
ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് ബിരിയാണി. ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി, ഫിഷ് ബിരിയാണി, തലപ്പാക്കട്ടി ബിരിയാണി, ഹൈദരാബാദി ബിരിയാണി തുടങ്ങി പല രുചിയിലെ ബിരിയാണി നമ്മൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ നമ്മൾ സ്വപ്‌നത്തിൽ പോലും വിചാരിക്കാത്ത ഒരുതരം ബിരിയാണിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്. പാർലെ ജി ബിരിയാണി ഈ വിചിത്ര വിഭവം.
പാർലെ ജി ബിസ്‌കറ്റ് എന്നത് പലരുടെയും പ്രിയപ്പെട്ട ചായക്കടിയാണ്. എന്നാലിത് ബിരിയാണിയിൽ ചേർത്താലോ? ബിരിയാണി മസാലയോടൊപ്പം പാർലെ ജി ബിസ്‌കറ്റ് ചേർത്താണ് ഈ വിഭവം തയ്യാറാക്കിയിരിക്കുന്നത്. ബിരിയാണിക്ക് മുകളിലായി ടോപ്പിംഗ് പോലെ ബിസ്‌കറ്റുകൾ വിതറിയിട്ടുണ്ട്. ഒരു ഷെഫ് തന്റെ വിദ്യാർത്ഥികൾക്കായി പാർലെ ജി ബിരിയാണി ഉണ്ടാക്കിയതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. @creamycreationsbyhkr11 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ ഇതുവരെ മൂന്ന് ദശലക്ഷത്തിലധികം പേരാണ് കണ്ടത്. ഒരുലക്ഷത്തോളം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.
അതേസമയം, വീഡിയോയിൽ രൂക്ഷവിമർശനമാണ് കമന്റുകളായി ലഭിക്കുന്നത്. ഇത് ചായക്കൊപ്പം കഴിക്കണോ അത് റായ്‌ത്തക്കൊപ്പമോ, ദയവായി ഇത് അവസാനിപ്പിക്കൂ, എനിക്കിത് വിശ്വസിക്കാൻ വയ്യ, പാർലെ ജിക്ക് നീതി ലഭിക്കണം, കുട്ടികളുടെ അവസാന ക്ളാസ്, ഒറിയോ ബിരിയാണി എന്നാണ് ഉണ്ടാക്കുന്നത് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.