
അടൂർ: പ്ളസ് ടു വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചതിന് പിന്നാലെ അഞ്ച് മാസം ഗർഭിണി ആണെന്ന് സ്ഥിരീകരിച്ചതോടെ പോക്‌സോ കേസും രജിസ്‌റ്റർ ചെയ്‌തു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച മുണ്ടപ്പള്ളി സ്വദേശിനിയായ 17കാരിയാണ് ഗർഭിണിയാണെന്ന് തെളിഞ്ഞത്. കുട്ടിയുടെ മരണത്തിൽ നേരത്തെ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരുന്നത്. ഇതിനുപുറമേയാണ് പോക്‌സോ വകുപ്പനുസരിച്ചും കേസ് എടുത്തത്.
വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് പെൺകുട്ടി മരിച്ചത്. ആന്തരാവയവങ്ങൾക്ക് തകരാർ സംഭവിച്ചതായി സൂചന ലഭിച്ചതിനെ തുടർന്ന് ഇവ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ 19ന് സ്‌കൂളിൽ നിന്നും കുട്ടി ഉല്ലാസയാത്ര പുറപ്പെട്ടിരുന്നു. എന്നാൽ അൽപദൂരം എത്തിയ ശേഷം കുട്ടി ബഹളം വച്ചതിനെ തുടർന്ന് സ്‌കൂൾ അധികൃതർ രക്ഷകർത്താക്കളെ വിളിച്ചുവരുത്തി തിരികെ വിട്ടിരുന്നു. പിന്നീട് പനി ബാധിച്ച കുട്ടിയെ നാല് ദിവസം മുൻപ് വീടിനടുത്ത് ആശുപത്രിയിലെത്തിച്ചു.
രക്തം പരിശോധിച്ചപ്പോൾ അണുബാധ കണ്ടെത്തി. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
പിന്നാലെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ഡോക്ടർമാർക്ക് സംശയം തോന്നി പോസ്റ്റ്‌മോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അബോർഷൻ ചെയ്യാൻ വേണ്ടി ആരുമറിയാതെ പെൺകുട്ടി മരുന്ന് കഴിച്ചെന്നും അതുവഴി അണുബാധയുണ്ടായതാകാമെന്നും സംശയിക്കുന്നുണ്ട്.