himanshi

പഞ്ചാബി നടിയും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമാണ് ഹിമാൻഷി ഖുറാന. ഇവരുടെ സമൂഹ മാദ്ധ്യമ പോസ്റ്റുകൾ ഏറെ ശ്രദ്ധനേടാറുണ്ട്. ജിമ്മിൽ പോകാതെയും ഇഷ്‌ടമുള്ള ഭക്ഷണം കഴിച്ചുകൊണ്ടും ഹിമാൻഷി 11 കിലോ കുറച്ചതിന്റെ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തന്റെ ജന്മദിനത്തിൽ ശരീരഭാരം കുറച്ചതിന്റെ രഹസ്യം പങ്കുവച്ചിരിക്കുകയാണ് നടി.

ഫിറ്റ്‌നസിനോട് ഏറെ താൽപ്പര്യമുള്ള ഹിമാൻഷി ഇതിന് മുമ്പും പല ടിപ്പുകളും പങ്കുവച്ചിട്ടുണ്ട്. ഫാൻസി ഡയറ്റോ കഠിനമായ വ്യായാമമോ ഇല്ലാതെയാണ് താൻ 11 കിലോ കുറച്ചതെന്ന് താരം പറഞ്ഞു. ' ഇഷ്‌ടമുള്ള ഭക്ഷണമെല്ലാം കഴിച്ചു. പ്രത്യേകിച്ച് പറാത്തയും നെയ്യുമെല്ലാം. ഇഷ്‌ട ഭക്ഷണങ്ങൾ ഉപേക്ഷിച്ച് ശരീരഭാരം കുറയ്‌ക്കുന്നതിനോട് എനിക്ക് താൽപ്പര്യമില്ല. ജിമ്മിൽ പോകുന്നതിന് പകരം ആഴ്‌ചയിൽ രണ്ടുതവണ കാഠിന്യം കുറഞ്ഞ വ്യായാമങ്ങൾ ചെയ്‌തു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ മാത്രമാണ് കഴിച്ചത്', നടി പറഞ്ഞു.

കലോറി നിയന്ത്രിച്ച് വേണം ഭക്ഷണം കഴിക്കാൻ. ഏത് ഭക്ഷണമായാലും അത് അളവിൽ കൂടുതൽ കഴിച്ചാൽ നിങ്ങളുടെ ശരീരത്തിന് ദോഷം മാത്രമാകും ഉണ്ടാവുക. അതിനാൽ അളവ് നിയന്ത്രിച്ച് കഴിക്കുക. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നത് പല തരത്തിലുള്ള അലർജി, ശാരീരിക പ്രശ്‌നങ്ങൾ എന്നിവ തടയുന്നതിന് സഹായിക്കും. പഞ്ചസാരയുടെ അളവ് കുറയ്‌ക്കുക. നാരുകളും പോഷകങ്ങളും ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. വീട്ടിൽ പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിൽ എണ്ണയുടെ അളവ് നിയന്ത്രിക്കാൻ ശ്രമിക്കുക. ഇക്കാര്യങ്ങൾ ചെയ്‌താൽ തന്നെ നിങ്ങളുടെ ശരീരഭാരത്തിൽ വലിയ വ്യത്യാസം കാണാൻ സാധിക്കുന്നതാണ്.