keerthy

ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കീർത്തി സുരേഷ്. പതിനഞ്ച് വർഷം ഒപ്പം കൗണ്ടിംഗും എക്കാലവും അങ്ങനെ തന്നെ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ആന്റണി, കീർത്തിയെന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലുമാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസയറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തുകയാണ് ആന്റണി. ആദ്യമായിട്ടാണ് പ്രണയത്തെക്കുറിച്ച് കീർത്തി വെളിപ്പെടുത്തുന്നത്. ഇരുവരും വിവാഹിതരാകാൻ പോകുകയാണെന്ന് നേരത്തെ കീർത്തിയുടെ പിതാവ് സുരേഷ് കുമാർ പ്രതികരിച്ചിരുന്നു.

പതിനഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ കീ‌ർത്തിയും ആന്റണി തട്ടിലും വിവാഹിതരാകുന്നത്. ഡിസംബർ 11, 12 തീയതികളിൽ ഗോവയിലെ റിസോർട്ടിൽ വിവാഹം നടക്കുകയെന്നാണ് വിവരം. വിവാഹാഘോഷങ്ങൾ ഡിസംബർ ഒമ്പതിന് ആരംഭിക്കും. വിജയ്, ചിരഞ്ജീവി, വരുൺ ധവാൻ, ശിവകാർത്തികേയൻ, അറ്റ്‌ലി, നാനി തുടങ്ങിയ താരങ്ങൾ എത്തിച്ചേരുമെന്നാണ് വിവരം.

നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയ മകളാണ് കീർത്തി. സിനിമയിൽ അമ്മയുടെ വഴി തിരഞ്ഞെടുത്ത കീർത്തിയുടെ അരങ്ങേറ്റചിത്രം ഗീതാഞ്ജലിയായിരുന്നു.മലയാളത്തിലും തമിഴിലും തെലുങ്കിലും ശക്തമായ സാന്നിധ്യം അറിയിച്ചു. മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടുകയും ചെയ്തു. ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റവും കുറിച്ചു. ബേബി ജോൺ ഡിസംബർ 25ന് റിലീസ് ചെയ്യും.

നേരത്തെ വ്യസായിയായ ഫർഹാനുമായി കീർത്തി പ്രണയത്തിലാണെന്നും വിവാഹം വെെകാതെയുണ്ടാകുമെന്നും ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ നടി തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നാണ് താരം അന്ന് പ്രതികരിച്ചത്. പിന്നാലെ അനിരുദ്ധ് രവിചന്ദറുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു.