
ഇലക്ട്രിക് വാഹനങ്ങൾ നിരത്തിൽ ക്ലച്ചുപിടിക്കാത്തതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് കുറഞ്ഞ മൈലേജ് (റേഞ്ച്) ആണ്. ഇതിനൊപ്പം പോക്കറ്റിലൊതുങ്ങാത്ത വിലയും കൂടിയായതോടെ സാധാരണക്കാർ അടുക്കാതായി. അത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം മഹീന്ദ്ര. സാധാരണക്കാരനുപാേലും താങ്ങാനാവുന്ന വിലയും മികച്ച റേഞ്ചുമായി രണ്ട് എസ് യു വികളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. BE 6e, XEV 9e എന്നീ മോഡലുകളാണ് അവ. രണ്ടിനും 650 കിലോമീറ്ററിൽ കൂടുതലാണ് റേഞ്ച്. വിലയിലും റേഞ്ചിലും മാത്രമല്ല രൂപത്തിലും ആരെയും മോഹിപ്പിക്കും.
BE 6e ന് 18.90 ലക്ഷമാണ് എക്സ് ഷോറൂം വില. 650 കിലോമീറ്ററിൽ കൂടുതലാണ് റേഞ്ച്. 175kW DC ഫാസ്റ്റ് ചാർജർ കൊണ്ട് വെറും ഇരുപതുമിനിട്ടിൽ ബാറ്ററി 80 ശതമാനം ചാർജാവും. 59 കിലോവാട്ടിന്റെയും 79 കിലോവാട്ടിന്റെയും രണ്ട് ബാറ്ററി ഓപ്ഷനുകളിൽ വാഹനം ലഭിക്കും. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയുമുണ്ട്. 228 ബിഎച്ച്പിക്കും 281 ബിഎച്ച്പിക്കും ഇടയിലായിരിക്കും പവർ. റേഞ്ച്, എവരിഡേ, റേസ് എന്നീ മൂന്ന് മോഡുകൾ വാഹനത്തിലുണ്ടാവും.4,371 mm ആണ് നീളം. 207 mm ആണ് ഗ്രൗണ്ട് ക്ലിയറൻസ്. 455 ലിറ്ററാണ് ബൂട്ട് സ്പെയിസ്. അടുത്തവർഷം ഫെബ്രുവരിക്ക് ശേഷമാകും വാഹനം വിപണിയിൽ ലഭ്യമാകും എന്നാണ് അറിയുന്നത്.

21.90 ലക്ഷം രൂപ മുതലാണ് XEV 9eയുടെ വില ആരംഭിക്കുന്നത്. BE 6eനെക്കാൾ വലിപ്പവും കൂടുതലാണ്. 59, 79 കലോവാട്ടിന്റെ ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് ഇതിലുമുള്ളത്. ഈ ബാറ്ററികൾക്കും ലൈഫ് ടൈം വാറന്റി ലഭിക്കും. 4,789 mm ആണ് നീളം. BE 6eനെപ്പോലെ 207 mm ആണ് ഗ്രൗണ്ട് ക്ലിയറൻസ്. വണ്ടിയുടെ വലിപ്പത്തിനനുസരിച്ച് ബൂട്ടിനും വലിപ്പമുണ്ട്. 663 ലിറ്ററാണ് ബൂട്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്ററിൽ എത്താൻ വേണ്ടത് വെറും 6.8 സെക്കന്റുകൾ മാത്രം. എന്നാൽ BE 6e ന് 6.7 സെക്കന്റ് മതി.
5 ജി കണക്ടിവിറ്റിയും എഐ അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷനുകളും ഉണ്ടാവും. ലോകത്തിലെ ഏറ്റവും മികച്ച ഇൻ-കാർ ഓഡിയോ സിസ്റ്റം എന്ന് അവകാശപ്പെടുന്ന ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റമാണ് രണ്ട് എസ് യു വികളിലും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ.
തങ്ങളുടെ മറ്റ് വാഹനങ്ങളിലെന്നപോലെ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും മഹീന്ദ്ര വരുത്തിയിട്ടില്ല. എയർബാഗുകൾ, അഞ്ച് ക്യാമറകൾ അടങ്ങുന്ന 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോ പാർക്ക് ഫംഗ്ഷൻ, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിംഗ്, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്) എന്നിവയും പുതിയ വാഹങ്ങളിൽ ഉണ്ട്.
ക്യാബിൻ സ്‌പേസ് ഒപ്‌റ്റിമൈസ് ചെയ്യുന്നതിനായി പരന്ന നിലയുള്ള സ്കേറ്റ്ബോർഡ് ലേ ഔട്ട് ഈ വാഹനങ്ങളിലെ മറ്റൊരു പ്രത്യേകതയാണ്. സെമി ആക്‌റ്റീവ് സസ്‌പെൻഷൻ, ബ്രേക്ക് ബൈ വയർ സാങ്കേതികവിദ്യ, അപ്ഡേറ്റ് ചെയ്ത ഇലക്ട്രിക് പവർ സ്റ്റിയറിംഗ് സിസ്റ്റം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.