
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അസാധാരണ ഗന്ധം റിപ്പോർട്ട് ചെയ്തത് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. സുനിത വില്യംസിന്റെ നേതൃത്വത്തിലുള്ള ഐ.എസ്.എസിലെ റഷ്യൻ പ്രോഗ്രസ് എം.എസ് 29 കാർഗോ പേടകം തുറക്കുന്നതിനിടെയാണ് അസാധാരണ ഗന്ധവും ചോർച്ചയും റിപ്പോർട്ട് ചെയ്തത്. ഏകദേശം 6 മാസത്തേക്കുള്ള ഭക്ഷണവും മറ്റ് അടിസ്ഥാന സാമഗ്രികളും എത്തിക്കുന്ന ഈ ബഹിരാകാശ പേടകം ഐ.എസ്.എസിൽ ഡോക്ക് ചെയ്യുമ്പോഴാണ് ദുർഗന്ധം അനുഭവപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
തുടർന്ന് നിലയത്തിലെ അന്തരീക്ഷം ശുദ്ധീകരിക്കാൻ നാസ എയർ സ്ക്രബിംഗ് സംവിധാനങ്ങളും സജീവമാക്കി. ഇപ്പോൾ വായുവിന്റെ ഗുണനിലവാരം സാധാരണ നിലയിലായെന്നും ഫ്ലൈറ്റ് കൺട്രോളർ അറിയിച്ചു. ക്രൂ സുരക്ഷിതരാണെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും ഫ്ലൈറ്റ് കൺട്രോളർ കൂട്ടിച്ചേർത്തു.
തിരിച്ച് വരവിന് കൗണ്ട് ഡൗൺ ആരംഭിച്ചു
ഭൂമിയിലേക്കുള്ള മടങ്ങിവരവിനുള്ള കൗണ്ട്‌ഡൗൺ സുനിത വില്യംസും ബുച്ച് വിൽമോറും ആരംഭിച്ചിരിക്കുകയാണ്. 2025 തുടക്കത്തിൽ ഐ.എസ്.എസിൽ ഡോക്ക് ചെയ്യാൻ ക്രൂ ഡ്രാഗൺ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 2024 ജൂണിൽ ബോയിംഗിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ എത്തിയത്. എന്നാൽ പേടകത്തിലെ ത്രസ്റ്റർ തകരാറാവുകയും ഹീലിയം ചോർച്ചയോടെയും ഇരുവരും അവിടെ കുടുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് സുരക്ഷിതമായ ഒരു ബദൽ യാത്രാ മാർഗം ലഭിക്കുന്നതുവരെ ഐഎസ്എസിൽ നിലനിർത്താൻ നാസ തീരുമാനിക്കുകയായിരുന്നു. സുനിത വില്യംസ് നിലവിൽ ബഹിരാകാശ നിലയത്തിന്റെ കമാൻഡറായി പ്രവർത്തിക്കുകയാണ്. അതേസമയം വിൽമോർ ഫ്ലൈറ്റ് എൻജീനീയറായും തുടരുകയാണ്.