sale

ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് 35 കിലോ കഞ്ചാവുമായി രണ്ട് യുവതികളടക്കം മൂന്ന് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. ഒഡീഷ റായഗഡ സ്വദേശികളായ സത്യ നായക്ക് (28), അസന്തി താക്കൂർ (39), ആശ പ്രമോദ് ലിമ (36) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഒഡീഷയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് കേരളത്തിലെത്തിച്ച് വിപണനം നടത്തുന്നവരാണ് പ്രതികൾ. വലിയ ട്രോളി ബാഗുകളിൽ ട്രെയിൻ മാർഗമാണ് ഇവർ കഞ്ചാവ് എത്തിച്ചത്. രണ്ട് കിലോ വീതമുള്ള 17 പൊതികളും ഒരു കിലോയുടെ ഒരു പായ്ക്കറ്റും കണ്ടെത്തി. ഒഡീഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് കിലോയ്ക്ക് 2,000 രൂപയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് 25,000 മുതൽ 30,000 വരെ രൂപയ്ക്കായിരുന്നു വില്പന.

ഡാൻസാഫ് ടീമിന് പുറമെ നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി പി. ഷംസ്, ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്‌പെക്ടർ എ.എൽ. അഭിലാഷ്, എസ്.എസ്. ശ്രീലാൽ, സി.പി.ഒമാരായ വി.എ. അഫ്സൽ, പി.എൻ. നൈജു എന്നിവരാണ് പരിശോധാ സംഘത്തിൽ ഉണ്ടായിരുന്നത്.