകയും അവരോട് നാട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. നാട്ടിലേക്കു വന്ന ഇരുവരുമായിച്ചേര്‍ന്ന് പദ്ധതി ആസൂത്രണം ചെയ്ത അജിത്താണ് നവംബര്‍ 21ന് കൃത്യം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.