accident

തൃശൂർ: നാട്ടികയിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് പേർ മരിച്ച സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ. ലോറിയുടെ ക്ലീനറായ അലക്സും ഡ്രൈവർ ജോസുമാണ് കുറ്റം സമ്മതിച്ചത്. യാത്രയ്ക്കിടയിൽ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും മദ്യലഹരിയിൽ മയങ്ങിപ്പോയെന്നുമാണ് അലക്സിന്റെ മൊഴി.

'മദ്യലഹരിയിൽ ഇരുപത് സെക്കന്റ് കണ്ണടഞ്ഞുപ്പോയെന്നും ലോറി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചു. അപ്പോൾ നിലവിളി കേട്ടു. അതോടെ രക്ഷപ്പെടാൻ നോക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് ലോറിയിൽ തടി കയറ്റി പുറപ്പെട്ടത്. മാഹിയിൽ നിന്ന് മദ്യം വാങ്ങി. യാത്രക്കിടയിൽ മദ്യപിച്ചു. പൊന്നാനി എത്തിയപ്പോഴേക്കും ജോസിന് പൂർണമായും ബോധം പോയി. പിന്നീടാണ് വണ്ടിയോടിച്ചത്'- അലക്സ് മൊഴി നൽകി.രണ്ട് പേരെയും കോടതി റിമാൻഡ് ചെയ്തു. മദ്യലഹരിയിൽ ഉണ്ടാക്കിയ ദുരന്തമെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഇരുവർക്കുമെതിരെ മനഃപൂർവ്വമായ നരഹത്യയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ അഞ്ച് പേരാണ് മരിച്ചത്. പാലക്കാട് മീൻകര ഡാം ചെമ്മനംതോട് കോളനിയിൽ താമസക്കാരായ കാളിയപ്പൻ (50), ഭാര്യ നാഗമ്മ (39), മകൻ വിജയുടെ ഭാര്യ രാജേശ്വരി (ബംഗാരി 20), മകൻ വിശ്വ (ഒരു വയസ്), ഇവരുടെ ബന്ധു രമേശിന്റെയും ചിത്രയുടെയും മകൾ ജീവ (4) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കിടന്നുറങ്ങിയിരുന്ന ദേവചന്ദ്രൻ (31), ദേവചന്ദ്രന്റെ ഭാര്യ ജാൻസി (29), മകൾ ശിവാനി (5), ദേവചന്ദ്രന്റെ സഹോദരൻ വിജയ് എന്നിവരാണ് തൃശൂർ മെഡിക്കൽ കോളേജിലുള്ളത്.