training

കൊച്ചി: അദ്ധ്യാപകർക്കായി ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന്റെ സഹകരണത്തോടെ പ്രമുഖ അദ്ധ്യാപികയും സെന്റ്. തെരേസാസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയുമായിരുന്ന ഡോ. ലതാ നായർ, 'ടീച്ചിങ് വിത്ത് പർപ്പസ്' എന്ന ഏകദിന നൈപുണ്യ പരിശീലനക്കളരി സംഘടിപ്പിക്കുന്നു. ഭാവിയിലെ അദ്ധ്യാപകരെ വാർത്തെടുക്കുകയെന്ന ജെയിൻ യൂണിവേഴ്സിറ്റിയുടെ ഉദ്യമത്തിന്റെ ഭാഗമായുള്ള ശിൽപ്പശാല ഡിസംബർ 7ന് വാരിയം റോഡിലുള്ള ലോട്ടസ് ക്ലബിലാണ് നടക്കുക. സ്‌കൂൾകോളജ് അദ്ധ്യാപകർക്കും ബി.എഡ്, എം.എഡ് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. അദ്ധ്യാപന രംഗത്തെ നവീന മാറ്റങ്ങൾ, വിദ്യാർത്ഥികൾ സഹപ്രവർത്തകർ എന്നിവരുമായി എങ്ങനെ ആരോഗ്യകരമായ ബന്ധം രൂപപ്പെടുത്താം, ഡിജിറ്റൽ അടിമത്തം ഒഴിവാക്കുന്നതെങ്ങനെ, നിയമപരവും ധാർമ്മികവുമായ അവബോധം, മികച്ച രീതിയിൽ ആശയവിനിമയം എങ്ങനെ നടത്താം തുടങ്ങിയവയിൽ മാർഗനിർദേശം ലഭിക്കും.

തൊഴിൽ രംഗത്ത് കൃത്യമായ ലക്ഷ്യബോധം കണ്ടെത്തുന്നതിനും ശാശ്വതമാറ്റം സൃഷ്ടിക്കുന്നതിനും അദ്ധ്യാപകരെ പ്രാപ്തമാക്കുന്നതിനുമാണ് ശിൽപ്പശാല രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഡോ. ലത നായർ പറഞ്ഞു. നൂതന നൈപുണ്യ ശേഷി വർദ്ധിപ്പിച്ചുകൊണ്ട് അദ്ധ്യാപകരെ മാറ്റത്തിന്റെ വക്താക്കളായി വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റിവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് അഭിപ്രായപ്പെട്ടു.

പരിശീലനം പൂർത്തിയാക്കുന്നവർക്ക് ജെയിൻ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് നൽകും. കൂടാതെ, കേംബ്രിജ് ഇംഗ്ലീഷ് സ്‌കിൽ കോഴ്സിന് 20 ശതമാനം ഡിസ്‌കൗണ്ട്, കേംബ്രിജിന്റെ ലിങ്കുവാ സ്‌കിൽ സർട്ടിഫിക്കറ്റ്, ഡോ. ലത നായർ നയിക്കുന്ന കമ്മ്യൂണിറ്റിയിലേക്കുള്ള പ്രവേശനം എന്നിവ നേടാനും അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 93886 89299, 94973 33099 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.