k-surendran

കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ തോല്‍വിയും വോട്ട് ചോര്‍ച്ചയും ബിജെപിയില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് വഴിതുറക്കുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള പാര്‍ട്ടിയുടെ ആദ്യത്തെ സംഘടനാ യോഗത്തില്‍ നിന്ന് സംസ്ഥാനത്തെ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നതോടെ പാര്‍ട്ടിക്കുള്ളില്‍ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തമാകുന്നുവെന്ന അഭ്യൂഹങ്ങളും ഉയരുകയാണ്. പി.കെ കൃഷ്ണദാസ്, എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്‍ എന്നീ നേതാക്കളാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.

സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ പങ്കെടുത്തിരുന്നു. സുരേന്ദ്രനെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം പി.കെ കൃഷ്ണദാസ് പക്ഷം മുന്നോട്ട് വയ്ക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. കൃഷ്ണദാസ് പക്ഷത്തെ ഒരു പ്രധാനപ്പെട്ട നേതാവ് പോലും കൊച്ചിയിലെ യോഗത്തില്‍ പങ്കെടുത്തില്ല.

സംഘടനാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട പതിവ് യോഗമായതിനാല്‍ എല്ലാ നേതാക്കളും പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിശദീകരണം. ഇന്നത്തെ യോഗത്തില്‍ 14 പേര്‍ വന്നില്ലെന്നും എല്ലാ യോഗത്തിലും 100 ശതമാനം ആളുകള്‍ എത്തില്ലെന്നുമായിരുന്നു സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞത്. എം.ടി. രമേശിനും കൃഷ്ണദാസിനും എഎന്‍ രാധാകൃഷ്ണനും ഒരു ഗ്രൂപ്പുമില്ല. അവര്‍ക്ക് ഒരു ഗ്രൂപ്പ് മാത്രമേ ഉള്ളൂവെന്നും അത് ബിജെപി ഗ്രൂപ്പാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശക്തികേന്ദ്രമായ പാലക്കാട് നഗരസഭയിലടക്കം ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ സുരേന്ദ്രന്‍ വിഭാഗം നഗരസഭയില്‍ വോട്ട് കുറഞ്ഞതിന് കാരണം കൗണ്‍സിലര്‍മാരാണെന്ന ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍മാര്‍ രംഗത്ത് വരികയും ചെയ്തു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവ് കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്ന് ആരോപിച്ചാണ് കൗണ്‍സിലര്‍മാര്‍ പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നത്.