
ഇസ്ലാമാബാദ്: ജയിലിലുള്ള മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി അനുയായികളുടെ പ്രധിഷേധത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരനും കൊല്ലപ്പെട്ടു. പ്രക്ഷോഭം അടിച്ചമർത്താൻ സൈന്യത്തെ വിളിച്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ് നൽകി. യുദ്ധസാഹചര്യം നേരിടാനുള്ള ഭരണഘടനയിലെ 245വകുപ്പ് പ്രകാരമുള്ള സർവാധികാരമാണ് പട്ടാളത്തിന് നൽകിയിരിക്കുന്നത്. ഇതോടെ പാകിസ്ഥാൻ വീണ്ടും കലാപത്തിലേക്ക് നീങ്ങുകയാണ്.
തലസ്ഥാനമായ ഇസ്ലാമബാദ് ശനിയാഴ്ച മുതൽ പ്രക്ഷോഭകർ ഉപരോധിച്ചിരുന്നു. പാർലമെന്റും വിദേശ എംബസികളും സ്ഥിതി ചെയ്യുന്ന അതിസുരക്ഷാ മേഖലയായ ഡി ചൗക്ക് പ്രക്ഷോഭകർ വളഞ്ഞു. ഇമ്രാന്റെ ഭാര്യ ബുഷ്റ ബീബിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഇരുപതിനായിരത്തിലേറെ പൊലീസുകാരെയും നിരവധി കമ്പനി സായുധ സൈന്യത്തെയും നഗരത്തിൽ വിന്യസിച്ചു. രാജ്യമെമ്പാടും നിന്നെത്തിയ പതിനായിരക്കണക്കിന് പ്രക്ഷോഭകരാണ് വടിയും കല്ലുകളുമായി വിലക്ക് ലംഘിച്ച് ഇസ്ലാമാബാദിലെ തെരുവുകളിൽ ഇറങ്ങിയത്. ജനക്കൂട്ടം പൊലീസുമായും അർദ്ധസേനയുമായും ഏറ്റമുട്ടുകയായിരുന്നു. നാല് അർദ്ധസൈനികരും രണ്ട് പോലീസുകാരും ഒരു നാട്ടുകാരനും ഉൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. നൂറിലധികം സുരക്ഷാ ഉദ്യോഗസ്ഥർക്കും നിരവധി ഇമ്രാൻ അനുകൂലികൾക്കും പരിക്കേറ്റു. 4000 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പൊലീസിന് നേരെ കവണ ഉപയോഗിച്ച് കല്ലേറുണ്ടായി. നിരവധി വാഹനങ്ങൾ നശിപ്പിച്ചു. പൊലീസ് കിയോസ്ക് കത്തിച്ചു.
ഇമ്രാനെ മോചിപ്പിക്കുക,കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൃതൃമം കാട്ടി അധികാരത്തിലേറിയ ഷെഹ്ബാസ് ഷെരീഫിന്റെ സർക്കാർ രാജിവയ്‌ക്കുക എന്നിവയാണ് ആവശ്യങ്ങൾ. ആവശ്യങ്ങൾ അംഗീകരിക്കും വരെ പ്രക്ഷോഭം തുടരാൻ ഇമ്രാൻ ജയിലിൽ നിന്ന് ആഹ്വാനം ചെയ്‌തിരുന്നു.
ഇസ്ലാമബാദിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർക്കറ്റുകളും അടച്ചു,ശനിയാഴ്ച മുതൽ രാജ്യത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ മൂന്ന് ദിവസത്തെ സന്ദർശനത്തിന് തിങ്കളാഴ്ച്ച ഇസ്ലാമാബാദിലെത്തിയതിനാൽ കനത്ത സുരക്ഷാ വലയത്തിലാണ് നഗരം. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സൈന്യം നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അയൽ നഗരങ്ങളിലെ സൈന്യത്തെയും ഇസ്ലാമബാദിൽ വിന്യസിച്ചു. രണ്ട് മാസത്തേക്ക് പൊതുയോഗങ്ങൾ നിരോധിച്ചു.
രാഷ്‌ട്രീയ ഭാവി തകർക്കാൻ
അഴിമതിയും രാജ്യദ്രോഹവും ഉൾപ്പെടെ നിലവധി കുറ്റങ്ങളാണ് ഇമ്രാന് മേൽ ചുമത്തിയിട്ടുള്ളത്. അവിമതിക്കേസിൽ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ ഇമ്രാനെ ജയിലിൽ അടച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വിലക്കി. എങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇമ്രാന്റെ പാർട്ടി മത്സരിക്കുകയും ഏറ്റവും കൂടുതൽ സീറ്റ്നേടി വലിയ കക്ഷി ആവുകയും ചെയ്തിരുന്നു. ഷാബാസ് ഷെരീഫിന്റെ പാകിസ്ഥാൻ മുസ്ലീംലീഗ് (നവാസ് ) മറ്റ് കക്ഷികളുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പിൽ വൻ തിരിമറി നടത്തിയതായി അന്നേ ആരോപണം ഉയർന്നിരുന്നു. രാജ്യദ്രോഹക്കുറ്റത്തിന് ഇമ്രാനെ പട്ടാളക്കോടതിയിൽ വിചാരണ ചെയ്യാനാണ് നീക്കമെന്ന് റിപ്പോർട്ടുണ്ട്. ഇമ്രാനെ രാഷ്‌ട്രീയമായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നാണ് ആരോപണം.