divya-unni

സിനിമയിലേക്ക് തിരിച്ചുവരവ് ഉണ്ടാകുമെന്ന് തുറന്നുപറഞ്ഞ് നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി. അഭിനയത്തിൽ നിന്നും പൂർണമായും മാറി നിന്നിട്ടില്ലെന്നും താരം പറഞ്ഞു. ജീവിതത്തിൽ കൂടുതലും ശ്രദ്ധ നൽകിയത് നൃത്തത്തിനാണെന്നും അതുകൊണ്ട് പല സിനിമളിലും അഭിനയിക്കാൻ ഡേറ്റ് കിട്ടാതെ വന്നിട്ടുണ്ടെന്നും ദിവ്യ ഉണ്ണി പറഞ്ഞു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

'പല സിനിമകളിൽ നിന്നും മാറി നിന്നിട്ടുണ്ട്, ചിലത് അറിയാതെ സംഭവിച്ചതാണ്. അഭിനയത്തോടൊപ്പം തന്നെ ഡാൻസ് സ്‌കൂളും കൊണ്ടുപോകുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പല നൃത്ത പരിപാടികളും മാസങ്ങൾക്ക് മുൻപെ തീരുമാനിച്ചതായിരിക്കാം. ആ സാഹചര്യങ്ങളൊക്കെ ഉണ്ടാകുമ്പോൾ സിനിമകളിൽ നിന്നും മാറി നിൽക്കേണ്ടി വരും. സിനിമയിലെ സൗഹൃദങ്ങൾ അധികം കാത്തുസൂക്ഷിക്കാനും കഴിഞ്ഞിട്ടില്ല. കൂടുതൽ ശ്രദ്ധ നൃത്തത്തിലായതുകൊണ്ടാണ്.

ഞാനൊരു സിനിമയുടെയും കഥ കേട്ടിട്ട് അഭിനയിക്കാമെന്ന് പറഞ്ഞിട്ടില്ല, കാരണം അഭിനയിച്ച എല്ലാ സിനിമകളുടെയും സംവിധായകൻമാർ അത്ര പ്രമുഖരായിരുന്നു. ഐ വി ശശി സാറും, ഭരതൻ സാറും അഭിനയിക്കാൻ വിളിക്കുമ്പോൾ എങ്ങനെയാണ് കഥ കേൾക്കട്ടെ എന്ന് പറയുന്നത്. അവരുടെ സിനിമകൾ അത്രമാത്രം ഹി​റ്റുകളും മൂല്യവും ഉളളതായിരുന്നു. ഷൂട്ടിംഗ് തുടങ്ങി രണ്ട് ദിവസം കഴിയുമ്പോഴേയ്ക്കും കഥ മനസിലാകും. അതിനിടയിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. അതൊക്കെ ഒരു അനുഗ്രഹമായിരുന്നു.

മമ്മൂക്കയോടൊപ്പവും ലാലേട്ടനോടൊപ്പവും അഭിനയിച്ചത് മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ്. കൂടെ അഭിനയിക്കുന്നവരോട് നന്നായി പെരുമാറുന്ന വ്യക്തിയാണ് ലാലേട്ടൻ. ഞാൻ സിനിമയിൽ എത്തിയപ്പോൾ തന്നെ അദ്ദേഹം വലിയ താരമായി മാറിയിരുന്നു. ഒപ്പം അഭിനയിക്കുമ്പോഴും അതിന്റെ ഒരു ജാഡയും ഉണ്ടായിരുന്നില്ല. അന്നായാലും ഇപ്പോഴായാലും അദ്ദേഹത്തിന്റെ മുൻപിൽ വളരെ വിനയത്തോടെ മാത്രമേ പെരുമാറാൻ സാധിക്കുകയുളളൂ. സിനിമയിൽ തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്'- ദിവ്യ ഉണ്ണി പറഞ്ഞു.

കലാഭവൻ മണിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളോടും താരം പ്രതികരിച്ചു. 'മണിച്ചേട്ടന്റെ നായകിയാകാൻ താൽപര്യമില്ലെന്ന് പറഞ്ഞ തരത്തിൽ വിവാദങ്ങളുണ്ടായിരുന്നു. ഒരുപാട് വിമർശനങ്ങൾ അന്ന് ഉയർന്നിരുന്നു. അതിന്റെ സത്യാവസ്ഥ എനിക്കും അദ്ദേഹത്തിനും അറിയാം. ആളുകൾ ഓരോന്ന് പറഞ്ഞുക്കൊണ്ടേയിരിക്കും. അതൊന്ന് നമ്മൾ ശ്രദ്ധിക്കാതെ പോയാൽ മതി. അന്ന് സോഷ്യൽമീഡിയ ഇത്ര സജീവമല്ലായിരുന്നു. എന്നിട്ട് പോലും പല തരത്തിലുളള കാര്യങ്ങളാണ് പറഞ്ഞുണ്ടാക്കിയത്. അതിനെല്ലാം പ്രതികരിക്കാൻ നിൽക്കണ്ടെന്നാണ് അഭിപ്രായം. അതിനുളള എന്റെ പ്രതികരണം ഒരേയൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. '- താരം വ്യക്തമാക്കി.