
അച്ഛന്റെ ആഗ്രഹം യാഥാർത്ഥ്യമാക്കാനാണ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ നല്ല മാർക്കുണ്ടായിട്ടും ആദർശ് എം.ബി.ബി.എസിന് പോകാതെ ബി.ഡി.എസിന് ചേർന്ന് പഠിച്ചത്. ഡോ. ആദർശിന്റെ അച്ഛൻ ഗിരീഷ് കൃത്രിമ പല്ലുകൾ നിർമ്മിക്കുന്ന ഡെന്റൽ ടെക്നീഷ്യനായിരുന്നു. അതുകൊണ്ടാണ് ഗിരീഷ് സ്വന്തം മകനെ ഡെന്റൽ ഡോക്ടറായി കാണാൻ ആഗ്രഹിച്ചത്. അച്ഛന്റെ ആഗ്രഹം സാധിച്ച ഡോ. ആദർശ് തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ പി.എം.എസ് ഡെന്റൽ കോളേജിലെ സർജനും അസിസ്റ്റന്റ് പ്രൊഫസറും ലോകം ആദരിക്കുന്ന സ്റ്റാർട്ടപ്പിന്റെ അമരക്കാരനുമാണ്.
ഡോ. ആദർശ് തിരുവനന്തപുരം പി.എം.എസ് ഡെന്റൽ കോളേജിൽ നിന്നാണ് മാക്സിലോഫേഷ്യൽ സർജറിയിൽ ബിരുദാനന്തര ബിരുദം നേടിയത്. 2018 ആഗസ്റ്റ് പതിനാലാം തീയതി പി.എം.എസ് ഡെന്റൽ കോളേജിൽ ഇന്റർവ്യൂ പാസായി. ആഗസ്റ്റ് പതിനാല് ആദർശിന്റെ ജന്മദിനമാണ്. ജന്മദിന സമ്മാനം പോലെ കിട്ടിയ ജോലിയാണ് പി.എം.എസ് ഡെന്റൽ കോളേജിലേത്. അതുകൊണ്ട് കൂടിയാണ് ആസ്വദിച്ചും ഭക്തിയോടെയും ജോലി ചെയ്യുന്നത്. ചികിത്സിച്ച ആദ്യ രോഗി മുതൽ, ചെയ്ത ആദ്യ സർജറി മുതൽ ഇന്നും ഇനിയെന്നും ആത്മാർത്ഥമായാണ് ഡോ. ആദർശ് തൊഴിൽ ചെയ്തു കൊണ്ടിരിക്കുന്നത്. ഡെന്റൽ ചികിത്സാ മേഖലയിൽ എന്തെങ്കിലും സ്വന്തമായ കണ്ടുപിടിത്തം വേണമെന്ന ചിന്തയിലാണ് അവയവങ്ങൾ ത്രീഡി പ്രിന്റിംഗ് ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചത്. ആദർശിന്റെ ആ ആലോചന കേരളത്തിനോ ഇന്ത്യക്കോ മാത്രമല്ല ലോകത്തിനുള്ള മലയാളിയുടെ സംഭാവനയായാണ് മാറിയത്.
ബോൺ ത്രീഡി പ്രിന്റർ
സാധാരണയായി താടിയെല്ലുകൾ ഒടിഞ്ഞാൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് എടുത്താണ് പിടിപ്പിക്കുന്നത്. അതല്ലെങ്കിൽ അസ്ഥി പൊട്ടിയാൽ കമ്പിയോ പ്ലേറ്റോ സ്ക്രൂവോ ഇട്ട് സുഖപ്പെടുത്തുകയാണ് ചെയ്യുന്നത്. അവിടെയാണ് ഡോ. ആദർശിന്റെ കണ്ടുപിടുത്തം ജനോപകാരപ്രദമായി മാറിയത്. പുതിയ അസ്ഥി ത്രീഡി പ്രിന്റ് ചെയ്ത് വച്ചു പിടിപ്പിക്കാം. ഇങ്ങനെ തലയോട്ടി മുതൽ താടിയെല്ല് വരെ പ്രിന്റ് ചെയ്യാൻ കഴിയും. ഈ ത്രീഡി പ്രിന്ററായ ഒസിയോക്രാഫ്റ്റ് എന്ന ബോൺ ത്രീഡി പ്രിന്റർ ഗവേഷണം നടത്തി കണ്ടുപിടിച്ചത് ഡോക്ടർ ആദർശാണ്. ഈ കണ്ടുപിടുത്തത്തിനു സഹായിയായി പി.എം.എസ് ഡന്റൽ കോളേജിലെ പൂർവ വിദ്യാർത്ഥി ഡോ. ശിവദത്തും കൂടെയുണ്ടായിരുന്നു.
