finance

കൊച്ചി: സമീപ ഭാവിയില്‍ പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ കേരളത്തില്‍ സാദ്ധ്യമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തിലെ മികച്ച സംരംഭകരെ ആദരിക്കുന്നതിനായി ഇന്തോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഒഫ് കൊമേഴ്സ് (ഇന്‍മെക്ക്) ഏര്‍പ്പെടുത്തിയ 'സല്യൂട്ട് കേരള 2024' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരം വ്യവസായങ്ങളിലൂടെ പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് നേടാനാകും.

വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വികസന കേന്ദ്രമായി മാറുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്ന വികസന മേഖല ആഗോള വിതരണ ശൃംഖലകള്‍ സ്ഥാപിക്കുന്നതിന് സംരംഭകര്‍ക്ക് ആവേശം പകരും. കേരളത്തിന്റെ സാദ്ധ്യതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള മികച്ച സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഗള്‍ഫര്‍ ഗ്രൂപ്പ് സ്ഥാപകന്‍ പി. മുഹമ്മദ് അലി, ഇന്‍മെക്ക് ചെയര്‍മാന്‍ ഡോ.എന്‍.എം. ഷറഫുദ്ദീന്‍, സെക്രട്ടറി ജനറല്‍ ഡോ.സുരേഷ്‌കുമാര്‍ മധുസൂദനന്‍, ഇന്‍മെക്ക് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. അഡ്വ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി യൂനുസ് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

വ്യവസായ പ്രമുഖര്‍ക്ക് ആദരം

കേരളത്തെ മികച്ച സംരംഭകത്വ സൗഹൃദമാക്കി വളര്‍ത്തിയ പ്രമുഖരായ എ.വി.എ മെഡിമിക്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എ.വി അനൂപ്, ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ ഡോ. വിജു ജേക്കബ്, വി.കെ. മാത്യൂസ് (ഐ.ബി.എസ് സോഫ്റ്റ്വെയര്‍), ഡോ. കെ.വി. ടോളിന്‍ (ടോളിന്‍സ് ടയേഴ്സ് ലിമിറ്റഡ്), കെ.മുരളീധരന്‍ (മുരള്യ, എസ്.എഫ്.സി ഗ്രൂപ്പ്), വി.കെ. റസാഖ് (വി.കെ.സി ഗ്രൂപ്പ്), ഷീല കൊച്ചൗസേപ്പ് (വി സ്റ്റാര്‍ ക്രിയേഷന്‍സ്), പി.കെ. മായന്‍ മുഹമ്മദ് (വെസ്റ്റേണ്‍ പ്ലൈവുഡ്സ് ലിമിറ്റഡ്) എന്നിവര്‍ക്ക് ഇന്‍മെക്ക് എക്സലന്‍സ് സല്യൂട്ട് പുരസ്‌കാരം കൈമാറി.