ipl-auction

ജിദ്ദ: പുതിയ ഐപിഎല്‍ സീസണിലേക്കുള്ള രണ്ട് ദിവസം നീണ്ടുനിന്ന ഐപിഎല്‍ മെഗാ താരലേലം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. പ്രതീക്ഷിച്ച ചില താരങ്ങള്‍ക്ക് വേണ്ടി ടീമുകള്‍ ലേലത്തില്‍ പണം വാരിയെറിഞ്ഞു. അപ്രതീക്ഷിതമായ ചില പേരുകള്‍ക്കും കോടികള്‍ മൂല്യം ലഭിച്ചു. അതുപോലെ തന്നെ മുന്‍ സീസണുകളില്‍ പണം വാരിക്കൂട്ടിയ ചില താരങ്ങള്‍ ആര്‍ക്കും വേണ്ടാത്തവരായി അണ്‍സോള്‍ഡ് പട്ടികയിലും ഇടംപിടിച്ചു.

അത്തരത്തില്‍ ഒരു താരമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഷാര്‍ദുല്‍ താക്കൂര്‍. 2022ലെ താരലേലത്തില്‍ 10.75 കോടി രൂപയ്ക്കാണ് താക്കൂര്‍ വിറ്റ് പോയത്. എന്നാല്‍ മിന്നും ഓള്‍റൗണ്ടറെ ടീമിലെത്തിക്കാന്‍ ആരും തയ്യാറാകാതിരുന്നത് ക്രിക്കറ്റ് ലോകത്ത് ഞെട്ടലുണ്ടാക്കുന്ന സംഭവമാണ്. ഈ വന്‍ വീഴ്ച ഷാര്‍ദുല്‍ താക്കൂറിന്റെ മാത്രം കഥയല്ല. ഐപിഎല്ലില്‍ വന്‍ ആരാധകരുള്ള ഒരുപിടി വിദേശതാരങ്ങള്‍ക്കും മുന്‍ നായകന്‍മാര്‍ക്കും പോലും ആവശ്യക്കാരില്ലാത്ത അവസ്ഥയുണ്ടായി.

ഇക്കൂട്ടത്തില്‍ പ്രമുഖന്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറാണ്. ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹമാണ് ഇന്ത്യന്‍ ആരാധകര്‍ വാര്‍ണര്‍ക്ക് നല്‍കുന്നത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകള്‍ക്കായി കളിക്കുകയും അവരെ നയിക്കുകയും ചെയ്തിട്ടുള്ള വാര്‍ണര്‍ ഹൈദരാബാദിനെ 2016ല്‍ ചാമ്പ്യന്‍മാരാക്കുകയും ചെയ്തിട്ടുണ്ട്. 2018ല്‍ ഹൈദരാബാദിനെ ഫൈനലില്‍ എത്തിച്ച കെയിന്‍ വില്യംസണിനേയും ലേലത്തില്‍ ആരും വാങ്ങിയില്ല.

പഞ്ചാബ് കിംഗ്‌സ് മുന്‍ നായകന്‍ മായങ്ക് അഗര്‍വാള്‍, ഇന്ത്യന്‍ യുവ താരങ്ങളായ പൃഥ്വി ഷാ, ടെസ്റ്റിലെ സൂപ്പര്‍താരം സര്‍ഫറാസ് ഖാന്‍ എന്നിവരേയും ടീമിലെത്തിക്കാന്‍ ഉടമകള്‍ താത്പര്യം പ്രകടിപ്പിച്ചില്ല. അടുത്തിടെ അച്ചടക്കമില്ലായ്മയെത്തുടര്‍ന്നും ഒപ്പം മോശം ഫിറ്റ്‌നെസും പൃഥ്വി ഷായ്ക്ക് തിരിച്ചടിയായി. താരത്തെ ആരും വാങ്ങാത്തത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് പഞ്ചാബ് കിംഗ്‌സ് മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടത്.