അപകടങ്ങളിൽ അസ്ഥികൾ പൊട്ടിയവർക്കും അസ്ഥികൾ റോഡിൽ നഷ്ടപ്പെട്ടവർക്കും ക്യാൻസറിൽ അസ്ഥികൾ ദ്രവിച്ചവർക്കും ത്രീഡിയിൽ പ്രിന്റ് ചെയ്ത അസ്ഥികൾ ഉപകാരപ്പെടും. കമ്പ്യൂട്ടർ സോഫ്റ്റ്വെയറിൽ ഒടിഞ്ഞ അസ്ഥിയുടെ സി.ടി സ്കാനിന്റെ ത്രീഡി രൂപരേഖ നൽകും. കമ്പ്യൂട്ടറും ബോൺ പ്രിന്ററുമായി ബന്ധിപ്പിച്ചിരിക്കും. വയ്പ് പല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളി മീഥെയിൽ മെത്താക്രിലേറ്റിന്റെ 0.4 മില്ലീ മീറ്റർ കട്ടിയുള്ള ഫിലമെന്റുകളാണ് അസ്ഥി പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്നത്. എല്ലിന് ഉറപ്പ് നൽകുന്ന ഹൈഡ്രോക്സി അപറ്റൈറ്റ് എന്ന ധാതു ഫിലമെന്റിൽ ചേർക്കും. മെഷീൻ ഓൺ ചെയ്യുമ്പോൾ ഓരോ ഫിലമെന്റും അസ്ഥിയുടെ രൂപരേഖക്ക് അനുസരിച്ച് ഒന്നിന് മീതേ ഒന്നായി അടുക്കുകളായി പതിക്കും. 45 സെന്റീമീറ്റർ നീളത്തിലും 20 സെന്റി മീറ്റർ വീതിയിലും വരെ അസ്ഥികൾ പ്രിന്റ് ചെയ്യാം. കുഞ്ഞ് അസ്ഥികൾ ഒരു മണിക്കൂറിൽ പ്രിന്റ് ചെയ്യാം. യഥാർത്ഥ അസ്ഥിപോലെ തന്നെ ഇവ അണുവിമുക്തമാക്കി ഉടൻ ശരീരത്തിൽ വച്ചുപിടിപ്പിക്കാം.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഡോ. ആദർശിലൂടെ ആധുനികമായി മാറിയ എല്ലുകൾ അമ്പതോളം രോഗികൾ വിജയകരമായ ശസ്ത്രക്രിയയിലൂടെ സ്വീകരിച്ചുകഴിഞ്ഞു. കാലത്തിനൊത്ത് കോലം മാറി പരിഷ്കരിക്കപ്പെട്ട എല്ലുകൾ ഇനിയും പരിഷ്കാരികളാകുമെന്നാണ് ഡോ. ആദർശ് പറയുന്നത്. ഇതിനോടകം തന്നെ ഇരുപത്തിരണ്ടോളം ബഹുമതികൾ ഡോ. ആദർശിന്റെ ത്രീഡി പ്രിന്റർ വാരികൂട്ടിയിട്ടുണ്ട്.
പന്ത്രണ്ടോളം വിദ്യാർത്ഥികളെയും ഡോക്ടർമാരെയും ചേർത്തുവച്ചു ഡോ. ആദർശും അദ്ദേഹത്തിന്റെ വിദ്യാർത്ഥി ഡോ. ശിവദത്തും ചേർന്ന് ആരംഭിച്ച സ്റ്റാർട്ടപ്പായ Pionomed biogenix പത്തോളം വിവിധ മെഡിക്കൽ പ്രോജക്ടുകൾ നടത്തിവരുന്നു. തമിഴ്നാട്ടിലും പുതിയൊരു സ്റ്റാർട്ടപ്പിന് വേണ്ടി ഡോ. ആദർശ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഗീതം നൽകുന്ന സന്തോഷം
ദന്ത പരിചരണത്തിനും പരിപാലനത്തിനും ആരോഗ്യമേഖലയിൽ ഇനിയും നിരവധി പരീക്ഷണങ്ങൾ നടത്തണമെന്നാണ് ഡോ. ആദർശിന്റെ ആഗ്രഹം. തിരക്കുകൾക്കിടയിൽ ആദർശിന് സന്തോഷം നൽകുന്നത് സംഗീതമാണ്. ഇതിനിടയിൽ നിരവധി ആൽബങ്ങൾക്കായി പാട്ടുകൾ എഴുതുകയും സംഗീതം ചെയ്യുകയും പാടുകയും ചെയ്തിട്ടുണ്ട്. കെ.എസ് ചിത്രയും, വിനീത് ശ്രീനിവാസനും, നജിം അർഷാദും, ശ്രീനിവാസും, ശ്രീകാന്ത് ഹരിഹരനും ഉൾപ്പടെ നിരവധി പ്രമുഖർ ഡോ. ആദർശ് എഴുതി സംഗീതം ചെയ്ത ഗാനങ്ങൾ പാടിയിട്ടുണ്ട്. സംഗീത മേഖലയിലും സജീവമായി തന്റേതായ കൈയൊപ്പ് ചാർത്താനുള്ള ശ്രമത്തിലാണ് ഡോ. ആദർശ്.
ഡോ. ആദർശിന്റെ ഭാര്യ സുവ്യ മൈക്രോ ബയോളജി ഗവേഷണ വിദ്യാർത്ഥിനിയാണ്. ഡോ.ആദർശിന് അമേരിക്ക ഉൾപ്പടെ നിരവധി വിദേശരാജ്യങ്ങളിൽ നിന്ന് സ്റ്റാർട്ടപ്പ് തുടങ്ങാൻ ഓഫർ ലഭിച്ചിട്ടുണ്ട്. പി.എം.എസ് ഡെന്റൽ കോളേജ് ചെയർമാൻ, ഡോക്ടർ പി.എസ്. താഹ നൽകുന്ന പ്രോത്സാഹനങ്ങളാണ് ആദർശിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത്. പ്രോജക്ടുകൾക്കും മറ്റുമായി ലക്ഷങ്ങളുടെ ഗ്രാന്റുകൾ ലഭിച്ചിട്ടുണ്ടെങ്കിലും, ആദ്യമായി ഒരു പ്രൊജക്ട് ചെയ്യാൻ പി.എം.എസ് ഡെന്റൽ കോളേജ് ചെയർമാനായ ഡോക്ടർ പി.എസ് താഹ നൽകിയ ഒരു ലക്ഷം രൂപയാണ് ഏറ്റവും വിലപ്പെട്ടതെന്നാണ് ഡോ. ആദർശ് പറയുന്നത്.