neha-ias

മൊബൈല്‍ ഫോണ്‍ നോക്കി സമയം കളയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. അല്‍പ്പനേരത്തേക്ക് നോക്കാം എന്ന് കരുതി ഫോണ്‍ കയ്യിലെടുത്താല്‍ പലപ്പോഴും അത് താഴെ വയ്ക്കുക മണിക്കൂറുകള്‍ക്ക് ശേഷമാണ്. രാവിലെ ഉറക്കം ഉണര്‍ന്നാല്‍ ആദ്യം അന്വേഷിക്കുന്നത് ഫോണ്‍ എവിടെ എന്നായിരിക്കും. ശരീരത്തിന്റെ ഒരു അവയവം പോലെയായി മാറിയ സ്മാര്‍ട്‌ഫോണുകള്‍ അല്‍പ്പനേരത്തേക്ക് പോലും മാറ്റിവയ്ക്കാന്‍ പറ്റാത്ത അത്രയും നമ്മുടെ ഭാഗമായി മാറിക്കഴിഞ്ഞു.

എന്നാല്‍ ഈ പതിവ് സ്വഭാവത്തില്‍ നിന്നെല്ലാം വ്യത്യസ്തയാണ് നേഹ ബെയ്ദ്‌വാള്‍ എന്ന 24കാരി. തന്റെ സ്വപ്‌ന സാഫല്യത്തിനായി മൂന്ന് വര്‍ഷത്തോളും സ്മാര്‍ട്ട്‌ഫോണിനെ ജീവിതത്തില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ നേഹയ്ക്ക് കഴിഞ്ഞു. ആരാണ് നേഹ? രാജസ്ഥാനിലെ ജയ്പൂരില്‍ ജനിച്ച ഈ പെണ്‍കുട്ടി പഠിച്ചതും വളര്‍ന്നതുമെല്ലാം മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ്. സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു നേഹയുടെ പിതാവ് ശ്രാവണ്‍ കുമാര്‍.

ആദായ നികുതി വകുപ്പില്‍ ഉദ്യോഗസ്ഥനായ പിതാവിന്റെ ജോലി സ്ഥലം മാറുന്നതിന് അനുസരിച്ച് കുടുംബത്തിനും ഒപ്പം മാറേണ്ടി വന്നു. സ്വന്തം അച്ഛന്റെ പാത പിന്തുടര്‍ന്ന് ഒരു സര്‍ക്കാര്‍ ജീവനക്കാരിയാകണമെന്നും കേന്ദ്ര സര്‍ക്കാര്‍ ജോലി നേടിയെടുക്കണമെന്നും നേഹ ചെറുപ്പം മുതല്‍ സ്വപ്‌നം കണ്ടിരുന്നു. ഛത്തീസ്ഗഡിലെ ഡി.ബി ഗേള്‍സ് കോളജില്‍ നിന്ന് ഏറ്റവും മികച്ച മാര്‍ക്കോടെയാണ് നേഹ കോളജ് പഠനം പൂര്‍ത്തിയാക്കിയത്. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം യു.പി.എസ്.സി പരീക്ഷക്ക് തയാറെടുക്കാന്‍ തുടങ്ങി. തിരിച്ചടികളായിരുന്നു ഫലം. മൂന്നുതവണ ശ്രമിച്ചിട്ടും വിജയിക്കാന്‍ സാധിച്ചില്ല.

മൂന്ന് തവണ പരാജയപ്പെട്ടതിന്റെ കാരണം മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും ആണെന്ന് നേഹ സ്വയം തിരിച്ചറിയുകയായിരുന്നു. ബന്ധുക്കളേയും സുഹൃത്തുക്കളേയും പോലും കാണാന്‍ സമയം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭൂരിഭാഗം സമയത്തും പഠനം മാത്രമായിരുന്നു നേഹയ്ക്ക് പ്രധാനം. ഒടുവില്‍ ആ കഠിന പരിശ്രമത്തിന് ഫലം ലഭിക്കുകയും ചെയ്തു. 2021ല്‍ 569ാം റാങ്ക് നേടി നേഹ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു.

ഉന്നത വിജയം കരസ്ഥമാക്കുമ്പോള്‍ 24 വയസായിരുന്നു നേഹക്ക്. 960 മാര്‍ക്കാണ് യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ലഭിച്ചത്. സംവരണമുള്ളതിനാല്‍ താരതമ്യേന റാങ്ക് കുറഞ്ഞിട്ടും ഐ.എ.എസ് ലഭിച്ചു. തന്റെ ലക്ഷ്യം നേടിയെടുക്കുന്നതിനായി സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് ഉള്‍പ്പെടെ മാറി നില്‍ക്കാന്‍ തയ്യാറായ നേഹ ഇന്ന് സമൂഹമാദ്ധ്യമങ്ങളിലും താരമാണ്. ഇന്‍സ്റ്റഗ്രാമില്‍ 28,000 ആളുകളാണ് നേഹയെ ഫോളോ ചെയ്യുന്നത്. പരീക്ഷ നേരിടാനുള്ള പൊടിക്കൈകള്‍ അവര്‍ സ്വന്തം പ്രൊഫൈലില്‍ പങ്കുവയ്ക്കാറുണ്ട്.