
ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന മാർക്കോയുടെ പുതിയ ഒരു വീഡിയോ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. മാർക്കോ സിനിമയെ അഭിനേതാക്കൾ പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് വീഡിയോ. സിനിമ എന്താണെന്നും സിനിമയ്ക്ക് വേണ്ടി കാത്തിരിക്കേണ്ട ആവശ്യകതയും വീഡിയോയിൽ പറയുന്നുണ്ട്. പതിനെട്ട് വയസിന് താഴേയുള്ളവർക്ക് കാണാൻ പറ്റിയ സിനിമയാണിതെന്ന് തോന്നുന്നില്ലെന്നാണ് ജഗദീഷ് വീഡിയോയിൽ പറയുന്നത്.
ക്യൂബ്സ് എൻറർടെയ്ൻമെന്റ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് മാർക്കോ. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് , അഭിമന്യു തിലകൻ, യുക്തി തരേജ എന്നിവരുമുണ്ട്.
മാർക്കോയിലെ വയലൻസ് അതിപ്രസരത്തെ കുറിച്ച് മറ്റൊരു സിനിമയുടെ പ്രൊമോഷനിൽ ജദഗീഷ് സൂചിപ്പിച്ചിരുന്നു. താൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള വേഷമാണ് മാർക്കോയിലേതെന്നാണ് ജഗദീഷ് പറയുന്നത്. പക്കാ വയലൻസുമായി എത്തുന്നതാണ് മാർക്കോ എന്ന് പുതിയ വീഡിയോയിലെ താരങ്ങളുടെ സംഭാഷണങ്ങളിൽ നിന്നും മനസിലാക്കാം.
ആക്ഷൻ ത്രില്ലറായ മാർക്കോ സംവിധാനം ചെയ്യുന്നത് ഹനീഫ് അദേനിയാണ്. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. രവി ബസ്രൂർ ആണ് സംഗീതം. ഡിസംബർ 20ന് ചിത്രം തിയറ്ററുകളിൽ എത്തും.